ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ പ്രദര്‍ശനം തുടരും
ബോളിവുഡിലെ ഒരു കാലത്തെ പ്രണയ ജോഡികളായ ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ തിയറ്ററിലെ തിരശ്ശീലയില്‍ നിന്നും ഒരിക്കലും മായില്ല. മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ 19 വര്‍ഷം ആണ് ഈ സൂപ്പര്‍ ഹിറ്റ് പ്രണയ ചിത്രം പ്രദര്‍ശിപ്പിച്ചത്. മാസങ്ങള്‍ പോലും തിയറ്ററില്‍ ഓടാതെ ചിത്രങ്ങള്‍ പുറത്താകുന്ന ഇന്നത്തെ കാലത്ത് ബോളിവുഡ് ചരിത്രത്തിന്റെ നാഴികക്കല്ലില്‍ എഴുതി ചേര്‍ക്കേണ്ട ഒരു വാര്‍ത്തയാണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ എന്ന ചിത്രം നല്‍കിയിരിക്കുന്നത്.
സിനിമ കാണാന്‍ ആളുകള്‍ കുറയുന്ന സാഹചര്യത്തില്‍ മറാത്ത മന്ദിര്‍ തിയറ്ററില്‍ നിന്നു ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. ഇനിയും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുമെന്നും തിയറ്റര്‍ അധികൃതര്‍ അറിയിച്ചു. തിയറ്റര്‍ ഉടമ തന്നെയാണ് നേരത്തെ ചിത്രം പിന്‍വലിക്കുന്ന കാര്യം പുറത്തുവിട്ടത്.

1995ല്‍ പുറത്തിങ്ങിയ ചിത്രം ആണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ . ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം എന്ന റെക്കോര്‍ഡും ഈ ചിത്രം കരസ്ഥമാക്കിയിരിക്കുകയാണ്. മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ ദിവസവും രാവിലെ 11.15 ആണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഈ വാര്‍ത്ത ഏവരിലും കൗതുകം ഉണര്‍ത്തുന്ന ഒന്നായിരുന്നു.
ഇന്നും ചിത്രത്തിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നത് ഒരു സംവിധായകന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ്. ഷാരൂഖ്-കാജോള്‍ താര ജോഡികളെ ജനങ്ങള്‍ അത്രയ്ക്കു നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണിത്. ഒരു തലമുറ മുഴുവന്‍ ചിത്രം കണ്ടു കഴിഞ്ഞു. ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങിയത്.


Click it and Unblock the Notifications











