മിക്സിയിലല്ല, അരകല്ല് ഉപയോഗിക്കണം, ഫറ ഖാനോട് അമ്മായിയമ്മ; ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ
ഫിലിം മേക്കറും ഡാൻസ് കൊറിയോഗ്രാഫറുമായ ഫറ ഖാൻ നാൽപതിനോട് അടുത്തപ്പോഴാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. 39ാം വയസിലായിരുന്നു ഫറ ഖാന്റെയും എഡിറ്റർ ഷിരിഷ് കുന്ദറിന്റെയും വിവാഹം. ഫറ ആദ്യമായി സംവിധാനം ചെയ്ത മേം ഹൂ നാ എന്ന സിനിമയുടെ എഡിറ്റർ സിരിഷ് ആയിരുന്നു. ഈ അടുപ്പമാണ് വിവാഹത്തിലെത്തിയത്. ഭർത്താവിനേക്കാൾ എട്ട് വയസ് കൂടുതലാണ് ഫറ ഖാന്. കരിയറിലെ തിരക്കുകൾ കാരണം ഫറയ്ക്ക് ജീവിതത്തിൽ വെെകിയാണ് കുടുംബ ജീവിതത്തിലേക്ക് കടക്കാനായത്. മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. ഐവിഎഫ് ട്രീറ്റ്മെന്റിലൂടെയാണ് ഫറ ഖാൻ അമ്മയായത്.
വിവാഹ ജീവിതത്തിലെ ആദ്യ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഫറ ഖാനിപ്പോൾ. ഭർത്താവിന്റെ വീട്ടിൽ വെച്ച് പാചകം ചെയ്തപ്പോൾ ഭർതൃമാതാവ് നൽകിയ ഉപദേശത്തെക്കുറിച്ചാണ് ഫറ ഖാൻ പരാമർശിച്ചത്. മസാലകൾ അരയ്ക്കാൻ അരകല്ല് ഉപയോഗിക്കൂ, മിക്സർ ഉപയോഗിക്കരുതെന്ന് അമ്മായിയമ്മ ഒരിക്കൽ പറഞ്ഞു. ആർക്കാണ് ഇത്രയും സമയമുള്ളതെന്നായി ഞാൻ.

നേരത്തെ ഭർത്താവിന്റെ അമ്മ തനിക്ക് ഭക്ഷണം പാകം ചെയ്ത് തരാത്തതിനെക്കുറിച്ച് ഫറ ഖാൻ സംസാരിച്ചിരുന്നു. അമ്മായിയമ്മ എനിക്ക് വേണ്ടി ഒരിക്കലും പാചകം ചെയ്തിട്ടില്ല. അവരുടെ മകന് മാത്രമേ ഭക്ഷണം കൊണ്ട് വരൂ. ഇടിയപ്പം, ഇഡ്ഡ്ലി, ചട്നി എന്നിവയെല്ലാം കൊണ്ട് വരും. പക്ഷെ എനിക്കില്ല. ഈ എപ്പിസോഡ് കണ്ടാൽ അമ്മായിയമ്മ എന്നെ വിളിച്ച് നിനക്ക് ഭക്ഷണം കൊണ്ട് തരാത്തതിന് കാരണം നിനക്ക് എന്റെ ഭക്ഷണം ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞേക്കുമെന്നും മാംഗ്ലൂർകാരായ ഭർത്താവിന്റെ കുടുംബത്തിൽ എല്ലാത്തിനും തേങ്ങ വേണമെന്നും ഫറ ഖാൻ അഭിപ്രായപ്പെട്ടു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിലും ഭർത്താവിനെക്കുറിച്ച് ഫറ ഖാൻ സംസാരിച്ചിരുന്നു. ഷിരിഷിനെ ആദ്യം എനിക്കിഷ്ടമല്ലായിരുന്നു. എനിക്ക് വെറുപ്പായിരുന്നു. ആറ് മാസത്തോളം ഞാൻ വിചാരിച്ചത് ഷിരിഷ് ഗേ ആണെന്നാണ്. ഇപ്പോൾ വെറുപ്പില്ല. ശീലമായി. കാരണം 20 വർഷമായും തങ്ങൾ രണ്ട് പേരും വിവാഹിതരാണെന്നും ഫറ ഖാൻ പറഞ്ഞു. മുമ്പ് ഷിരിഷ് ദേഷ്യപ്പെടുമായിരുന്നു. ദേഷ്യം വരുമ്പോൾ മിണ്ടാതിരിക്കും. തനിക്കത് ടോർച്ചറായാണ് തോന്നിയത്. വഴക്കിന് ശേഷം രണ്ട് പേരിൽ ആരും സോറി പറയാറില്ല. ഷിരിഷ് പറയുന്നതായിരിക്കും എപ്പോഴും ശരിയെന്നും ഫറ ഖാൻ അന്ന് പറഞ്ഞു.

ട്രിപ്ലെറ്റ്സ് ആണ് ഫറ ഖാനും ഷിരിഷിനും പിറന്നത്. ഗർഭിണിയായതിനെക്കുറിച്ച് ഒരിക്കൽ ഫറ ഖാൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഗർഭിണിയാകണമെന്ന് ആദ്യം പ്ലാൻ ചെയ്തിരുന്നില്ല. എന്നാൽ പിന്നീടിത് മാനിഫെസ്റ്റ് ചെയ്യുകയായിരുന്നു. ഐവിഎഫ് ചലഞ്ചിംഗ് ആയിരിക്കാം. പക്ഷെ പോസിറ്റീവായി സമീപിക്കുന്നത് ഗുണം ചെയ്യും. ഭയപ്പെടുത്തുന്ന ഇഞ്ചക്ഷനുകൾ ഉൾപ്പെടെയുള്ള ഘട്ടങ്ങളുണ്ടായിരുന്നു.
അപ്പോഴെല്ലാം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം മനസിൽ കണ്ടെന്നും ഫറ ഖാൻ വ്യക്തമാക്കി. സിനിമകളും ഷോകളുമായി കരിയറിലെ തിരക്കുകളിലാണ് ഫറ ഖാൻ. അടുത്ത കാലത്ത് ഫറ ഖാന്റെ പല പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഭർത്താവിനെ പരിഹസിച്ച് കൊണ്ടാണ് ഫറ ഖാൻ സംസാരിക്കുന്നതെന്നും ഇവർക്കിടയിൽ അകൽച്ചയുണ്ടെന്നും റെഡിറ്റിൽ അഭിപ്രായങ്ങൾ വന്നിരുന്നു. ഫറ ഖാന്റെ തമാശയോടെയുള്ള ചില പരാമർശങ്ങളും വിമർശിക്കപ്പെട്ടു. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











