സോനം കപൂറിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍! ബോളിവുഡിലെ രണ്ടാമത്തെ ചിത്രം, സോയ ഫാക്ടര്‍ റിലീസ് തീരുമാനിച്ചു
ഒന്നര വര്‍ഷത്തെ ഇടവേയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചൊരു മലയാള ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങറ്റം നടത്തിയത്. വീണ്ടും ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കാര്‍വാന് ശേഷം ദുല്‍ഖര്‍ നായകനാവാനുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍.
സോനം കപൂര്‍ നായികയായിട്ടെത്തുന്ന ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തും. നേരത്തെ പല തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ റിപ്പോര്‍ട്ട് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സോയ ഫാക്ടറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും സോനം കപൂറുമാണ് സിനിമയുടെ റിലീസിനെ കുറിച്ച് വ്യക്തമാക്കിയത്.

അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. സിനിമയുടെ ഇതിവൃത്തവും ഇതാണ്. സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണയം പ്രമേയമായി വരുന്ന സിനിമ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ശ്രദ്ധേയമായിരുന്നു. സോയ ഫാക്ടറില്‍ അഭിനയിക്കുന്നതിന് വേണ്ടി ദുല്‍ഖര്‍ മലയാളത്തില്‍ നിന്നും വലിയൊരു ഇടവേള എടുത്തിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട ഗ്യാപ്പിന് ശേഷം ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രം ഏപ്രില്‍ അവസാനമാണ് തിയറ്ററുകളിലേക്ക് എത്തിയത്. അഭിനയത്തിന് പുറമേ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications