അച്ഛനോ അമ്മയ്ക്കോ ഇല്ല; രാഹയുടെ നീലക്കണ്ണുകൾക്ക് പിന്നിൽ തലമുറകൾക്ക് പിന്നിലുള്ളവർ; ജെനിറ്റിക്സിന്റെ മാജിക്
രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ആദ്യമായാണ് മകളുടെ മുഖം രൺബീറും ആലിയയും ആരാധകരെ കാണിച്ചത്. ഇത്രയും നാൾ മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശമുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് രാഹയുടെ ഫോട്ടോ വൈറലായത്. മകൾ ക്യൂട്ട് ആണെന്ന് ഏവരും അഭിപ്രായപ്പെട്ടു.
രൺബീറിന്റെ പിതാവ് അന്തരിച്ച ഋഷി കപൂറിന്റെ മുഖഛായയാണ് രാഹയ്ക്കെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. രാഹയുടെ നീലക്കണ്ണുകളാണ് ഏവരും ശ്രദ്ധിച്ചത്. പിതാവ് രൺബീർ കപൂറിനോ അമ്മ ആലിയ ഭട്ടിനോ നീലക്കണ്ണുകളല്ല. പിന്നെ എങ്ങനെ രാഹയ്ക്ക് നീലക്കണ്ണുകൾ ലഭിച്ചെന്ന ചോദ്യം ചിലർക്കെങ്കിലും വന്നു. ആലിയയുടെയും രൺബീറിന്റെയും കുടുംബ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഋഷി കപൂറിന്റെ പിതാവ് രാജ് കപൂറിന് നീലക്കണ്ണുകളാണ്. എന്നാൽ അത് കൊണ്ട് മാത്രം രാഹയ്ക്ക് നീലക്കണ്ണുകൾ ലഭിക്കില്ല. ജനിതക പഠനപ്രകാരം കറുത്ത കൃഷ്ണമണികൾ ഡൊമിനന്റ് ആണ്. നീലക്കണ്ണുകൾ റിസെസീവും. നീലക്കണ്ണുള്ള ഒരാൾക്കും കറുത്ത കണ്ണുള്ള ഒരാൾക്കും ജനിക്കുന്ന കുട്ടിയുടെ കണ്ണിന്റെ നിറം മിക്കവാറും കറുപ്പായിരിക്കും. നീലക്കണ്ണുകൾ ലഭിക്കണമെങ്കിൽ രണ്ട് പേർക്കും നീലക്കണ്ണുകളുടെ ജെനിറ്റിക്സ് വേണം. രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന് നീല കണ്ണുകൾ ലഭിച്ചിട്ടില്ല. ഇതിന് കാരണം രാജ്കപൂറിന്റെ ഭാര്യ കൃഷ്ണ കപൂറിന്റെ ജെനിറ്റിക്സ് ആണ്. കൃഷ്ണയ്ക്ക് കറുത്ത കണ്ണുകളാണ്.
ഋഷി കപൂറിന്റെ മകൻ രൺബീർ കപൂറിനും നീലക്കണ്ണ് ലഭിച്ചില്ല. ഇതിന് കാരണം രൺബീറിന്റെ അമ്മ നീതു സിംഗിന്റെ ജെനിറ്റിക്സ് ആണ്. പിന്നെ രൺബീറിന്റെ മകൾ രാഹയ്ക്ക് എങ്ങനെ നീല കൃഷ്ണമണിയുള്ള കണ്ണുകൾ ലഭിച്ചെന്ന് ചോദിക്കുമ്പോൾ ആലിയയുടെ ജെനിറ്റിക് പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. ആലിയയുടെ അമ്മൂമ്മ ഗെട്രൂഡ് ഹൊസ്ലർ ബ്രിട്ടീഷ്-ജർമ്മൻ വംശജയാണ്.

കശ്മീരി പണ്ഡിറ്റായ നരേന്ദ്ര നാഥ് റസ്ദാനാണ് അപ്പൂപ്പൻ. ഇവർക്ക് ജനിച്ച സോണി റസ്ദാന് നീല കണ്ണുകളാണ്. എന്നാൽ സോണിയുടെ ഭർത്താവ് മഹേഷ് ഭട്ടിന്റെ ജെനിറ്റിക്സ് കാരണം മകൾ ആലിയക്ക് കറുത്ത കൃഷ്ണ മണികളുള്ള കണ്ണാണ്. ആലിയക്കും രൺബീറിനുമുള്ള ജെനിറ്റിക് പാരമ്പര്യമാണ് മകൾ രാഹയ്ക്ക് നീലക്കണ്ണുകൾ ലഭിക്കാൻ കാരണം. തലമുറകൾക്ക് മുമ്പുള്ളവരുടെ ജെനിറ്റിക്സ് ആണ് രാഹയുടെ തിളങ്ങുന്ന നീലക്കണ്ണുകൾക്ക് പിന്നിൽ.
കഴിഞ്ഞ മാസമാണ് രാഹയ്ക്ക് ഒരു വയസ് പൂർത്തിയായത്. കഴിഞ്ഞ വർഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ ഭട്ട് വിവാഹിതയായത്. മകൾ പിറന്ന ശേഷവും ആലിയ അഭിനയ രംഗത്ത് സജീവമായി. അച്ഛനായ ശേഷം തന്നിൽ വന്ന മാറ്റങ്ങളെക്കുറിച്ച് രൺബീർ അടുത്തിടെ സംസാരിക്കുകയുണ്ടായി.
മകളോടൊപ്പം സമയം ചെലവഴിക്കാനാണ്തനിക്ക് താൽപര്യമെന്നും പുറത്ത് പോകാൻ ഇഷ്ടമല്ലെന്നും രൺബീർ പറഞ്ഞു. 40ാം വയസിലാണ് രൺബീർ അച്ഛനായത്. അനിമൽ ആണ് രൺബീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച കലക്ഷൻ നേടി സിനിമ പ്രദർശനം തുടരുകയാണ്. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആലിയ ഭട്ടിന്റെ ചിത്രം.


Click it and Unblock the Notifications