അവനെ നിർബന്ധിച്ചത് ഞാനാണ്; ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മക്കളോട് ഹേമയ്ക്കുള്ള കരുതൽ
ബോളിവുഡിൽ എപ്പോഴും ജനശ്രദ്ധ നേടുന്നവരാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. ജനപ്രിയ താര ജോഡികളായ ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആഘോഷങ്ങൾക്കൊപ്പം വിവാദങ്ങളും ഉടലെടുത്തു. രണ്ടാം ഭാര്യയായാണ് ഹേമ മാലിനി ധർമ്മേന്ദ്രയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പ്രകാശ് കൗർ ആണ് നടന്റെ ആദ്യ ഭാര്യ. രണ്ട് ഭാര്യമാരിലെ മക്കളും ധർമ്മേന്ദ്രയുടെ സംരക്ഷണയിലാണ് വളർന്നത്. ആദ്യ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും ഭർത്താവിനെ അകറ്റാൻ ഹേമ മാലനി ശ്രമിച്ചതുമില്ല.
എന്നാൽ വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിൽ തന്റേതായ ചില ചിട്ടവട്ടങ്ങൾ ഹേമയ്ക്കുണ്ട്. പ്രകാശ് കൗറുമായുള്ള കൂടിക്കാഴ്ച താരം ഒഴിവാക്കാറാണ് പതിവ്. ഭർത്താവിന്റെ മാതാപിതാക്കളുള്ള വീട്ടിലുമല്ല ഹേമ വിവാഹശേഷം താമസിച്ചത്. മക്കളായ ഇഷ ഡിയോളിനും അഹാനയ്ക്കുമൊപ്പം മറ്റൊരു വീട്ടിലാണ് ഹേമ മാലിനി കഴിഞ്ഞത്. വിവാഹശേഷവും നടി അഭിനയ രംഗത്ത് തുടർന്നു. പിന്നീട് രാഷ്ട്രീയത്തിലേക്കും ഹേമ മാലിനി കടന്ന് വന്നു.

ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ ആദ്യ ഭാര്യ പ്രകാശ് കൗറിന് എതിർപ്പുണ്ടായിരുന്നെങ്കിലും ഭർത്താവിനെ പരസ്യമായി കുറ്റപ്പെടുത്താൻ അവർ തയ്യാറായില്ല. ഭർത്താവിനെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. ധർമ്മേന്ദ്രയുടെ സ്ഥാനത്ത് മറ്റേതൊരു സ്ത്രീ ആയിരുന്നെങ്കിലും തനിക്ക് പകരം ഹേമ മാലിനിയെ വിവാഹം ചെയ്തേനെ എന്നാണ് ഒരിക്കൽ പ്രകാശ് കൗർ പറഞ്ഞത്. അതേസമയം ഹേമ മാലിനിയോടുള്ള നീരസം പ്രകാശ് കൗർ മറച്ച് വെച്ചതുമില്ല.
ഒരു സ്ത്രീയെന്ന നിലയിൽ ഹേമയെ മനസ്സിലാക്കാൻ പറ്റും. പക്ഷെ ഒരു ഭാര്യയെന്ന നിലയിൽ അവർ ചെയ്തത് അംഗീകരിക്കാൻ പറ്റില്ല. എന്നാൽ ഹേമ കടന്ന് പോവുന്ന സാഹചര്യം എനിക്ക് മനസ്സിലാക്കാം. അവൾക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും പ്രകാശ് കൗർ അന്ന് ചൂണ്ടിക്കാട്ടി. രണ്ട് കുടുംബങ്ങളും തമ്മിൽ പിന്നീട് അസ്വാരസ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
സണ്ണി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ, ബോബി ഡിയോൾ എന്നീ നാല് മക്കളാണ് പ്രകാശ് കൗറിനും ധർമ്മേന്ദ്രയ്ക്കും പിറന്നത്. സണ്ണി ഡിയോളും ബോബി ഡിയോളും ബോളിവുഡിൽ പേരെടുത്തു. ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മക്കളാണെങ്കിലും ഇവരോട് ഹേമ മാലിനി അകൽച്ച കാണിച്ചിട്ടില്ല. പ്രത്യേകിച്ചും സണ്ണി ഡിയോൾ ഹേമ മാലിനിക്ക് പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ സണ്ണി ഡിയോളിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സണ്ണി ഡിയോൾ നായകനായെത്തി അടുത്തിടെ റിലീസ് ചെയ്ത ഗഡർ 2 എന്ന സിനിമയെ ഹേമ മാലിനി പ്രശംസിച്ചു. ഗഡർ 2 വലിയ ഹിറ്റാകാൻ കാരണം പ്രേക്ഷകർ സണ്ണിയെ സ്നേഹിക്കുന്നത് കൊണ്ടാണ്. അവർക്കെല്ലാം സണ്ണിയെ വേണം. തിരിച്ച് വരവിൽ മികച്ച സിനിമ ചെയ്തേ പറ്റൂയെന്ന് സണ്ണിയോട് ഞാൻ പറയുമായിരുന്നു. ചെയ്യുമെന്നാണ് സണ്ണി നൽകിയ മറുപടിയെന്നും ഹേമ മാലിനി ഓർത്തു.

ഹേമയുടെ മക്കൾക്കും സണ്ണി ഡിയോൾ പ്രിയപ്പെട്ട സഹോദരനാണ്. അതേസമയം അടുത്തിടെ രണ്ട് കുടുംബങ്ങളും തമ്മിൽ അകൽച്ചയെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. സണ്ണി ഡിയോളിന്റെ മകനായ കരൺ ഡിയോളിന്റെ വിവാഹത്തിന് ഹേമ മാലിനിയോ മക്കളോ എത്തിയിരുന്നില്ല. ഇവരെ ക്ഷണിച്ചില്ലെന്നാണ് ബി ടൗൺ മാധ്യമങ്ങളിൽ വന്ന വാർത്ത.
എന്നാൽ താരകുടുംബം ഈ ഗോസിപ്പുകളൊന്നും കാര്യമായി എടുത്തില്ല. കൊച്ചുമകന്റെ വിവാഹത്തിൽ നിറ സാന്നിധ്യമായി ധർമ്മേന്ദ്രയുണ്ടായിരുന്നു. അടുത്തിടെയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത് ധർമ്മേന്ദ്ര കൈയടി വാങ്ങിയത്.


Click it and Unblock the Notifications