'സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാം തികഞ്ഞവരല്ല, മിമിക്രി ചെയ്തതിൽ നാണക്കേടുമില്ല'; ഹർനാസ് സന്ധു
ഇരുപത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ഒരു ഇരുപത്തൊന്നുകാരി വിശ്വസുന്ദരി പട്ടം കൊണ്ട് വന്ന് നമ്മെ എല്ലാവരേയും അത്ഭുതപ്പെടുത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഹർനാസ് സന്ധു എന്ന മിടുക്കിയാണ് തന്റെ കഠിനാധ്വാനവും പ്രയത്നവും കൊണ്ട് 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ കിരീടം ചൂടിയത്. ഛണ്ഡിഗഡ് സ്വദേശിനിയാണ് ഹർനാസ്. 1994ൽ സുസ്‌മിത സെനും 2000ൽ ലാറാ ദത്തയും കിരീടം ചൂടിയ ശേഷം ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി കിരീടം ചൂടുന്നത് ഇപ്പോഴാണ്. മുൻ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം അണിയിച്ചപ്പോൾ ഇന്ത്യക്കാരുടെ യശസ് വാനോളം ഉയർന്നു.

ഫൈനലിൽ പരാഗ്വെയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ തോൽപ്പിച്ചാണ് ഹർനാസ് കിരീടം ചൂടിയത്. ദേശീയ വസ്ത്രം, സ്വിമ് വെയർ, അഭിമുഖം തുടങ്ങി എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഹർനാസ് കിരീട ചൂടിയത്. ഹർനാസിന്റെ വിജയത്തിനോടൊപ്പം തന്നെ മിസ് യൂണിവേഴ്സ് മത്സരവുമായി ബന്ധപ്പെട്ട് ഒരു വിവാദവും പൊട്ടി പുറപ്പെടുകയും സോഷ്യൽമീഡിയയിൽ അടക്കം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മത്സര വേദിയിൽ വെച്ച് സ്റ്റീവ് ഹാർവി ഹർനാസിനോട് ചോദിച്ച ചോദ്യമാണ് വിവാദത്തിലേക്കും വലിയ ചർകൾക്കും വഴിവെച്ചത്.
മറ്റുള്ള മത്സരാർഥികളോട് ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഹർനാസിനെ കൊണ്ട് മിമിക്രി ചെയ്യിപ്പിക്കുകയാണ് സ്റ്റീവ് ഹാർവി ചെയ്തത്. ഇതാണ് വലിയ ചർച്ചയായത്. ഹർനാസിനെ അപമാനിക്കുന്ന പോലെയാണ് സ്റ്റീവ് ഹാർവി ചോദ്യം ചോദിച്ചതെന്നും വിമർശകർ പറഞ്ഞു. 'താങ്കൾ മൃഗങ്ങളെ അനുകരിക്കുമെന്നു കേട്ടല്ലോ... അതൊന്നു ചെയ്താലോ' എന്നായിരുന്നു ഹാർവി ഹർനാസിനോട് ചോദിച്ചത്. ഉടൻ തന്നെ നമസ്തേ എന്ന് പറഞ്ഞ് പൂച്ചയുടെ ശബ്ദം ഹർനാസ് അനുകരിക്കുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ അത് സ്വീകരിച്ചത്. ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിശ്വസുന്ദരി മത്സരത്തിൽ ചോദിക്കേണ്ട ചോദ്യമായിരുന്നോ ഇതെന്നും മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയും മോഡലുമായ ഒരു സ്ത്രീയോട് മറ്റൊരു ചോദ്യവും ചോദിക്കാനില്ലേ എന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്. എല്ലാ വിമർശനങ്ങൾക്കും ഉള്ള മറുപടിയും സ്റ്റീവ് ഹാർവിയുടെ ചോദ്യം കേട്ടപ്പോൾ തനിക്ക് തോന്നിയ മനോഭാവത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഹർനാസ് ന്ധു. സൗന്ദര്യമത്സര വേദിയിൽ അങ്ങനെയൊരു ചോദ്യം ചോദിച്ചതിൽ എന്താണിത്ര തെറ്റ്?. എല്ലാം തികഞ്ഞതാണ് സൗന്ദര്യ മത്സരവേദികൾ എന്നു കരുതരുത്. എന്റെ പ്രിയപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സ്റ്റീവ് അത്തരമൊരു ചോദ്യം ചോദിച്ചതിൽ സന്തോഷമേയുള്ളു. വേദിയിൽ എനിക്ക് ഞാനാവാൻ കഴിഞ്ഞു. എന്റെ വലിയൊരു കഴിവ് പ്രദർശിപ്പിക്കാൻ കഴിഞ്ഞു' ഹർനാസ് പറഞ്ഞു. 2017ലാണ് ഹർനാസ് സന്ധു മോഡലിങ് രംഗത്തേക്ക് കടന്ന് വരുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർനാസ് 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











