സുസ്മിത സെൻ- ലളിത് മോദി പ്രണയം; പ്രതികരണവുമായി മുൻ കാമുകൻ റൊഹ്മാൻ
സുസ്മിത സെൻ-ലളിത് മോദി വിഷയം ബി ടൗണിലെ ചൂടുള്ള ചർച്ചാ വിഷയമായിരിക്കുകയാണ്. തങ്ങൾ പ്രണയത്തിലാണെന്നാണ് ലളിത് മോദി പറയുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഇദ്ദേഹം പുറത്തു വിട്ടു. മറുവശത്ത് സുസ്മിത തന്റെ വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞിട്ടില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടമുണ്ട്.
ഏറെ അഭ്യൂഹങ്ങൾ ഉയർന്നു വന്നതോടെയാണ് സുസ്മിത വിഷയത്തിൽ വിശദീകരണം നൽകിയത്. ലളിത് മോദിയുടെ പേര് സുസ്മിത എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തങ്ങൾ പ്രണയത്തിലാണെന്ന് തന്നെയാണ് സുസ്മിത പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ ലളിത് മോദിക്കും സുസ്മിതക്കും ആശംസകളറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുസ്മിതയുടെ മുൻ കാമുകനായ റൊഹ്മാൻ ഷോൾ. ഇരുവർക്കും ആശംസകളിയിച്ച മോഡൽ സ്നേഹം മനോഹരമാണെന്നും എല്ലാവരും അവരുടെ കാര്യത്തിൽ സന്തോഷിക്കണമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലാണ് സുസ്മിതയുമായുള്ള ബന്ധം റൊഹ്മാൻ അവസാനിപ്പിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

2018 ൽ തുടങ്ങിയ പ്രണയാണ് ഇരുവരും അവസാനിപ്പിച്ചത്. ഇതിന് ശേഷമാണ് സുസ്മിത ലളിത് മോദിയുമായി അടുക്കുന്നതെന്നാണ് വിവരം. നേരത്തെ റെഹ്മാൻ-സുസ്മിത പ്രണയം തകരാൻ കാരണം ലളിത് മോദിയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് തെറ്റാണെന്നും ഇവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു സുസ്മിത-റൊഹ്മാൻ പ്രണയം. 28 കാരനായ റൊഹ്മാൻ 40 കഴിഞ്ഞ സുസ്മിതയെ പ്രണയിച്ചത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സുസ്മിതയുടെ കുടുംബവുമായും അടുത്ത ബന്ധമായിരുന്നു റൊഹ്മാന്.

സുസ്മിതയുടെ സഹോദരന്റെ വിവാഹ സമയത്തും റൊഹ്മാന്റെ സാന്നിധ്യമുണ്ടായിരുന്നു.സുസ്മിതയുടെ പെൺമക്കളുമായും നല്ല ബന്ധമായിരുന്നു റൊഹ്മാന്. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വരാതായി. ഇതോടെ ഉയർന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുസ്മിത തങ്ങൾ പിരിഞ്ഞ കാര്യം വ്യക്തമാക്കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് സുസ്മിത റൊഹ്മാനെ പരിചയപ്പെടുന്നത്. റൊഹ്മാന് അയച്ച സന്ദേശത്തിന് സുസ്മിത മറുപടി നൽകിയതോടെ ഇരുവരും തമ്മിൽ സൗഹൃദം ഉടലെടുക്കുകയും ഇത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
അതേസമയം ലളിത് മോദിയോടൊപ്പമുള്ള ചിത്രം സുസ്മിത ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ ലളിത് മോദി സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് സുസ്മിത വിഷയത്തിൽ വ്യക്തത വരുത്തിയത്.
'ഞാൻ സന്തോഷത്തിലാണിപ്പോൾ. വിവാഹം കഴിഞ്ഞിട്ടുമില്ല, മോതിരമണിയിച്ചിട്ടുമില്ല. അനിയന്ത്രിതമായ സ്നേഹത്തിൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. മതിയായ വിശദീകരണം നൽകിയിട്ടുണ്ട്. എല്ലാവരും അവരുടെ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങുക. സന്തോഷം പങ്കുവെക്കുന്നവരോട് നന്ദി. അല്ലാത്തവരോട് ഇത് നിങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ല,' എന്നാണ് സുസ്മിതയുടെ പോസ്റ്റ്.


Click it and Unblock the Notifications