അത് വെറും കള്ളക്കഥ!! ഇത്തരത്തിലുളള വിഡ്ഢിക്കഥകൾ പ്രചരിക്കും, ഋഷിരാജ് സിങിനെതിരെ ബോണി കപൂർ
ബോളിവുഡും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയ ഒരു വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. ഇന്നും താരത്തിന്റെ മരണം ഉൾക്കൊള്ളാൻ കുടുംബാംഗങ്ങളെ പോലെ ആരാധകർക്കും കഴിഞ്ഞിട്ടില്ല. കൺമുന്നിൽ ആടിപ്പാടിയ താരത്തിന്റ മരണവാർത്തയാണ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ എല്ലാവരുടേയും കാതുകളിൽ എത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി കുടുംബസമേതം ദുബായിലെത്തിയതായിരുന്നു താരം. അവിടെവെച്ചാണ് ശ്രീദേവി മരിക്കുന്നത്.
ഹോട്ടലിലെ ബാത്ത് ടബ്ബിൽ നിന്നാണ് ശ്രീദേവിയുടെ മൃതശരീരം ലഭിക്കുന്നത്. നടിയുടേത് അസ്വഭാവിക മരണമാണെന്നുള്ള വാദങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുറത്തു വന്ന അഭ്യൂഹങ്ങളെ തള്ളികൊണ്ട് താരത്തിന്റേത് അപകട മരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ശ്രീദേവിയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഡിജിപി ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഇതിനു മറുപടിയുമായി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിട്ടുണ്ട്.

കഥകൾ ഇനിയും തുടരും
ഇത്തരത്തിലുളള വിഡ്ഡി കഥകളോട് താൻ പ്രതികരിക്കുന്നില്ല. ഇത്തരത്തിലുള്ള കഥകൾ ഇനിയും തുടരും. ഇതൊക്കെ ഒരാളുടെ സങ്കൽപം മാത്രമാണ്- ബോണി കപൂർ പറഞ്ഞു. കേരള കൗമുദിയ്ക്ക് നൽകിയ ലേഖനത്തിലായിരുന്നു ഡിജിപി ഋഷിരാജ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊലപാതകം
ശ്രീദേവിയുടേത് അപകട മരണമല്ല കൊലപാതകമാകാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറൻസിക് വിദഗ്ദ്ധൻ ഡോക്ടർ ഉമാദത്തൻ തന്നോട് പറഞ്ഞതായി ഋഷിരാജ് സിങ് പറഞ്ഞിരുന്നു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങി കിടക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാല് ഉയർത്തി തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങി മരിക്കുകയുള്ളു എന്നായിരുന്നു ഡിജിപിയുടെ വാക്കുകൾ.ഇത് വാർത്ത പ്രധാന്യം നേടുകയും ചെയ്തിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് ബോണി കപൂർ രംഗത്തെത്തിയിരിക്കുന്നത്. ഇതു മുൻപും ഇത്തരത്തിലുളള ആരോപണങ്ങൾ ഉയർന്നിരുന്നു.

ഫോറൻസിക് റിപ്പോർട്ട്
ഹൃദയാഘാതം മൂലമാണ് ശ്രീദേവി അന്തരിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് മുങ്ങി മരണമാണെന്നും ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ബോധരഹിതയായി ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നെന്നാണ് ദുബായ് പോലീസിന്റെ കണ്ടെത്തൽ. കൂടാതെ താരത്തിന്റെ മരണത്തിൽ പ്രത്യേകിച്ച അസ്വഭാവികത കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

ബോണി കപൂറിനെ ചോദ്യം ചെയ്തു
ബന്ധുവിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ഭർത്താവേ ബോണി കപൂറിനും മക്കൾക്കുമൊപ്പമാണ് ശ്രീദേവി ദുബായിൽ എത്തിയത്. വിവാഹ ശേഷം ശ്രീദേവി ദുബായിൽ തുടരുകയും ബോണി കപൂറും മക്കളും നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പിന്നീട് ബോണി കപൂർ വീണ്ടും ദുബായിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടിയായിരുന്നു ബോണി കപൂർ തിരികെ എത്തിയത്. ഇതൊക്കെ വിശദമായി പോലീസ് അന്വേഷിച്ച ശേഷമാണ് കേസ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications











