കുറവുകളെപ്പോലും സ്നേഹിച്ചു, നേർച്ചകളും പ്രാർത്ഥനകളുമായി കഴിഞ്ഞ സുസൈൻ, പറഞ്ഞ വാക്ക് പാലിച്ച ഹൃത്വിക്കും!
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ വാർത്തയാവുകയും ചർച്ചയാവുകയും ചെയ്ത ഒന്നായിരുന്നു ഹൃതിക് റോഷൻ സുസൈൻ ഖാൻ വിവാഹമോചനം. ഇരുവരുടേയും പ്രണയവും ദാമ്പത്യവും സുസൈന്റെ സഹോദരിയും ജ്വല്ലറി ഡിസൈനറും സംരംഭകയുമായ ഫറാ ഖാൻ അലിയുടെ അഭിമുഖം പുറത്ത് വന്നതോടെ വീണ്ടും ചർച്ചയാവുകയാണ്. വിവാഹബന്ധം അവസാനിപ്പിച്ച സമയത്ത് സുസൈൻ ഹൃതിക്കിൽ നിന്നും 400 കോടി രൂപ ജീവനാംശമായി വാങ്ങി എന്നത് തെറ്റായ ആരോപണമാണെന്നായിരുന്നു സഹോദരിയുടെ തുറന്ന് പറച്ചിൽ.
ഇതോടെയാണ് വേർപിരിയലിനുശേഷവും കരിയറും ജീവിതവുമായി മുന്നോട്ട് പോകുമ്പോഴും പരസ്പരം മാതൃകാപരമായ സൗഹൃദം നിലനിർത്തുന്ന ഹൃതിക് റോഷൻ-സുസൈൻ ഖാൻ പ്രണയം ആരാധകർക്കിടയിൽ ചർച്ചയായത്. സുസൈന്റെ അമ്മ സരീൻ ഖാൻ ഹൃതിക്കിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലാകുന്നുണ്ട്.

ഹൃതിക്കും സുസൈനും വളരെ ചെറുപ്പത്തിലേ പ്രണയത്തിലായിരുന്നു. അന്നേ സുസൈനെയാണ് താൻ വിവാഹം കഴിക്കുകയെന്ന് ഹൃതിക് തന്റെ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നുവെന്ന് 2012ൽ നൽകിയ ഒരു അഭിമുഖത്തിൽ സരീൻ ഖാൻ വെളിപ്പെടുത്തിയിരുന്നു. സുസൈന്റെ മുൻപല്ലുകൾ രണ്ടും പുറത്തേക്ക് തള്ളി നിന്നിരുന്ന കാലത്തുപോലും ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് ഈ പെൺകുട്ടിയെയാണ് എന്ന് ഹൃതിക് പറഞ്ഞിരുന്നു.
ഹൃതിക്കിന് അന്ന് വിക്കലുണ്ടായിരുന്നു. ഒരിക്കൽ താനവ്‍ സൂപ്പർ താരമാകുമെന്ന് പോലും അവൻ കരുതിയിരുന്നില്ല. അവനെ പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്തത് സുസൈനാണ്. ഇരുവരും ഒരുമിച്ചാണ് വളർന്നത് എന്നാണ് സരീൻ അന്ന് പറഞ്ഞത്. ഹൃതിക്കിന്റെ ആദ്യ സിനിമ റിലീസാകാനായപ്പോൾ സിനിമ വിജയിക്കണമെന്ന പ്രാർത്ഥനയായി സുസൈൻ മധുരപലഹാരങ്ങൾ കഴിക്കില്ലെന്ന് നേർച്ചയെടുത്തിരുന്നുവെന്നും സരീൻ ഓർമ്മിച്ചു.
സിനിമ വൻവിജയമായതിന് പിന്നാലെ ഹൃതിക് തന്റെ വാക്ക് പാലിച്ച് സുസൈനെ വിവാഹം കഴിച്ചുവെന്നും അവർ പറഞ്ഞു. മകളുടെയും മരുമകന്റെയും ബന്ധം ഒരിക്കലും തകരില്ലെന്നാണ് സരീൻ വിശ്വസിച്ചിരുന്നത്. ശക്തമായ കാറ്റ് വന്നുപോകാം പക്ഷെ അവരുടെ കുടുംബത്തെ അത് തകർക്കില്ല എന്നാണ് ഒരിക്കൽ അവർ പറഞ്ഞത്. എന്നാൽ അതിന് രണ്ട് വർഷങ്ങൾക്കുശേഷം 2014ൽ ഹൃതിക്കും സുസൈനും സൗഹൃദപരമായി വിവാഹമോചിതരായി.
ഹൃതിക്കിന്റെ ശാന്തസ്വഭാവത്തെക്കുറിച്ചും സരീൻ എപ്പോഴും വാചാലയായിരുന്നു. അവൻ തെറ്റായ തൊഴിലാണ് തെരഞ്ഞെടുത്തതെന്ന് എനിക്ക് തോന്നാറുണ്ട്. അവന്റെ മനസ് വളരെ സൗമ്യമാണ്. വളരെ അധികം മാനുഷിക മൂല്യമുള്ളവനും ക്ഷമിക്കുന്ന സ്വഭാവക്കാരനുമാണ്. ആത്മീയ നേതാവായിരുന്നെങ്കിൽ അദ്ദേഹം മികച്ച രീതിയിൽ തിളങ്ങിയേനെ. ആരോടും വൈരാഗ്യം സൂക്ഷിക്കുകയോ എളുപ്പത്തിൽ ദേഷ്യപ്പെടുകയോ ചെയ്യില്ല.

