'വിവാഹം കഴിക്കരുത്... കരിയർ അവസാനിക്കും... എപ്പോഴും ഹൃദയം പറയുന്നതനുസരിച്ച് ജീവിക്കുക'; കരീന കപൂർ പറഞ്ഞത്!
പലരുടെയും സ്വപ്നസുന്ദരിയായിരുന്നു ഒരു കാലത്ത് ബോളിവുഡിൽ നായികയായി തിളങ്ങി നിന്നിരുന്ന കരീന കപൂർ. നാൽപ്പത്തിരണ്ടുകാരിയായ സിനിമ ചെയ്യുന്ന കാര്യത്തിൽ ഇപ്പോൾ വളരെ സെലക്ടീവാണ്. പക്ഷെ സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇരുപത് വർഷത്തിലേറെയായി അഭിനയത്തിൽ സജീവമായ താരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ആമിർ ഖാൻ ടൈറ്റിൽ റോൾ ചെയ്ത ലാൽ സിങ് ഛദ്ദയാണ്.
നടൻ സെയ്ഫ് അലി ഖാനെയാണ് വളരെ നാളത്തെ പ്രണയത്തിന് ശേഷം കരീന വിവാഹം ചെയ്തത്. നേരത്തെ വിവാഹം ചെയ്ത് രണ്ട് മുതിർന്ന കുട്ടികളുടെ പിതാവായ സെയ്ഫിനെ കരീന വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ ആരാധകർക്ക് താൽപര്യമില്ലായിരുന്നു.
അമൃത സിങുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് കരീനയെ സെയ്ഫ് വിവാഹം ചെയ്തത്. അതേസമയം വിവാഹിതയാകാൻ താൻ തീരുമാനിച്ചപ്പോൾ തനിക്ക് കിട്ടിയ ഉപദേശങ്ങളെ കുറിച്ച് കരീന മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കരുതെന്നും കഴിച്ചാൽ കരിയർ അവസാനിക്കുമെന്നുമാണ് ഏറ്റവും കൂടുതൽ ഉപദേശം കിട്ടിയതെന്ന് കരീന പറയുന്നു.

'ഞാൻ എപ്പോഴും എന്റെ ഹൃദയത്തെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആളുകൾ എന്നോട് പറഞ്ഞു നിങ്ങളുടെ കരിയർ അവസാനിക്കുമെന്ന്. ഒരു നിർമ്മാതാവും നിങ്ങളെ അവരുടെ സിനിമകളിൽ എടുക്കില്ലെന്നും നിങ്ങൾക്ക് ജോലിയൊന്നും ലഭിക്കില്ലെന്നും പലരും പറഞ്ഞു.'
'എന്നാൽ വിവാഹത്തിന് ശേഷം ഞാൻ വളരെയധികം ജോലി ചെയ്യുന്നു. ചിലപ്പോൾ എനിക്ക് കൂടുതൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന് ഞാൻ തന്നെ പറയേണ്ട അവസ്ഥ വരാറുണ്ടെന്നും', കരീന പറഞ്ഞു. 2012ലായിരുന്നു നടൻ സെയ്ഫ് അലി ഖാനുമായുള്ള കരീന കപൂറിന്റെ വിവാഹം നടന്നത്. തലാഷ്, കി ആൻഡ് കാ, സത്യാഗ്രഹ, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ നിരവധി ഹിറ്റുകൾ ഉള്ള അഭിനേത്രിയാണ് കരീന.
പലതും താരത്തിന് ലഭിച്ചത് വിവാഹശേഷമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 'ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കില്ല. ഞാൻ മുമ്പത്തേതിനേക്കാൾ കൂടുതൽ ജോലി ചെയ്യുന്നു. തുടർന്നും ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും എന്റെ ഹൃദയത്തെ പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചതെന്നും', കരീന കൂട്ടിച്ചേർത്തു.
റേഡിയോ അവതാരകയായി അരങ്ങേറ്റം കുറിച്ച സമയത്തെ അനുഭവങ്ങളും കരീന കപൂർ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും റേഡിയോ മേഖല എക്സ്പ്ലോർ ചെയ്തിട്ടില്ലാത്തതിനാൽ ഇഷ്‌ക് 104.8 എഫ്‌എമ്മിൽ അവസരം നേടിയപ്പോൾ തനിക്ക് പരിഭ്രാന്തിയായിരുന്നുവെന്നും കരീന പറയുന്നു.

രണ്ട് ആൺകുഞ്ഞുങ്ങളാണ് കരീനയ്ക്കുള്ളത്. ഗർഭകാലത്തെ വിശേഷങ്ങളും അനുഭവങ്ങളും പുസ്തക രൂപത്തിലും മറ്റും കരീന വിപണിയിൽ എത്തിച്ചിട്ടുണ്ട്. പ്രഗ്നന്‍സി ബൈബിള്‍ എന്ന് പേരിട്ടിരുന്ന പുസ്തകത്തില്‍ തൈമൂറിനെയും ജെയേയും ഗര്‍ഭം ധരിച്ച സമയത്തുള്ള അനുഭവങ്ങളും ആ യാത്രയില്‍ കുടുംബവും സുഹൃത്തും നല്‍കിയ ഉപദേശങ്ങളും പിന്തുണയുമെല്ലാം കരീന പറയുന്നുണ്ട്.
മാത്രമല്ല തന്റെ അമ്മായി അമ്മ പറഞ്ഞ ഉപദേശത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. മകനുണ്ടായതിന് ശേഷവും താന്‍ ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരില്‍ തന്റെ അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നും എനിക്കിഷ്ടമുള്ളത് അതെന്തായാലും ആത്മവിശ്വാസത്തോടെ ചെയ്യണം എന്നായിരുന്നു അമ്മയുടെ ഉപദേശമെന്നും കരീന പറഞ്ഞിരുന്നു.
സെയ്ഫിന്റെ ആദ്യ ഭാര്യയിലെ മക്കളായ സാറയും ഇബ്രാഹിമുമാണ് കരീനയുടെ മക്കളായ തൈമൂറിന്റെയും ജെയുടേയും ഏറ്റവും നല്ല സുഹൃത്തുക്കൾ.


Click it and Unblock the Notifications