ലോകത്തിലെ ഏറ്റവും സുന്ദരിയെന്ന് പറഞ്ഞു; ഐശ്വര്യയെ നേരിട്ട് കണ്ടപ്പോൾ; എന്റെ ഭാര്യ അടുത്തുണ്ട്; ഹ്യൂ ജാക്ക് മാൻ
സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച നടിയാണ് ഐശ്വര്യ റായ്. ആഘോള ഫാഷൻ ലോകത്ത് ഐശ്വര്യയുണ്ടാക്കിയ തരംഗം ചെറുതല്ല. 1994 ൽ ലോകസുന്ദരി പട്ടം ചൂടിയ ഐശ്വര്യ സിനിമാ രംഗത്തും ശ്രദ്ധിക്കപ്പെട്ടു. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. സിനിമാ ലോകത്തിനപ്പുറമായിരുന്നു ഐശ്വര്യയുടെ താരപ്രഭ. ബോളിവുഡിന് പോലും ഒരു കാലത്ത് ഐശ്വര്യയെ അത്ര അടുത്ത് കാണാനായിട്ടില്ല.
നടി എന്നതിനപ്പുറം ബ്യൂട്ടി ഐക്കൺ ആയാണ് ഐശ്വര്യയെ പലരും കണ്ടത്. ആഗോള ബ്രാൻഡുകളും സ്റ്റെെലിസ്റ്റുകളുമെല്ലാം വിസ്മയത്തോടെ കണ്ട മുഖം. ഹോളിവുഡിലും നടിക്ക് ആരാധകരുണ്ട്. പ്രമുഖ ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാൻ ഒരിക്കൽ നടി ഐശ്വര്യ റായിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2011 ൽ ഹ്യൂ ജാക്ക്മാൻ ഒരു പുരസ്കാരം സ്വീകരിക്കാൻ ഇന്ത്യയിലേക്ക് വന്നിരുന്നു. അന്ന് ഐശ്വര്യ റായിയെ ഇദ്ദേഹം നേരിട്ട് കണ്ടു.

അന്നത്തെ നടന്റെ ഭാര്യ ദെബൊറ ലീ ഫർനസിനൊപ്പമാണ് ഹ്യൂ ജാക്ക് മാൻ ഇന്ത്യയിലേക്ക് വന്നത്. ഐശ്വര്യയും ഫിലിം മേക്കർ യാഷ് ചോപ്രയും അന്ന് താരത്തിന് ഗണപതി വിഗ്രഹം നൽകി ആദരിക്കുകയും ചെയ്തു. അന്ന് വേദിയിൽ വെച്ച് ഐശ്വര്യയെക്കുറിച്ച് ഹ്യൂ ജാക്ക്മാൻ സംസാരിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരിയായ നടിയെ കാണാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞിരുന്നു. അതെന്റെ ഭാര്യയായിരിക്കുമെന്ന് ഞാൻ കരുതി.
ഞാൻ സ്മാർട്ട് ആയതിനാലും എന്റെ ഭാര്യ മുൻനിരയിൽ ഇരിക്കുന്നതിനാലുമാണ് ഞാനിങ്ങനെ പറയുന്നത്. പക്ഷെ, നന്ദി ഐഷ്, വളരെ നന്ദി. നിങ്ങൾ ശരിക്കും സുന്ദരിയായ നടിയാണ്. പക്ഷെ ഏറ്റവും സുന്ദരിയായ നടിയല്ലെന്നും ഹ്യൂ ജാക്ക് മാൻ ഭാര്യയെ ചൂണ്ടിക്കാട്ടി ചിരിയോടെ പറഞ്ഞു.

ആഗോള തലത്തിൽ ജനശ്രദ്ധ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നടി ഐശ്വര്യ റായ് ആണ്. ചുരുക്കം ഹോളിവുഡ് സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. അതേസമയം ആഗോള ഫാഷൻ വേദികളിലും സിനിമാ ഇവന്റുകളിലും ഐശ്വര്യ എത്താറുണ്ട്. കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് തുടങ്ങിയ ഇവന്റുകളിൽ ഐശ്വര്യ മുടങ്ങാതെ എത്താറുണ്ട്.
യുഎസിലെ പ്രമുഖ ഫാഷൻ ഐക്കണായ കിം കർദാഷിയാൻ കഴിഞ്ഞ ദിവസം ഐശ്വര്യ റായ്ക്കൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആനന്ദ് അംബാനിയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് കിം കർദാഷിയാൻ ഐശ്വര്യക്കൊപ്പം ഫോട്ടോയെടുത്തത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ വിവാഹ ചടങ്ങിന് എത്തിയെങ്കിലും കിം ഐശ്വര്യക്കൊപ്പമുള്ള ഫോട്ടോ മാത്രമാണ് പങ്കുവെച്ചത്.
ഐശ്വര്യക്ക് ആഗോള തലത്തിലുള്ള പ്രശസ്തിയാണ് ഇത് കാണിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ.


Click it and Unblock the Notifications