രണ്ടാം വിവാഹത്തിന് ശേഷവും ദിവ്യയുടെ ഫോട്ടോ സൂക്ഷിച്ച ഭർത്താവ്; ചുരുളഴിയാത്ത മരണവും രഹസ്യ വിവാഹവും
ഇന്ത്യൻ സിനിമയിൽ ശ്രീദേവിക്ക് ശേഷം ഉയർന്ന് വരുന്ന നടിയായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. ശ്രീദേവിയുമായി രൂപ സാദൃശ്യമുള്ളതിനാൽ തന്നെ പലപ്പോഴും ശ്രീദേവിക്ക് പകരക്കാരിയായാണ് ദിവ്യ ഭാരതിയെ കണ്ടത്. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനിൽക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാൾ നിലനിന്നു.
കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998 ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകൾ ഇന്നും തുടരുന്നു. 16ാം വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വർഷം മാത്രമേ കരിയറിൽ നിന്നുള്ളൂ. എന്നാൽ ഇന്നും നടി ഓർമ്മിക്കപ്പെടുന്നു.
അക്കാലത്ത് പ്രതിഫലക്കാര്യത്തിലും ദിവ്യ ഭാരതി മുന്നിലായിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴുള്ള മരണം ഏവർക്കും ഞെട്ടലായി. നടി അഭിനയിച്ച് കൊണ്ടിരുന്ന സിനിമകൾ മുടങ്ങി. ഇവയിലേക്ക് പകരം നായികമാരെത്തി. ലാഡ്ല ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രീദേവി നായികയാവുന്നത് ദിവ്യ ഭാരതിയുടെ മരണത്തോടെയാണ്.

ദിവ്യ ഭാരതിയുടെ വ്യക്തി ജീവിതം സംബന്ധിച്ചും ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫിലിം മേക്കർ സാജിദ് നാദിയാ വലയായിരുന്നു ദിവ്യ ഭാരതിയുടെ ഭർത്താവ്. ഇരുവരും വീട്ടുകാരുടെ എതിർപ്പ് മൂലം രഹസ്യമായാണ് വിവാഹം നടത്തിയത്. ദിവ്യക്ക് 18 വയസ്സായപ്പോൾ തന്നെ വിവാഹവും നടന്നു. വിവാഹ ശേഷം നടി മതം മാറിയെന്നും പേര് സന നാദിയത്വാല എന്നാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ദിവ്യ മരിച്ചു. സാജിദിനെ ഇത് വലിയ രീതിയിൽ ബാധിച്ചു. പിന്നീട് ചെയ്ത സിനിമകളെല്ലാം അദ്ദേഹം തന്റെ പ്രിയതമയ്ക്കായി സമർപ്പിച്ചു. ജേർണലിസ്റ്റായ വർദ ഖാനെയാണ് സാജിദ് പിന്നീട് വിവാഹം ചെയ്തത്. ദിവ്യ ഭാരതിയുടെ ഫോട്ടോ ഭർത്താവ് ഇപ്പോഴും പഴ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് വർദ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

സാജിദിനെക്കുറിച്ചുള്ള പുതിയ വിവരമാണിപ്പോൾ പുറത്ത് വരുന്നത്. മുംബൈയിൽ ജുഹുവിൽ 31 കോടിയുടെ സ്ഥലം വാങ്ങിയിരിക്കുകയാണത്രെ സാജിദ്. തന്റെ പ്രൊഡക്ഷൻ കമ്പനിക്കായാണിത്. നാദിയത്വാല ഗ്രാന്റ്സൺസ് എന്റെർടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയാണ് സാജിദ്.
സത്യ പ്രേം കി കഥ എന്ന സിനിമയാണ് ഇദ്ദേഹം പുതിയതായി നിർമ്മിക്കാൻ പോവുന്നത്. കാർത്തിക് ആര്യൻ കിയര അദ്വാനി എന്നിവരാണ് സിനിമയിലെപ്രധാന താരങ്ങൾ. ഇതിനകം 200 ഓലം സിനിമകൾ നാദിയത്വാല ഗ്രാന്റ്സൺസ് എന്റെർടെയ്ൻമെന്റ് നിർമ്മിച്ചിട്ടുണ്ട്. ബാഗി, ജഡ്വ, ഹൗസ്ഫുൾ തുടങ്ങിയ സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യ സിനിമയായ സുലം കി ഹുകുമത് എന്ന ചിത്രം നിർമ്മിക്കുമ്പോഴാണ് ദിവ്യ ഭാരതിയെ ആദ്യമായി ഇദ്ദേഹം നേരിൽ കാണുന്നത്.
പിന്നീട് ഇവർ സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്തു. കരിയറിൽ ഏറെനാൾ താരമായി തിളങ്ങേണ്ട നടിയായിരുന്നു ദിവ്യ ഭാരതി. തെന്നിന്ത്യൻ സിനിമകളിൽ നിന്നുമാണ് ദിവ്യ ഭാരതി ഹിന്ദിയിലേക്ക് കടക്കുന്നത്. മരണത്തിൽ പോലും ശ്രീദേവിയും ദിവ്യയും തമ്മിൽ സമാനതകൾ ഉണ്ടായിരുന്നെന്നത് കൗതുകകരമാണ്. 2018 ലാണ് ശ്രീദേവി മരിക്കുന്നത്.
സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ബന്ധുവിന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു നടി. ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു.


Click it and Unblock the Notifications











