'ആ വിഷമഘട്ടത്തില്‍ അവള്‍ ഞങ്ങള്‍ക്കൊപ്പം ഉറച്ചു നിന്നു'; കരീനയെക്കുറിച്ച് അമ്മായിയമ്മ പറയുന്നത്
സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കരീന കപൂര്‍. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് കൂടി ഉടമയാണ് കരീന കപൂര്‍. അവള്‍ ബാഹ്യസൗന്ദര്യവും ആന്തരികസൗന്ദര്യവും ഒത്തിണങ്ങിയ വ്യക്തിയാണെന്നാണ് അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് കരീന. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള കരീന മനോഹരമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വലിയ സ്വാധീനമുള്ള കരീനയുടെ ഏത് ചിത്രവും നിമിഷങ്ങള്‍ക്കുള്ളിലാണ് ട്രെന്‍ഡിങ്ങാകുന്നത്.
മക്കളായ തൈമൂറിനും ജഹാംഗീറിനുമൊപ്പം മുഴുവന്‍ സമയ വീട്ടുഭരണം ആസ്വദിക്കുകയാണിപ്പോള്‍ കരീന. മക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ കരീന അവരുടെ ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെയാണ് നിര്‍വ്വഹിക്കുന്നത്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കരീന മക്കളെ എല്ലായ്‌പ്പോഴും മാധ്യമങ്ങളില്‍ നിന്നകറ്റിയാണ് വളര്‍ത്തുന്നത്.

കപൂര്‍ കുടുംബത്തില്‍ നിന്നും രാജകീയമായ പട്ടൗഡി കുടുംബത്തിലേക്കാണ് കരീന കയറിച്ചെന്നത്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ഷര്‍മിള ടാഗോറിന്റെയും മകനായ സെയ്ഫ് അലി ഖാനെ കരീന വിവാഹം ചെയ്യുമ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇന്ന് പട്ടൗഡി കുടുംബത്തിന്റെ വിളക്കാണ് കരീന. കുടുംബവുമായി അത്രമേല്‍ ഹൃദ്യമായ ബന്ധം പുലര്‍ത്തുന്ന കരീന ഏവര്‍ക്കും പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.
മുന്‍ ക്രിക്കറ്റ് താരവും നടനുമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി 2011-ലാണ് അന്തരിച്ചത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആകസ്മികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മന്‍സൂര്‍ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കരീന കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ വൈകാരിക പിന്തുണ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഓര്‍മ്മിക്കുകയാണ് ഷര്‍മ്മിള ഇപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നുപറച്ചില്‍.
'കരീനയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് പിറ്റേദിവസമായിരുന്നു മന്‍സൂറിന്റെ ആകസ്മിക നിര്യാണം. സെപ്റ്റംബര്‍ 21-നായിരുന്നു കരീനയുടെ പിറന്നാള്‍ ആഘോഷം. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 22-ന് മന്‍സൂറിന്റെ മരണം സംഭവിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ കരീനയെ കണ്ടിരുന്നു. അവള്‍ എന്റെ കുട്ടികളെയും എന്റെ കുടുംബത്തെയും പോലെയായിരുന്നു. ഞാന്‍ അത് ശരിക്കും ഓര്‍ക്കുന്നു. പിന്നീട് പലപ്പോഴും ഇതുപോലെയുള്ള വിഷമഘട്ടങ്ങളില്‍ കരീന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അത് വളരെ മികച്ച അനുഭവമായിരുന്നുവെന്നു തന്നെ എനിക്ക് ഉറക്കെ പറയണം.' ഷര്‍മ്മിള വ്യക്തമാക്കുന്നു.

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം കരീന കപൂറും സെയ്ഫ് അലി ഖാനും 2012-ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് രണ്ട് ആണ്‍മക്കളാണുള്ളത്. തൈമൂര്‍ അലി ഖാന്‍ പട്ടൗഡി, ജഹാംഗീര്‍ അലി ഖാന്‍ പട്ടൗഡി. വിവാഹശേഷം സിനിമാഭിനയത്തില്‍ വിട്ടുനില്‍ക്കുകയായിരുന്ന കരീന വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയില്‍ ഒരു സുപ്രധാന വേഷത്തില്‍ കരീന എത്തുന്നുണ്ട്. ഈ ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ റിലീസ് ചെയ്യും.


Click it and Unblock the Notifications