'പ്രിയപ്പെട്ടവരെ സാക്ഷിയാക്കി ആലിയ രൺബീറിന്റെ സ്വന്തമായി'; ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ
അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 'ഇന്ന്... ഞങ്ങളുടെ കുടുംബത്തിനേയും സുഹൃത്തുക്കളേയും സാക്ഷിയാക്കി... വീട്ടിൽ... ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത്... കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചെലവഴിച്ച ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി. കൂടുതൽ ഓർമ്മകൾ ഒരുമിച്ച് കെട്ടിപ്പടുക്കാനുള്ള യാത്ര തുടങ്ങുന്നു. സ്നേഹം, ചിരി, നിശബ്ദതകൾ, സിനിമകൾക്കായി ചിലവഴിച്ച രാത്രികൾ, മണ്ടത്തരങ്ങൾ, വൈൻ ആനന്ദങ്ങൾ എന്നിവ നിറഞ്ഞ ഓർമ്മകൾ. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. ഇത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു. സ്നേഹത്തോടെ രൺബീറും ആലിയയും...' ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ കുറിച്ചു.
ബാന്ദ്രയിലെ രൺബീറിൻറെ വസതിയിൽ വെച്ചാണ് ആഘോഷകരമായി വിവാഹ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വെച്ച് നടന്നിരുന്നു. വിവാഹച്ചടങ്ങിൽ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. രൺബീറിന്റെ മാതാവ് നീതു കപൂർ, സഹോദരി റിദ്ധിമ കപൂർ, ബന്ധുക്കളായ കരീന കപൂർ, കരീഷ്മ കപൂർ തുടങ്ങിയവരും ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് തുടങ്ങിയവരും വിവാഹവേദിയിലെത്തി. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു.

അതിഥികൾ ക്യാമറ ഉപയോഗിക്കുന്നതിൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രൺബീർ കപൂർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇവർ ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ ബൾഗേറിയയിലെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രം ഈ വർഷാവസാനം റിലീസിനെത്തും. രൺബീറും ആലിയയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നുവെന്നല്ലാതെ ഇരുവരും പ്രണയം വെളിപ്പെടുത്തിയിരുന്നില്ല. ശേഷം 2018ൽ സോനം കപൂറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രണയ ജോഡികളായി വന്നാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്.

ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി തന്നെയാണ് താരവിവാഹത്തിനും വസ്ത്രങ്ങൾ ഒരുക്കിയത്. ക്രീം നിറത്തിലുള്ള ബ്രൈഡൽ വസ്ത്രവും അതിനോട് ഇണങ്ങുന്ന ആഭരണങ്ങളും പൊട്ടും വെച്ച് മുല്ലമൊട്ട് മാല കഴുത്തിലണിഞ്ഞാണ് ആലിയ വിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ക്രീം നിറത്തിലുള്ള കുർത്തയും തലപ്പാവുമായിരുന്നു രൺബീറിന്റെ വേഷം. രാജകീയ പ്രൗഢിയോടെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. ആലിയയെപ്പോലെ അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോഗിച്ചത് സബ്യസാചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാണ്.

സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമെല്ലാം ആലിയയേയും രൺബീറിനേയും ആശംസകൾ കൊണ്ട് മൂടുകയാണ്. രൺബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയുടെ ഓഡിഷൻ ചെയ്തപ്പോഴായിരുന്നു. രൺബീർ ചിത്രത്തിന്റെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു ആ സമയത്ത്. വർഷങ്ങൾക്ക് ശേഷം ആലിയയും സിനിമയിൽ അരങ്ങേറി. രണ്ടുപേരും സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ബ്രഹ്മാസ്ത്രയാണ്. 'ഞാനെന്നേ രൺബീറുമായി വിവാഹം കഴിച്ച് ജീവിക്കുകയാണ്... എൻറെ മനസിൽ' ഗംഗുഭായ് കത്തിയവാഡിയുടെ പ്രൊമോഷനിടെ ആലിയ പറഞ്ഞത് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു.


Click it and Unblock the Notifications