കടുത്ത അനീതി കണ്ടാൽ മാത്രമാണ് ഹൃതിക്ക് പ്രതികരിക്കുക. അല്ലാത്തപക്ഷം എല്ലാം വിട്ടുകളയുന്ന ആളാണ് സരീൻ പറഞ്ഞു. വിവാഹമോചനത്തിന് ശേഷവും മക്കളെ ഇരുവരും ചേർന്നാണ് വളർത്തുന്നത്. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും ഇന്നും അതേപടി തുടരുകയാണ്. 2015ൽ സരീൻ ഖാന്റെ പാചകപുസ്തകം പുറത്തിറങ്ങിയപ്പോൾ ഹൃതിക് ആശംസകൾ അറിയിക്കുകയും അവരെ അമ്മ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
അതേക്കുറിച്ച് പ്രതികരിച്ച സരീൻ അവൻ എന്റെ കൊച്ചുമക്കളുടെ അച്ഛനാണ്. ഞങ്ങൾ ജീവിതകാലം മുഴുവൻ ബന്ധപ്പെട്ട് കിടക്കുന്നവരാണ്. വിവാഹമോചനം നടന്നപ്പോൾ സുസൈൻ അനാവശ്യ വിവാദങ്ങളൊന്നും സൃഷ്ടിച്ചില്ല. ഞങ്ങൾ എപ്പോഴും ഒരു കുടുംബമായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ് എന്നാണ് പറഞ്ഞത്. 2024ൽ നൽകിയ മറ്റൊരു അഭിമുഖത്തിലും ഹൃതിക് ഇന്നും തന്റെ മകനാണെന്ന് സരീൻ ആവർത്തിച്ചിരുന്നു.
ഹൃതിക്കും സുസൈനും ഇന്ന് ദമ്പതികളല്ല. പക്ഷെ അവർ ഇന്നും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. പരസ്പരം അതേ സ്നേഹവും ബഹുമാനവും അവർ കാത്തുസൂക്ഷിക്കുന്നു എന്നായിരുന്നു അവരുടെ വാക്കുകൾ. വിവാഹമോചനം നടന്ന് പത്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഹൃതിക്കോ സുസൈനോ വീണ്ടും വിവാഹിതരായിട്ടില്ല.


Click it and Unblock the Notifications


