രണ്ടാം ഭാര്യയാവാൻ മടിച്ചില്ല, പക്ഷെ അക്കാര്യത്തിൽ മാറ്റമില്ല; ഹേമ മാലിനി അന്നെടുത്ത തീരുമാനം
സിനിമകളിലേക്കാൾ നാടകീയ സംഭവങ്ങൾ അഭിനേതാക്കളുടെ ജീവിതത്തിൽ നടക്കുന്നത് എല്ലാ സിനിമാ മേഖലയിലും കാണാറുള്ള പതിവാണ്. പ്രണയം, പ്രണയത്തകർച്ച, കരിയറിലെ വൈര്യം,പിണക്കം ഇണക്കം തുടങ്ങി ഒരു താരത്തിന്റെ ജീവിതം പലപ്പോഴും ഓഫ് സ്ക്രീനിലെ കാരണങ്ങളാലാണ് ജനശ്രദ്ധയാകർഷിക്കാറ്. ഇത്തരത്തിൽ ഓഫ് സ്ക്രീനിലും ഓൺ സ്ക്രിനിലും ജനശ്രദ്ധയാർകർഷിച്ച നടിയാണ് ഹേമ മാലിനി. ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ ആയിരുന്നു ഹേമ മാലിനി.

വശ്യമായ സൗന്ദര്യവുമായി ബിഗ് സ്ക്രീനിൽ ആരാധകരെ ഹരം കൊള്ളിച്ച നടിയാണ് ഹേമ മാലിനി. ബിഗ് സ്ക്രീനിൽ മാത്രം കാണാൻ പറ്റുന്ന വിസ്മയമായിരുന്ന ഹേമ മാലിനിയെ ആരാധകർ ഡ്രീം ഗേളെന്ന് വിശേഷിപ്പിക്കുകയായിരുന്നു.
1963 ൽ ഇതു സത്യം എന്ന തമിഴ് സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടക്കുന്നത്. സപ്നോ കാ സൗദഗർ എന്ന സിനിമയിലൂടെയാണ് ഹേമ മാലിനി ഹിന്ദി സിനിമാ രംഗത്ത് നായിക നടിയായെത്തുന്നത്.

പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി. അക്കാലത്തെ സൂപ്പർ താരമായിരുന്ന ധർമ്മേന്ദ്രയ്ക്കൊപ്പമാണ് ഹേമ മാലിനി കൂടുതൽ സിനിമകൾ ചെയ്തത്. ഇരുവരും അക്കാലത്തെ ഹിറ്റ് ഓൺ സ്ക്രീൻ ജോഡിയായിരുന്നു.
വൈകാതെ തന്നെ ഇരുവരും ഓഫ് സ്ക്രീനിലും പ്രണയത്തിലായി. അന്ന് ഏറെ ചർച്ചയായ സംഭവമായിരുന്നു ഹേമമാലിനിയും ധർമേന്ദ്രയും തമ്മിലുള്ള പ്രണയം. 1980 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

പ്രകാശ് കൗറാണ് നടന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നീ നാല് മക്കളുമുണ്ട്. ഈ വിവാഹ ബന്ധം നില നിൽക്കെയാണ് ഹേമ മാലിനിയെ ധർമ്മേന്ദ്ര ഭാര്യയാക്കുന്നത്. നടന്റെ രണ്ടാം ഭാര്യയാവാൻ ഹേമ മാലിനി സമ്മതിക്കുകയും ചെയ്തു. വിവാഹ ശേഷം രണ്ടാം ഭാര്യക്കൊപ്പം താമസിക്കാൻ ധർമ്മേന്ദ്ര മറ്റൊരു വീട് കണ്ടെത്തി.

രണ്ട് ഭാര്യമാരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിലും ഇവർ അന്ന് മുതലേ പിന്തുടർന്നിരുന്ന ഒരു ചട്ടമുണ്ടായിരുന്നു. ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ താമസിക്കുന്ന തറവാട് വീട്ടിലേക്ക് ഹേമ മാലിനി പോയിട്ടില്ല.
ഹേമ മാലിനിയുള്ള വീട്ടിൽ പ്രകാശ് കൗറും പോയില്ല. ഭർത്താവിന്റെ വീട്ടുകാരൊക്കെ താമസിക്കുന്ന തറവാട്ടിൽ ആദ്യ ഭാര്യക്കായിരുന്നു സ്ഥാനം.
ഹേമ മാലിനി ഇതിൽ പരിഭവിച്ചില്ല. ധർമ്മേന്ദ്രയുടെ വീട്ടുകാർക്ക് നടിയോട് നീരസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഒരിക്കലും ആ വീട്ടിലേക്ക് ഹോമ മാലിനി പോയിട്ടില്ലത്രെ. മക്കളുടെ കാര്യത്തിലും ഇതേ നിർബന്ധം ഹേമ മാലിനിക്കുണ്ടായിരുന്നു. പ്രകാശ് കൗറിന്റെ മക്കളുമായി അടുത്തിടപഴകാനുള്ള അവസരം നൽകിയിരുന്നില്ല.

എന്നാൽ ഒരു പ്രാവശ്യം ഈ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടി വന്നു. ധർമ്മേന്ദ്രയുടെ സഹോദരൻ അജിത്ത് ഡിയോൾ 2015 ൽ അസുഖം ബാധിച്ച് കിടപ്പിലായ സമയത്തായിരുന്നു ഇത്. ഹേമ മാലിനിയുടെ മകളുമായി ചെറുപ്പം മുതേല ഇദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു.
മരണത്തോടടുത്തിരിക്കെ തനിക്ക് ഇഷയെ കാണണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ഹേമ മാലിനി സമ്മതിക്കുകയും ചെയ്തു. ഇഷയെ പ്രകാശ് കൗർ വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും തന്റെ മക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.


Click it and Unblock the Notifications