കരീനയ്ക്ക് മുമ്പെ അനുഷ്ക ശർമ, കുഞ്ഞ് താരങ്ങൾ എത്തുന്നത് മാസങ്ങളുടെ വ്യത്യാസത്തിൽ
കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ മോശമായി ബാധിച്ച ഒരു മേഖലയായിരുന്നു സിനിമാ മേഖല. സിനിമ ചിത്രീകരണം നിർത്തിവെച്ച് താരങ്ങൾ തങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു, പ്രതിസന്ധി ഘട്ടമായിരുന്നു എങ്കിലും അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ താരങ്ങൾ ആഘോഷമാക്കുകയായിരുന്നു. കൊവിഡ് കാലത്ത് താരങ്ങൾ കുടുംബത്തിനാണ് ഏറെ പ്രാധാന്യം നൽകിയത്. സിനിമ ജീവിതത്തിന് ചെറിയ ഇടവേള നൽകി കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്നു
കൊവിഡ് കാലത്ത് പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു വാർത്ത നടിമാർ അമ്മയാകുന്നതായിരുന്നു. താരങ്ങളായ അനുഷ്ക ശർമ, കരീന കപൂർ ഖാൻ , ടെലിവിഷൻ താരങ്ങളായ അനിത ഹസ്നന്ദിനി,ജാനകി പരേഖ് മേത്ത തുടങ്ങിയവരാണ് അമ്മയാകാൻ തയ്യാറെടുക്കുന്നത്. താരങ്ങൾ തന്നെയാണ് ഈ സന്തോഷ വിവരം തങ്ങളുടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഈ വർഷം അവസാനിക്കുന്നതോടെ ബോളിവുഡിലെ പുതിയ അവകാശികളും പുറം ലോകത്തെത്തും. മാസങ്ങളുടെ വ്യത്യാസത്തിലാകും എത്തുക.

അമ്മയാകാൻ പോകുന്ന വിവരം ആദ്യം പ്രേക്ഷകരുമായിപങ്കുവെച്ചത് അനുഷ്കയായിരുന്നു. കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പുതിയ അതിഥിയെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്നാണ് കുഞ്ഞ് ജനിക്കാൻ പോകുന്നതിനെ കുറിച്ച് നടി പറഞ്ഞത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 2021 ജനുവരിൽ കോലി- അനുഷ്ക കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താര കുടുംബമാണ് നടി കരീനയുടേത്. സിനിമ വിശേഷങ്ങളെ പോലെ തന്നെ നടിയുടെ കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. കരീന വീണ്ടും അമ്മയാകാൻ പോകുകയാണ്. സെയ്ഫ് അലിഖാന്റെ സഹോദരിയാണ് കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് നടന്റെ പിറന്നാൾ ദിനത്തിൽ ബേബി ബമ്പുമായി നടി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 2021 മാർച്ചോട് കൂടിയാകും കരീന-സെയ്ഫ് കുടുംബത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്തുക.സെയ്ഫ്-കരീന ദമ്പതികൾക്ക് തൈമൂർ അലിഖാൻ എന്നൊരു മകനും കൂടിയുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അനിത ഹസനന്ദനി. സഹനടി, വില്ലത്തി വേഷങ്ങളിൽ തിളങ്ങി നിന്ന താരം ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തിലെ പുതിയ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ചത്. ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമായി ഡേറ്റിംഗ് ആരംഭിച്ചത് മുതൽ അമ്മയാകുന്നത് വരെയുള്ള മനേഹരമായ നിമിഷങ്ങൾ ചേർത്തു കൊണ്ടാണ് നടി വീഡിയോ ഒരുക്കിയിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയോട് കൂടി അനിത-റോഹിത് കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നകുൽ മേത്തയും ഭാര്യ ജാനകി പരേഖ് മേത്തയും. താരങ്ങളും മാതാപിതാക്കളാകാൻ തയ്യാറെടുക്കുകയാണ്.താരങ്ങൾ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരോട് പങ്കുവെച്ചത്. ''ഞങ്ങളുടെ ക്വാറന്റീൻ ഒട്ടും വിരസമായിരുന്നില്ല. ജീവിതത്തിൽ ഒരു സുവനീർ ലഭിക്കാൻ പോകുന്നു. ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല! ഞങ്ങളുടെ ഏറ്റവും വലിയ സാഹസികത ആരംഭിക്കുന്നു!"- എന്ന് കുറിച്ചുകൊണ്ടാണ് അമ്മയാകാൻ പോകുന്ന വിവരം ജാനകി വെളിപ്പെടുത്തയത്. മനോഹരമായ ചിത്രവും പങ്കുവെച്ചിരുന്നു. ഫെബ്രുവരി, മർച്ച് മാസത്തോട് കൂടി ഇവരുടെ ജീവിതത്തിലേയ്ക്ക് ആദ്യത്തെ കൺമണി എത്തുക.


Click it and Unblock the Notifications