'നിങ്ങളുടെ സംസാരം, മണം, ചിരി... എല്ലാം എനിക്ക് മിസ് ചെയ്യുന്നു...'; അമ്മയുടെ ഓർമയിൽ അർജുൻ കപൂർ
ബോളിവുഡിലെ താരപുത്രനാണ് അർജുൻ കപൂർ. കപൂർ കുടുംബത്തിൽ നിന്നും ഉള്ള ഇളംതലമുറക്കാരനാണ് എന്നതിനാൽ തന്നെ സിനിമയിൽ എത്തിയപ്പോൾ വലിയ സ്വീകാര്യതയും അർജുൻ കപൂറിന് ലഭിച്ചിരുന്നു. അർജുന്റെ അച്ഛൻ ബോണി കപൂറും അമ്മ മോന ഷൂരിയും സിനിമാ നിർമാതാക്കളായിരുന്നു. നടി ശ്രീദേവിയെ ബോണി കപൂർ വിവാഹം ചെയ്ത ശേഷം അർജുൻ കപൂറും അമ്മയും സഹോദരി അൻഷുലയും ഒറ്റാക്കാണ് താമസിച്ചിരുന്നത്. അച്ഛനുമായി യാതൊരുവിധ അടുപ്പവും അക്കാലത്ത് അർജുൻ കപൂറിനോ കുടുംബത്തിനോ ഉണ്ടായിരുന്നില്ല. പിന്നീട് നടി ശ്രീദേവി അപ്രതീക്ഷിതമായി മരിച്ചതിന് ശേഷമാണ് ബോണി കപൂറിനും മക്കളായ ജാൻവിക്കും ഖുശിക്കും സഹായമായും പിന്തുണയായും അർജുൻ എത്തിയത്.
മോണ ഷൂരിയുടെ ഭർത്താവായിരിക്കെ തന്നെ ബോണിയെ പ്രണയിച്ച ശ്രീദേവി വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തിയാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്. 1970ൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. അന്നുതൊട്ടേ ശ്രീദേവിക്കൊപ്പം വർക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇക്കാര്യം സൂചിപ്പിക്കാനായി ഒരു ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നുവെങ്കിലും അപരിചിതരോട് സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കാത്ത അന്തർമുഖയായിരുന്നു ശ്രീദേവിയെന്ന് ബോണി കപൂർ മനസിലാക്കി. പാതി ഇംഗ്ലീഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോട് സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു.

അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂർ അവർ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിന് പകരം പതിനൊന്ന് ലക്ഷം വാഗ്ദാനം ചെയ്തു. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു അതിന് പിന്നിലെ ലക്ഷ്യം. ഇതോടെ ശ്രീദേവിയുടെ അമ്മ ബോണിയിൽ താൽപര്യം പ്രകടിപ്പിച്ചു. പതിയെ ശ്രീദേവിയും ബോണിയും സുഹൃത്തുക്കളായി മാറി. പക്ഷേ ഇക്കാലത്തൊക്കെയും നടൻ മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി അടുപ്പത്തിലായിരുന്നു. ഇതോടെ ശ്രീദേവിയുടെ പുറകെ നടക്കുന്നതിൽ കാര്യമില്ലെന്ന് മനസിലായ ബോണി വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന തയാറായി മോണ ഷൂരിയെ വിവാഹം കഴിച്ചു. ആ സമയത്ത് മിഥുൻ ചക്രവർത്തി ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെങ്കിലും തന്റെ മുൻഭാര്യ യോഗീതാ ബാലിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നില്ല. മാത്രവുമല്ല ശ്രീദേവിയുമായുള്ള ബന്ധം പരസ്യമായി അംഗീകരിക്കാനും അദ്ദേഹം തയാറായിരുന്നില്ല.

ഇത് ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അങ്ങനെയാണ് തന്റെ വിഷമങ്ങൾ പങ്കുവെച്ച് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകൾ തീർക്കാൻ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി. ശ്രീദേവിയുമായുള്ള ബന്ധം അതിര് കടന്നുവെന്ന് ബോധ്യമായതോടെയാണ് ബോണിയുടെ ജീവിതത്തിൽ നിന്നും ഭാര്യ മോണ വിട്ടുപോകാൻ തീരുമാനിക്കുന്നത്. ശ്രീദേവി ഗർഭിണിയാണെന്നുകൂടി അറിഞ്ഞതോടെ പിന്നീടൊന്നാലോചിക്കാൻ പോലും സമയം നൽകാതെ മോണ ബോണിയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ബോണിക്ക് തന്നെയല്ല... മറ്റൊരാളെയാണ് ആവശ്യമെന്നും ശ്രീദേവി ഗർഭിണി കൂടിയായ സാഹചര്യത്തിൽ ഇനിയൊരിക്കലും ഒന്നിക്കാൻ തീരെ സാധ്യതയില്ലെന്നും വ്യക്തമാക്കിയാണ് മോണ പടിയിറങ്ങിപ്പോയത്. അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകർന്നതെന്ന് മോണ പിന്നീട് പറഞ്ഞിരുന്നു.

