തന്റെ പിതാവിനോട് മാപ്പ് പറയണമെന്ന് ദിലീപ് കുമാറിനോട് കരഞ്ഞ് അഭ്യർത്തിച്ചിരുന്നു മധുബാല, നടക്കില്ലെന്ന് നടനും
ബോളിവുഡ് സിനിമ മേഖലയിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായിരുന്നു മുതിർന്ന നടി മധുബാല. സ്വാതന്ത്ര്യാനന്തര കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരാൾ കൂടിയായിരുന്നു താരം. ബോളിവുഡിൽ മുതിൽന്ന നടൻ ദിലീപ് കുമാറുമായുള്ള ജോഡി ഇപ്പോഴും ഐതിഹാസികമായാണ് പ്രേക്ഷകർ കാണുന്നത്. സിനിമയിൽ പ്രണയിനിയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയെങ്കിലും നടിയുടെ യഥാര്‍ഥജീവിതം അത്ര മനോഹരമായിരുന്നില്ല. നഷ്ടപ്രണയങ്ങളുടെ ബാക്കിപത്രമായിരുന്നു അവരുടെ ജീവിതം.
നടിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചതും വിമർശനങ്ങൾ കൊണ്ട് നിറഞ്ഞതുമായിരുന്നു നടൻ ദിലീപ് കുമാറുമായുള്ള പ്രണയം. അവരുടെ പ്രണയകഥ ഇപ്പോഴും ആരാധകർക്കിടയിൽ വളരെ ജനപ്രിയമാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയം വിവാഹത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറുന്നത്. മധുബാലയുടെ പിതാവ് അത്താഉള്ളാ ഖാൻ്റെ ഇടപെടലാണ് തങ്ങൾ വേർപിരിയാൻ കാരണമെന്ന് ദിലീപ് കുമാറിൻ്റെ ആത്മകഥയിൽ പറഞ്ഞിരുന്നു.
1957-ൽ ബിആർ ചോപ്രയുടെ 'നയാ ദൗർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മധുബാലയ്ക്ക് ഗ്വാളിയാറിനടുത്തുള്ള ഒരു സ്ഥലത്തായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ ആൾക്കൂട്ടം ആക്രമിച്ച് വസ്ത്രം വലിച്ചുകീറിയ സംഭവം ഉണ്ടായിരുന്നു. അതിന് ശേഷം മുതൽ നടിയുടെ പിതാവ് അത്താഉള്ളാ ഖാൻ സിനിമയുടെ ചിത്രീകരണത്തിനായി നടിയെ നഗരത്തിന് പുറത്ത് പോകാൻ അനുവദിച്ചിരുന്നില്ല.

ഇതേത്തുടർന്ന് സംവിധായകൻ ബിആർ ചോപ്ര മധുബാലക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കരാര്‍ ചെയ്ത ചിത്രത്തില്‍ നിന്ന് മധുബാല പിന്മാറിയത് കാരണം ചിത്രീകരണം മുടങ്ങിപ്പോയെന്നും സാമ്പത്തിക ബാധ്യതയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ പരാതി നല്‍കിയത്. കേസ് കോടതിയിലെത്തിയപ്പോൾ ദിലീപ് കുമാർ മധുബാലക്കെതിരെ മൊഴി പറയുകയും ചെയ്തു. ഇതോടെ മധുബാല കേസിൽ തോൽക്കേണ്ടി വന്നിരുന്നു.
പിന്നീട് താനുമായുളള വിവാഹം നടക്കണമെങ്കിൽ പിതാവിനോട് മാപ്പ് പറയണമന്ന് മധുബാല ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. പക്ഷെ ദിലീപ് അതിന് തയ്യാറായിരുന്നില്ല. അതോട് കൂടി ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിപ്പിക്കുകയായിരുന്നു മധുബാല. എന്നാല്‍, മധുബാലയുടെ സഹോദരി മധൂര്‍ ഭൂഷണ്‍ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, 'കോടതിയിൽ കേസ് നടന്നില്ലായിരുന്നുവെങ്കിൽ മധുബാല ദിലീപിനെ വിവാഹം കഴിക്കുമായിരുന്നു' എന്നാണ്.
പഴയകാര്യങ്ങൾ മറന്ന് അവരുടെ പ്രണയ ബന്ധത്തെ ഓർത്ത് പിതാവിനോട് ക്ഷമ പറയണമെന്നും മധുബാല ദിലീപിനോട് പറഞ്ഞിരുന്നു. എന്നാൽ ദിലീപ് അതിന് തയ്യാറായിരുന്നില്ലെന്ന് സഹോദരി പറഞ്ഞു.
മധുബാല പിന്നീട് ഗായകനായ കിഷോർ കുമാറിനെ വിവാഹം കഴിച്ചു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം മധുബാലക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ തുടങ്ങി. തുടർന്ന് മധുബാലയുടെ ചികിത്സയ്ക്കായി ഇരുവരും ലണ്ടനിലേക്ക് പോയി. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് ശസ്ത്രക്രിയ നടന്നില്ല. തിരികെ ഇന്ത്യയിലേക്ക് മടങ്ങി വന്നു.
പിന്നിട് മധുബാലയുമായി അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ കിഷോർ അവരുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി. ഒമ്പത് വർഷത്തിന് ശേഷം ദിലീപ് കുമാർ സൈറ ബാനുവിനെ വിവാഹം കഴിച്ച സമയത്താണ് മധുബാലയുടെ മരണം.
ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് മധുബാല കുറച്ച് കാലം ജീവിതം തള്ളിനീക്കിയത്. 1969-ന്റെ തുടക്കം മുതലെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുബാലയ്ക്ക് ഹെമറ്റൂറിയയും സ്ഥിരീകരിച്ചു. 1969 ഫെബ്രുവരി 22-ന് അര്‍ധരാത്രിയിൽ ഹൃദയാഘാതം ഉണ്ടാവുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മധുബാല മരണത്തിന് കീഴടങ്ങുകയുമായിരന്നു.


Click it and Unblock the Notifications











