പാർട്ടികളിൽ മദ്യപിച്ചിട്ടുണ്ട്, പക്ഷെ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞു; ഏറെ വിഷമിച്ചെന്ന് ഇഷ ഡിയോൾ
ബോളിവുഡ് പ്രേക്ഷകർ ഇന്നും ഇഷ ഡിയോളിനെ ഓർക്കുന്നത് ധൂം നായികയാണ്. സൂപ്പർഹിറ്റായ ചിത്രത്തിൽ മികച്ച വേഷമാണ് ഇഷ ചെയ്തത്. താര ദമ്പതികളായ ധർമ്മേന്ദ്രയുടെയും ഹേമ മാലിനിയുടെയും മകളാണ് ഇഷ ഡിയോൾ. താരപുത്രിയാണെങ്കിലും ബോളിവുഡിലെ മുൻനിര നായിക നടിയായി മാറാൻ ഇഷയ്ക്ക് കഴിഞ്ഞില്ല. കരിയറിലെ തിരക്കുകൾക്കിടെ വിവാഹവും നടന്നു. മകൾ നേരത്തെ വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കണമെന്നത് ധർമ്മേന്ദ്രയുടെ ആഗ്രഹമായിരുന്നു. 2012 ലായിരുന്നു ഇഷയും ബിസിനസുകാരൻ ഭാരത് തക്താനിയും തമ്മിലുള്ള വിവാഹം.
എന്നാൽ കഴിഞ്ഞ വർഷം ഇവർ വേർപിരിഞ്ഞു. ബോളിവുഡിൽ താരങ്ങളെക്കുറിച്ച് ഗോസിപ്പുകൾ പതിവാണ്. ഒരു കാലത്ത് ഇഷ ഡിയോളിനെക്കുറിച്ചും ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. ഇത് നടിയെ ബാധിച്ചിരുന്നു. അമ്മ ഹേമ മാലിനിയുടെ ബയോഗ്രഫിയിലാണ് ഇഷ ഡിയോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 2010 ൽ താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് തെറ്റായ റിപ്പോർട്ടുകൾ വന്നു. ഉടൻ തന്നെ ഇഷയെ റീഹാബിലേഷൻ സെന്ററിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകൾ വന്നു. ഇത് തന്നെ ഏറെ വിഷമിപ്പിക്കുകയും വിഷാദത്തിലാക്കുകയും ചെയ്തെന്ന് നടി പറയുന്നു.

മയക്കുമരുന്ന് ഞാൻ തൊട്ടിട്ടേയില്ല. ഈ ആർട്ടിക്കിൾ വന്ന സമയത്ത് ഞാൻ ഏറെ വിഷമിച്ചു. വിഷാദത്തിലായി. താൻ ലഹരി ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കാൻ അമ്മയ്ക്ക് തന്റെ രക്തം പരിശോധിച്ച് നോക്കാമെന്ന് പോലും താൻ പറഞ്ഞിരുന്നെന്ന് ഇഷ ഡിയോൾ ഓർത്തു. അച്ഛനെയും അമ്മയെയും നാണം കെടുത്തുന്ന ഒന്നും ഞാനൊരിക്കലും ചെയ്തിട്ടില്ല.
ഞാൻ പാർട്ടികളിൽ പോയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ഡ്രിങ്ക്സ് കഴിച്ചിട്ടുമുണ്ട്. അത് അതിന് പറ്റിയ പ്രായവും സമയവുമായിരുന്നു. ആ പ്രായത്തിൽ എല്ലാവരും പാർട്ടികൾക്ക് പോകുകയും ഡ്രിങ്ക്സ് കഴിക്കുകയും ചെയ്യും. പക്ഷെ തനിക്ക് ജനശ്രദ്ധയുണ്ടായിരുന്നെന്നും ഇഷ ഡിയോൾ
ചൂണ്ടിക്കാട്ടി. സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോൾ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് ഇഷ ഡിയോൾ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.

ആദ്യ സിനിമയിറങ്ങിയ സമയത്ത് പതിനെട്ട് വയസ് മാത്രമാണ് പ്രായം. തനിക്ക് വണ്ണമുണ്ടെന്ന് പറഞ്ഞ് ബോഡി ഷെയ്മിംഗ് നേരിട്ടു. തുടക്കക്കാരിയായ തന്നെ 200 ലേറെ സിനിമകൾ ചെയ്ത അമ്മയുമായി താരതമ്യം ചെയ്തെന്നും ഇഷ ഡിയോൾ ഓർത്തു. 2002 ൽ പുറത്തിറങ്ങിയ കോയി മേരെ ദിൽ സെ പൂച്ഛ എന്ന സിനിമയിലൂടെയാണ് ഇഷ ഡിയോൾ അഭിനയരംഗത്തേക്ക് കടക്കുന്നത്. സിനിമ പരാജയപ്പെട്ടു. ഇഷ ഡിയോളിന്റെ പെർഫോമൻസും വിമർശിക്കപ്പെട്ടു.
എന്നാൽ പിന്നീട് ചെയ്ത സിനിമകളിലൂടെ ജനപ്രീതി നേടാനായി. കരിയറിൽ നിന്ന് കുറച്ച് കാലം മാറി നിന്നെങ്കിലും പിന്നീട് നടി തിരിച്ചെത്തി. ഇഷയുടെ അമ്മ ഹേമ മാലിനി ഇന്ന് രാഷ്ട്രീയത്തിലാണ് ശ്രദ്ധ നൽകുന്നത്. പിതാവ് ധർമ്മേന്ദ്ര ഏറെക്കാലത്തിന് ശേഷം 2023 ൽ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചു.


Click it and Unblock the Notifications











