റെക്കോര്‍ഡ് പ്രതിഫലം; എന്നിട്ടും അന്നൊരിക്കല്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ ദീപിക വിസമ്മതിച്ചത് എന്തിന്?
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോണ്‍. സിനിമാ തിരഞ്ഞെടുപ്പുകള്‍ കൊണ്ടും അഭിനയമികവുകൊണ്ടും ആരാധകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു ദീപിക. വ്യക്തിജീവിതത്തിലും നടി ഏറെ സന്തുഷ്ടയാണ്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ വളര്‍ച്ചയിലും ദീപികയുടെ പങ്ക് നിര്‍ണ്ണായകമാണ്.
2006-ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ ഐശ്വര്യയിലൂടെയാണ് ദീപിക പദുക്കോണ്‍ സിനിമാരംഗത്ത് എത്തുന്നത്. എന്നാല്‍ നടി ശ്രദ്ധിക്കപ്പെടുന്നത് 2007-ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ്. ദീപികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബോക്‌സ്ഓഫീസ് സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം മികച്ച പ്രതികരണമാണ് ദീപികക്ക് നേടിക്കൊടുത്തത്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ദീപികയ്ക്ക് ലഭിച്ചിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ ദീപികയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വ്യത്യസ്തവും അതേസമയം അഭിനയസാധ്യതയുള്ളതുമായ കഥാപാത്രങ്ങളെയാണ് ദീപിക കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്. താരപദവിയില്‍ ഇരുന്ന് ഈ തിരഞ്ഞെടുപ്പ് അസാധ്യമെങ്കിലും തനിക്ക് ഇഷ്ടപ്പെടുന്ന കഥയും കഥാപാത്രങ്ങളും മാത്രമേ എപ്പോഴും ദീപിക പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളൂ.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ദീപിക. ദീപികയുടെ കരിയറിന്റെ തുടക്കകാലത്ത് ഒരിക്കല്‍ ഒരു ഐറ്റം നമ്പര്‍ ഡാന്‍സില്‍ തിളങ്ങാന്‍ അവസരം ലഭിച്ചിരുന്നു. മൂന്നര കോടി രൂപയ്ക്കായിരുന്നു ദീപികയെ പരിപാടിയ്ക്കായി അന്ന് സംഘാടകര്‍ സമീപിച്ചത്. ഹാര്‍ലി ഡേവിഡ്‌സണിന്റെ ഒരു ലൈവ് പരിപാടിയ്ക്ക് വേണ്ടിയായിരുന്നു ഐറ്റം നമ്പര്‍ ചെയ്യാന്‍ കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ വന്‍ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ദീപിക ആ പരിപാടി ഏറ്റെടുത്തില്ല. അന്ന് ദേസി ബോയ്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് തിരക്കുകളുണ്ടെന്ന കാരണം പറഞ്ഞ് ആ പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍വാങ്ങി.
എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് തൊട്ടുപിന്നാലെ തന്നെ ദം മാരോ ദം എന്ന ഗാനത്തിലൂടെ തന്റെ ആദ്യ ഐറ്റം ഡാന്‍സ് നടത്തി ദീപിക പദുക്കോണ്‍. ദീപികയുടെ നൃത്തച്ചുവടുകളും ഈ ഫാസ്റ്റ് നമ്പര്‍ റീമിക്‌സ് ഗാനവും അന്ന് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പഴയ ഹിറ്റ് ഗാനത്തെ വികൃതമാക്കിയെന്ന് ആരോപിച്ച് ബോളിവുഡിലെ തന്നെ പ്രമുഖര്‍ ഈ ഗാനത്തിനെതിരെ രംഗത്തു വന്നതും വാര്‍ത്തയായിരുന്നു. അഭിഷേക് ബച്ചനും ബിപാഷ ബസുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ദം മാരോ ദം എന്ന ഈ ചിത്രത്തിലെ പാട്ടുരംഗത്തില്‍ മാത്രമാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.

ആമസോണ്‍ പ്രൈമില്‍ അടുത്തിടെ പുറത്തിറങ്ങിയ ഗെഹ്‌രിയാന്‍ ആയിരുന്നു ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ താരം. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഹൃത്വിക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും ദീപിക തന്നെയാണ് നായിക.


Click it and Unblock the Notifications