സാരി അഴിഞ്ഞ് പോകുമെന്ന് ഞാൻ; അതാണ് വേണ്ടതെന്ന് സംവിധായകൻ; മോശം അനുഭവം പങ്കുവെച്ച് ഹേമ
ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ ആയിരുന്നു ഒരുകാലത്ത് ഹേമ മാലിനി. 74 കാരിയായ ഹേമ സിനിമകളിൽ നിന്നും കുറേ വർഷങ്ങളായി മാറി നിൽക്കുകയാണ്. രാഷ്ട്രീയത്തിലാണ് ഹേമ ഇന്ന് സജീവം. എഴുപതുകളിൽ സിനിമാ ലോകത്ത് ഹേമ മാലിനിയുണ്ടാക്കിയ തരംഗം ചെറുതല്ല. തമിഴ്നാട്ടുകാരിയായ ഹേമ ഹിന്ദി സിനിമാ രംഗത്തെ മുൻനിര നായികയായി അതിവേഗം വളർന്നു. 1963 ൽ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമ മാലിനി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.
നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ൽ സപ്നോ ക സൗദഗർ എന്ന സിനിമയിലാണ്. പിന്നീട് കൈനിറയെ അവസരങ്ങൾ ഹേമ മാലിനിക്ക് ലഭിച്ചു. 1970 ൽ തും ഹസീൻ മേം ജവാൻ എന്ന സിനിമയിൽ ധർമ്മേന്ദ്രയ്ക്കൊപ്പം അഭിനയിച്ചു. പിന്നീടിവർ ഹിറ്റ് ജോഡിയായി. 1980 ൽ ധർമ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി സിനിമാ രംഗത്ത് സജീവമായിരുന്നു.
വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹേമ മാലിനിയിപ്പോൾ. സിനിമകളിൽ അഭിനയിക്കുമ്പോൾ അനാവശ്യമായ വിട്ടുവീഴ്ചകൾക്ക് താൻ തയ്യാറായിരുന്നില്ലെന്ന് ഹേമ മാലിനി പറയുന്നു. ഒരു സിനിമയ്ക്കിടെയുണ്ടായ അനുഭവവും ഹേമ മാലിനി പങ്കുവെച്ചു.

ഒരു പ്രത്യേക സീൻ സംവിധായകന് ഷൂട്ട് ചെയ്യണമായിരുന്നു. സാരിയുടെ പിൻ അഴിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനെപ്പോഴും സാരിക്ക് പിൻ കുത്തുമായിരുന്നു. പിൻ കുത്താതിരുന്നാൽ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാൻ പറഞ്ഞു. അതാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ് അദ്ദേഹം നൽകിയ മറുപടിയെന്ന് ഹേമ മാലിനി നീരസത്തോടെ ഓർത്തു.
രാജ് കപൂർ സംവിധാനം ചെയ്ത സത്യം ശിവം സുന്ദരം എന്ന സിനിമ നിരസിച്ചതിനെക്കുറിച്ചും ഹേമ മാലിനി സംസാരിച്ചു. ഹേമ പൊതുവെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണിത്. പക്ഷെ നിങ്ങൾ ഇത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രാജ് കപൂർ പറഞ്ഞു. എന്റെ അമ്മ അടുത്തുണ്ടായിരുന്നു. വേണ്ടെന്ന അർത്ഥത്തിൽ അമ്മ തലയാട്ടിയെന്നും ഹേമ മാലിനി വ്യക്തമാക്കി. സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ ഹേമ മാലിനി അധികം അഭിനയിച്ചിട്ടില്ല.

സിനിമയ്ക്കപ്പുറം ഹേമ മാലിനിയുടെ ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. അടുത്തിടെ ഭർത്താവ് ധർമ്മേന്ദ്രയുടെ ആദ്യ ബന്ധത്തിലെ കൊച്ചുമകന്റെ വിവാഹത്തിന് ഹേമ മാലിനി എത്താത്തത് വാർത്തയായിരുന്നു. പ്രകാശ് കൗർ എന്നാണ് ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. ഈ വിവാഹബന്ധം നിലനിൽക്കെയാണ് ഹേമ മാലിനിയെ നടൻ വിവാഹം ചെയ്തത്. നാല് മക്കളും ആദ്യ വിവാഹത്തിൽ ധർമ്മേന്ദ്രയ്ക്കുണ്ട്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ എന്നിവരാണ് പ്രകാശ് കൗർ-ധർമ്മേന്ദ്ര ദമ്പതികൾക്ക് പിറന്നത്.
ധർമ്മേന്ദ്രയുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തെങ്കിലും ഹേമ മാലിനി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നീ മക്കളും താരദമ്പതികൾക്ക് പിറന്നു. ആഹാനയും ഇഷയും വിവാഹിതരാണ്. 2012 ലാണ് ഇഷ ഡിയോൾ വിവാഹിതയായത്. ഭാരത് തക്താനി എന്നാണ് ഇഷയുടെ ഭർത്താവിന്റെ പേര്. 2014 ൽ അഹാന ഡിയോളും വിവാഹിതയായി. വൈഭവ് വൊഹ്രയാണ് അഹാന ഡിയോളിന്റെ ഭർത്താവ്. ഏറെ നാളുകൾക്ക് ശേഷം റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ ധർമ്മേന്ദ്ര വീണ്ടും ബിഗ് സ്ക്രീനിലെത്തുകയാണ്.


Click it and Unblock the Notifications