വിവാഹം കഴിച്ചത് കൊണ്ട് എനിക്കൊരു മാറ്റവും ഉണ്ടായില്ല; വിമര്‍ശകരുടെ വായടപ്പിച്ചുള്ള മറുപടിയുമായി ജെനിലിയ ഡിസൂസ
ബോളിവുഡ് നടി ആണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ജെനിലിയ ഡിസൂസ. പൃഥ്വിരാജിന്റെ നായികയായി ഉറുമി എന്ന ചിത്രത്തിലൂടെയാണ് ജെനിലിയ മലയാള സിനിമയില്‍ എത്തുന്നത്. അറക്കല്‍ ആയിഷ എന്ന കഥാപാത്രത്തിലൂടെ പ്രശംസകള്‍ വാരിക്കൂട്ടാന്‍ ജെനിലിയയ്ക്ക് സാധിച്ചിരുന്നു. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും താത്കാലികമായി മാറി നിന്ന നടി തിരിച്ച് വരവിനൊരുങ്ങുകയാണ്.
താന്‍ മാറി നിന്ന കാലഘട്ടത്തില്‍ സിനിമയില്‍ വലിയ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ടെന്ന് പ്രമുഖ വിനോദസൈറ്റായി പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജെനിലിയ പറുന്നു. വിവാഹം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു എന്ന് പറയുന്നവരെ കുറിച്ചും തന്റെ ചില സിനിമകളുടെ റീമേക്കിനെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ജെനിലിയയുടെ സിനിമ റീമേക്ക് ചെയ്ത് ഹിന്ദിയിലേക്ക് എത്തുന്നതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. 'തെലുങ്കില്‍ ഞാന്‍ അഭിനയിച്ച സിനിമകൡലൊന്നാണ് 'ഇറ്റ്‌സ് മൈ ലൈഫ്'. ഇപ്പോഴും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി അത് തുടരുന്നു. ഇപ്പോഴും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഈ കഥാപാത്രത്തിലൂടെ എനിക്കൊരു സ്ഥാനമുണ്ട്. ഈ കഥാപാത്രത്തിലൂടെ ഞാന്‍ അവാര്‍ഡും സ്വന്തമാക്കി. ഇതേ സിനിമ ഹിന്ദിയിലേക്ക് റീമേക്ക്് ചെയ്യുകയാണെന്ന് അറിഞ്ഞു. ഒന്നും കൂടി ആ വേഷം ചെയ്യാന്‍ എനിക്ക് അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കിലെ തന്നെ റെഡി എന്ന ചിത്രമടക്കം എന്റെ ഒരുപാട് സിനിമകള്‍ ഇങ്ങനെ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

തെലുങ്കില്‍ അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങള്‍ തമിഴിലും ഹിന്ദിയിലുമൊക്കെ വീണ്ടും ചെയ്യാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. ഈ സിനിമ നേരത്തെ തന്നെ നിര്‍മ്മിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എങ്കില്‍ പോലും ഇപ്പോഴും അത് പ്രസക്തിയുള്ളൊരു വിഷയമാണ്. ചില ബന്ധങ്ങളെ കുറിച്ച് പറയുന്നതാണ് സിനിമയുടെ പ്രമേയം. രണ്ട് തലമുറകള്‍ തമ്മിലുള്ള ആശയവിനിമയത്തിന് വരുന്ന ഗ്യാപ്പ് ആണ് സിനിമയുടെ ഇതിവൃത്തം. പ്രത്യേകിച്ചും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ വരുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ്.

ഇന്നത്തെ കാലത്തും ഇത് വളരെ പ്രസക്തിയുള്ളതാണ്. ഞങ്ങളും അതിലൂടെ കടന്ന് പോയി. സിനിമ ചിത്രീകരിച്ചിരുന്ന സമയത്ത് എനിക്ക് അത് മനസിലായില്ല. പക്ഷേ ആദ്യമായി കണ്ടപ്പോള്‍ മനോഹരമായ കഥയാണ് പറയുന്നതെന്ന് മനസിലാക്കി. ഇനി മുതല്‍ കൂടുതല്‍ സിനിമകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തൊക്കെ കഥാപാത്രങ്ങളാണ് ഇനി ലഭിക്കാന്‍ പോവുന്നതെന്ന് അറിയില്ല. എങ്ങനെയാണ് ഇന്‍ഡസ്ട്രി ഇനി എന്നെ സ്വീകരിക്കുന്നതെന്നും വ്യക്തമല്ല. ഞാന്‍ വിവാഹിതയായപ്പോള്‍ എന്റെ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹം.

അതിന് മുന്‍പ് ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. ഹിന്ദി സിനിമയില്‍ എന്നെ അധികം കണ്ടിട്ടുണ്ടാവില്ലെങ്കിലും തെന്നിന്ത്യയിലായിരുന്നു കൂടുതലായിട്ടും ഞാന്‍ അഭിനയിച്ചത്. അക്ഷരാര്‍ഥത്തില്‍ ഒരു വര്‍ഷത്തിലെ 365 ദിവസവും സിനിമയ്ക്ക് വേണ്ടി നേരത്തെ പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു ബ്രേക്ക് ആത്യാവശ്യമാണെന്ന് എനിക്ക് തോന്നി. അതിനാല്‍ തന്നെ കുടുംബത്തിന് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഇരിക്കവേയാണ് ഒന്നിന് പുറകേ ഒന്നായി കുഞ്ഞുങ്ങള്‍ ജനിച്ചത്.
Recommended Video

കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമായിരുന്നു അത്. സിനിമ ഇല്ലെങ്കില്‍ പോലും കുടുംബത്തോടൊപ്പം നിന്ന സമയത്ത് ഞാന്‍ സന്തോഷവതിയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഞാന്‍ തീരുമാനിച്ച സമയത്ത് ' ഓ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ? ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നിന്റെ കരിയര്‍ പൂര്‍ത്തിയായി എന്ന് ചില ആളുകള്‍ പറയുമായിരുന്നു'. പക്ഷെ വിവാഹം കഴിച്ചു എന്നത് കൊണ്ട് എന്റെ ആവശ്യങ്ങളൊന്നും ഇല്ലാതായി പോകുന്നില്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ വളരെ നല്ല മാറ്റങ്ങള്‍ ഞാന്‍ കാണുന്നുണ്ട്.


Click it and Unblock the Notifications