മക്കളായ അർജുൻ കപൂറിനും അൻഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകർത്തവളായിട്ടായിരുന്നു ശ്രീദേവിയെ മോണയുടെ അമ്മ കണ്ടിരുന്നത്. ഒരിക്കൽ പരസ്യമായി തന്നെ ഗർഭിണിയായ ശ്രീദേവിയെ മർദിക്കാൻ പോലും അവർ ശ്രമിച്ചതിന് സാക്ഷികളുണ്ട്. അത്രയ്ക്കുണ്ടായിരുന്നു ശ്രീദേവിയോടുള്ള വിദ്വേഷം. ബിടൗണിലെ തിളങ്ങും താരം അർജുൻ കപൂറിന്റെ അമ്മ കൂടിയായ മോണ 2012ൽ അർബുദത്തെത്തുടർന്നാണ് മരിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 1996ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരാകുന്നത്. ബോണിയാണ് തന്റെ സ്വപ്നങ്ങളിലെ പുരുഷനെന്ന് മനസിലാക്കാൻ ഏറെ സമയം വേണ്ടിവന്നിട്ടുണ്ടെന്ന് ശ്രീദേവി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രണയം മനസിലാക്കി നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ എന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചിരുന്നുവെന്നും ശ്രീദേവി പറഞ്ഞിരുന്നു. സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന സമയത്തായിരുന്നു ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിച്ചത്.

പിന്നീടങ്ങോട്ട് ബോണിയുടെയും മക്കളായ ജാൻവിയുടെയും ഖുഷിയുടെയും സന്തോഷമായിരുന്നു ശ്രീദേവി തെരഞ്ഞെടുത്തിരുന്നത്. സിനിമയോട് വിടപറയാനും പൂർണമായും കുടുംബസ്ഥയാവാനും ശ്രീദേവി തീരുമാനിച്ചു. വർഷങ്ങൾക്കിപ്പുറം ഇംഗ്ലീഷ് വിംഗ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി. മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിയോഗം. കഴിഞ്ഞ ദിവസം മോണ ഷൂരിയുടെ പിറന്നാളായിരുന്നു. അമ്മയെ ചതിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയ ക്രൂരനായിട്ടാണ് ബോണി കപൂറിനെ അർജുനും കണ്ടിരുന്നത്. അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പാണ് അർജുൻ കപൂർ പങ്കുവെച്ചത്. വീട്ടിൽ പൂക്കൾക്കൊണ്ട് അലങ്കരിച്ച അമ്മയുടെ ചിത്രത്തോടൊപ്പമായിരുന്നു അർജുന്റെ കുറിപ്പ്.

'പിറന്നാൾ ആശംസകൾ അമ്മേ... എന്റെ ഫോണിൽ നിങ്ങളുടെ പേര് കാണുമ്പോൾ.... വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ നിങ്ങൾ ഇല്ലാത്ത ശൂന്യത... എല്ലാം എന്നെ സങ്കടപ്പെടുത്തുന്നു. അൻഷുലയുമായി നിങ്ങൾ അനന്തമായി സംസാരിക്കുന്നത് എനിക്ക് ഇനി കാണാൻ പറ്റില്ലല്ലോ... ഐ മിസ്സ് യു മാ... നിങ്ങളുടെ പേര് പറയാൻ എനിക്ക് കൊതിയാണ്. നിങ്ങളുടെ മണം എനിക്ക് മിസ് ചെയ്യുന്നുണ്ട്. പക്വതയില്ലാത്തപ്പോൾ നിങ്ങൾ എന്നെ നേർവഴിക്ക് നയിക്കുമായിരുന്നു ഇപ്പോൾ എനിക്ക് അതും ലഭിക്കുന്നില്ല. ഒരു കുട്ടിയെന്നുള്ള തോന്നലും നിങ്ങൾ പോയതോടെ എനിക്ക് നഷ്ടമായി. നിങ്ങളോടൊപ്പം പുഞ്ചിരിക്കുന്നത് എനിക്ക് നഷ്ടമായി. എനിക്ക് കുഴപ്പമൊന്നുമില്ല. നിങ്ങൾ എപ്പോഴും എന്റെ അരികിൽ ഉണ്ടായിരിക്കുന്നതിനാൽ എനിക്ക് സുഖം തോന്നുന്നു. നിങ്ങളില്ലാതെ ഞാൻ അപൂർണ്ണനാണ്. നിങ്ങൾ വളർത്തിയ എന്റെ ഇപ്പോഴത്തെ ജീവിതം കണ്ട് നിങ്ങൾ അഭിമാനിപ്പിക്കുന്നുണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്നു' എന്നാണ് അർജുൻ കപൂർ കുറിച്ചത്.


Click it and Unblock the Notifications