'മുഴുവൻ സമയവും കുഞ്ഞിനൊപ്പം, ഒന്നും അടിച്ചേൽപ്പിക്കില്ല'; അമ്മയായതിനെ കുറിച്ച് പ്രിയങ്ക ചോപ്ര!
ഇന്ത്യൻ സിനിമയുടെ അഭിമാനമായ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിരക്കേറിയ നടിയായ പ്രിയങ്ക ഇപ്പോൾ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വന്ന സന്തോഷത്തിലാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജെനാസും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രിയങ്ക സന്തോഷ വാർത്ത പുറംലോകത്തെ അറിയിച്ചത്. കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് താരം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

'വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്ന് ബഹുമാനപൂർവ്വം ആവശ്യപെടുന്നു... വളരെ നന്ദി' എന്നാണ് നിക്ക് ജോനാസിനെ ടാഗ് ചെയ്ത് കൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ എഴുതിയത്. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് പോലും പ്രിയങ്കയോ നിക്കോ വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോൾ അമ്മയായതിനെ കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ സുഹൃത്ത് ലിലി സിങിന് നൽകിയ അഭിമുഖത്തിലാണ് അമ്മയായ ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിരിക്കുന്നത്. പ്രീ-ഓസ്കാർ ഇവന്റിൽ പങ്കെടുക്കവെ മുഴുവൻ സമയവും കുഞ്ഞിനൊപ്പം ചിലവഴിക്കുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിൽ തന്റെ കുട്ടിയെ അവരുടെ സ്വന്തം വഴി തെരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചാണ് പ്രിയങ്ക പറഞ്ഞത്. താൻ സ്വീകരിക്കുന്ന രക്ഷാകർതൃ ശൈലിയെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു.

'ഒരു പുതിയ രക്ഷിതാവ് എന്ന നിലയിൽ ഞാൻ ഒരിക്കലും എന്റെ ആഗ്രഹങ്ങളും ഭയങ്ങളും എന്റെ രീതികളുമൊന്നും എന്റെ കുട്ടിയിൽ അടിച്ചേൽപ്പിക്കില്ല. കുട്ടികൾ നിങ്ങളിൽ നിന്നല്ല നിങ്ങളിലൂടെ വരുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇത് എന്റെ കുട്ടിയാണ് ഞാൻ വിചാരിക്കുന്നപോലെ വളർത്തിയെടുക്കും എന്ന വാശിയോ ചിന്തയോ ഇല്ല. അവർ നിങ്ങളിലൂടെ വരുന്നത് അവരുടെ സ്വന്തം ജീവിതം കണ്ടെത്താനും കെട്ടിപ്പടുക്കാനും വേണ്ടിയാണ്. അത് തിരിച്ചറിഞ്ഞത് എന്റെ മാതാപിതാക്കളിലൂടെയാണ്' പ്രിയങ്ക പറയുന്നു. 39കാരിയായ പ്രിയങ്ക 29കാരനായ അമേരിക്കൻ ഗായകൻ നിക് ജൊനാസിനെ 2018ലാണ് വിവാഹം കഴിച്ചത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവിൽ പ്രിയങ്ക ചോപ്രയുടെ താമസം.


Click it and Unblock the Notifications