നടിയുമായി പ്രണയത്തിലാകുമ്പോള്‍ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനും; രഹസ്യമായി രണ്ടാം വിവാഹം
ബോളിവുഡിലെ പ്രശസ്ത സംവിധായകന്മാരിലൊരാളാണ് കുക്കു കൊഹ്‌ലി. അജയ് ദേവ്ഗണ്‍ നായകനായെത്തിയ ഫൂല്‍ ഓര്‍ കാണ്ഡേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മുന്‍നിര സംവിധായകപദവിയിലേക്കുയര്‍ന്നത്. 2004-ല്‍ പുറത്തിറങ്ങിയ വോ തേരാ നാം താ എന്ന സിനിമയാണ് ഒടുവില്‍ അദ്ദേഹം സംവിധാനം ചെയ്തത്. ദീര്‍ഘനാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന കുക്കു കൊഹ്‌ലി ഒരു വമ്പന്‍ പ്രോജക്ടുമായി ഉടനെത്തുമെന്നാണ് ബിടൗണ്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോളിവുഡിലെ മുന്‍കാല നായിക അരുണ ഇറാനിയാണ് കുക്കു കൊഹ്‌ലിയുടെ ഭാര്യ. വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായിരിക്കുന്ന സമയത്താണ് കുക്കു കൊഹ്‌ലി അരുണ ഇറാനിയുമായി പ്രണയത്തിലാകുന്നതും തമ്മില്‍ അടുക്കുന്നതും. എന്നാല്‍ ഏറെ വൈകാതെ ഇരുവരും രഹസ്യമായി വിവാഹിതരായി. 1990-ല്‍ വിവാഹിതരായ ഇരുവരും ഏറെക്കാലം ഇക്കാര്യം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെച്ചിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തങ്ങളുടെ വിവാദമായ വിവാഹജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരുന്നു.

'പരിചയപ്പെടുമ്പോള്‍ വിവാഹിതനാണെന്നുള്ള കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. പ്രണയത്തിലായി ഏറെനാള്‍ കഴിഞ്ഞാണ് ഇക്കാര്യം അറിയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും ഞാന്‍ മാധ്യമങ്ങളോട് വിസ്തരിക്കുന്നത് ശരിയല്ലല്ലോ. ഇതുപോലും ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി എന്ന കാരണത്താലാണ്.' അരുണ ഇറാനി പറയുന്നു.
രണ്ട് കുടുംബങ്ങളെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ചോദ്യത്തിന് അതത്ര എളുപ്പവുമല്ല എന്നാല്‍ ബുദ്ധിമുട്ടുമില്ല എന്നായിരുന്നു കുക്കു കൊഹ്‌ലിയുടെ പ്രതികരണം. നമ്മള്‍ എങ്ങനെ മാനേജ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റിത കൊഹ്‌ലിയെയാണ് കുക്കു കൊഹ്‌ലി ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളാണുള്ളത്. 2021-ല്‍ റിതു കൊഹ്‌ലി അന്തരിച്ചു.


Click it and Unblock the Notifications











