'എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാനാണ് തോന്നിയത്'; വിവാഹ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഫറ ഖാൻ!
സംവിധായിക, കോറിയോഗ്രാഫർ എന്നി നിലകളിൽ പ്രശസ്തയാണ് ബോളിവുഡ് താരം ഫറ ഖാൻ. ഫറാ ഖാൻ ഫിലിം എഡിറ്റർ ഷിരിഷ് കുന്ദറിനെ 2004ആണ് വിവാഹം ചെയ്തത്. വിവാഹത്തിന്റെ ആദ്യ വർഷത്തിൽ തനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അവരുടെ വീട്ടിൽ നിന്ന് ഒളിച്ചോടാൻ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഫറ ഖാൻ ഇപ്പോൾ.
എല്ലാം നർമ്മം കലർത്തി സംസാരിക്കുന്ന പ്രതിഭ കൂടിയാണ് ഫറ ഖാൻ. ഹിന്ദു-മുസ്ലിം ആചാരങ്ങൾ അനുസരിച്ചാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 2008 ഫെബ്രുവരി 11ന് മൂന്ന് കുട്ടികൾ ജനിച്ചിരുന്നു.

അമ്പത്തിയേഴുകാരിയായ ഫറയെക്കാൾ എട്ട് വയസിന് ഇളയതാണ് ഭർത്താവ് ഷിരിഷ്. ഈ പ്രായത്തിലെ വിവാഹം ചെയ്യാവൂവെന്ന ആശയത്തോട് യോജിപ്പില്ലെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് ഫറ ഖാൻ.
റിയാലിറ്റി ഷോയിൽ മത്സരാർഥിയോട് സംവദിക്കവെയാണ് വിവാഹ ജീവിതത്തിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ഫറ ഖാൻ മനസ് തുറന്നത്. 'കല്യാണം കഴിക്കാൻ ഒരു സ്റ്റാൻഡേർഡ് പ്രായമില്ലെന്ന് എനിക്ക് തോന്നുന്നു.'
'നിങ്ങൾ ശരിയായ ആളെ കണ്ടെത്തുമ്പോൾ നിങ്ങൾ വിവാഹം കഴിക്കണം. വിവാഹം കഴിഞ്ഞ ആദ്യ വർഷത്തിൽ തന്നെ ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഞാൻ. കാരണം പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല' എന്നാണ് വിവാഹ ജീവിത്തെ കുറിച്ച് ഫറ ഖാൻ പറഞ്ഞത്.
വിവാഹ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്ന ഫറ ഖാൻ പതിനെട്ട് വർഷമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. 43 ആം വയസിൽ അമ്മയായ അനുഭവം മുമ്പ് ഫറാ ഖാൻ പറഞ്ഞപ്പോൾ വൈറലായിരുന്നു.
അമ്മയാവാൻ ഉചിതമായ പ്രായമില്ലെന്നും അവർ പറഞ്ഞിരുന്നു. ഐവിഎഫ് ചികിത്സയിലൂടെയാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 'ഞാൻ സജ്ജയായതിന് ശേഷമാണ് അമ്മയായത്.'
'അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു. എനിക്ക് ഈ പ്രായത്തിൽ ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു.'

'ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തെരഞ്ഞെടുപ്പ് നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നു. ഒരു മകൾ, ഭാര്യ, അമ്മ എന്നീ നിലകളിൽ എനിക്ക് നിരവധി തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്നു.'
'അതിനാലാണ് കൊറിയോഗ്രാഫർ, സംവിധായിക നിർമാതാവുമായി മാറിയത്. നാമെല്ലാം മറ്റുള്ളവരുടെ മുൻവിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്ന് മറക്കുകയും ചെയ്യുന്നു.'
'ഞാൻ 43 വയസിൽ ഐവിഎഫിലൂടെ അമ്മയായി. ഞാൻ അങ്ങനെ ചെയ്തതിൽ സന്തോഷമുണ്ട്. അമ്മമാരാകാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു സ്വാഭാവിക മാതൃത്വം ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു ഫറ പറഞ്ഞത്.


Click it and Unblock the Notifications