അള്ളാഹു ഇത് എളുപ്പമാക്കട്ടെ; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം സനയെ തേടി സന്തോഷ വാർത്ത
കരിയറിൽ തിളങ്ങി നിൽക്കവെ വിശ്വാസപരമായ കാരണങ്ങളാൽ ലൈം ലൈറ്റ് വിട്ടവർ ഏറെയാണ്. നടി സൈറ വസിം ആണ് അടുത്ത വർഷങ്ങൾക്കിടെ ഇത്തരത്തിൽ ഏറെ വാർത്താ പ്രാധാന്യം നേടിയത്. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ വൻ പ്രശസ്തിയാർജിച്ചിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ മത വിശ്വാസത്തിലൂന്നിയ ജീവിതം തെരഞ്ഞെടുക്കുന്നത്.
ഇന്നും സിനിമാ രംഗത്ത് നിരവധി പേർ ഈ പാത പിന്തുടരുന്നു. തന്റെ ഫോട്ടോകൾ പോലും പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച സൈറ ഇന്ന് തന്റെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാറില്ല. സൈറയെ പോലെ മത ജീവിതം തെരഞ്ഞെടുത്ത നടിയാണ് സന ഖാൻ.

ഗ്ലാമറസ് റോളുകളിലും ഡാൻസ് നമ്പറുകളിലും തിളങ്ങിയിരുന്ന സന വളരെ താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അഭിനയ ജീവിതം നടി ഉപേക്ഷിച്ചു. അതേ സമയം സോഷ്യൽ മീഡിയയിൽ ഹിജാബ് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സന പങ്കുവെക്കാറുണ്ട്. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്.

വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ പോവുന്ന സനയുടെ ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ സനയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഉംറ യാത്രയുടെ ചിത്രങ്ങളാണ് സന പങ്കുവെച്ചത്. ഇത്തവണത്തെ ഉംറ പ്രത്യേകതയുള്ളതാണെന്ന് സന ഖാൻ ഫോട്ടോകൾക്കൊപ്പം കുറിച്ചു.

'അൽഹംദുലില്ലാ, വളരെ സന്തോഷം ഈ ഉംറ എന്നെ സംബന്ധിച്ച് വളരെ വളരെ സ്പെഷ്യൽ ആണ്. അത് ഞാൻ ഉടനെ നിങ്ങളോട് പറയാം. അള്ളാഹു ഇത് എളുപ്പമാക്കട്ടെ,' സന ഖാൻ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്.
സന ഗർഭിണിയാണെന്നാണ് പലരും ഊഹിക്കുന്നത്. അമ്മയാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് സനയെന്നും ഉടനെ ഇക്കാര്യം വ്യക്തമാക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. രണ്ട് വർഷം പിന്നിട്ട് വിവാഹ ജീവിതത്തിൽ താൻ വളരെ സന്തുഷ്ടയാണെന്ന് സന നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യക്തി ജീവിതത്തിലുണ്ടായ ചില ദുരനുഭവങ്ങൾക്ക് ശേഷമാണ് സന ആകെ മാറുന്നത്. 2019 ൽ കാമുകനായ കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന വേർപിരിഞ്ഞു. സനയെ ഇത് വലിയ തോതിൽ ബാധിച്ചിരുന്നു. മെൽവിൻ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് സന ആരോപിച്ചു.
ഈ സംഭവത്തിന് ശേഷം ലൈം ലൈറ്റിൽ നിന്നും സന അകലാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിക്കാൻ തീരുമാനിച്ചതെന്ന് സന നേരത്തെ വ്യക്തമാക്കിയിരുന്നു. പഴയ ജീവിതത്തിൽ പേരും പ്രശ്സതിയും ഉണ്ടായിരുന്നു.

പക്ഷെ മനസ്സിൽ സന്തോഷമുണ്ടായിരുന്നില്ല. വളരെ ബുദ്ധിമുട്ടായിരുന്നു അത്. വിഷാദത്തിന്റെ ദിവസങ്ങളുണ്ടായിരുന്നു. ദൈവത്തിന്റെ സന്ദേശങ്ങൾ ലഭിക്കുന്ന സമയമുണ്ടാവുമായിരുന്നെന്നും സന അന്ന് തുറന്ന് പറഞ്ഞു. പുതിയ ജീവിതം തെരഞ്ഞെടുത്തതിന് പിന്നാലെ സന ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. അതേസമയം ഹയ ബൈ സന എന്ന വസ്ത്ര കമ്പനി നടി തുടങ്ങിയിരുന്നു.


Click it and Unblock the Notifications











