ആ അധികസമ്മര്‍ദ്ദം വേണ്ട, അവിവാഹിതയായി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ധൈര്യം ഇല്ലായിരുന്നു: മസാബ ഗുപ്ത
ക്രിക്കറ്റും ബോളിവുഡും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്, അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഇരുമേഖലകളിലേയും താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ പതിവ് സംഭവങ്ങളാണ്. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലേയും ഹിറ്റ് പ്രണയ ജോഡിയായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും ബോളിവുഡ് നടി നീന ഗുപ്തയും. എണ്‍പതുകളില്‍ ഇന്ത്യയിലെത്തിയ റിച്ചാര്‍ഡ്‌സ് നീനയുമായി പ്രണയത്തിലാവുകയായിരുന്നു. നീനയുമായി പ്രണയത്തിലാകുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും നിയമപരമായി വിവാഹിതരായില്ല. നീണ്ടകാലം ഇരുവരും പ്രണയിച്ചു.
നീനയുടേയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് പ്രമുഖ ഡിസൈനറും നടിയുമായ മസാബ ഗുപ്ത. വിവിയനുമായുള്ള പ്രണയ ബന്ധം അവസാനിച്ച ശേഷമായിരുന്നു നീന മസാബയ്ക്ക് ജന്മം നല്‍കിയത്. തന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചുമൊക്കെ മസാബ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് തന്നെ വളര്‍ത്തിയതിനെക്കുറിച്ചും താരം മനസ് തുറന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് മസാബ. ഹൗസ് ഓഫ് മസാബ എന്ന പേരില്‍ സ്വന്തമായൊരു ബ്രാന്റുമുണ്ട് മസാബയ്ക്ക്.

അച്ഛന്റെ സാമീപ്യമില്ലാതെ വളര്‍ന്നതുകൊണ്ട് പലപ്പോഴും മസാബയ്ക്ക് പല കോണുകളില്‍ നിന്നുമുള്ള കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അവയെയൊക്കെ അന്ന് ധൈര്യപൂര്‍വ്വം നേരിട്ട മസാബ തനിക്ക് കടന്നുപോകേണ്ട വഴി മുള്ളുകള്‍ നിറഞ്ഞതാണെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു. തനിക്ക് അവിവാഹിതയായി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ധൈര്യമില്ലായിരുന്നു എന്നു തുറന്നു പറയുകയാണ് ഇപ്പോള്‍ മസാബ. ആ അധികസമ്മര്‍ദ്ദം താങ്ങാനുള്ള ശേഷി തനിക്കില്ലെന്നു കൂടി സൂചിപ്പിച്ചായിരുന്നു മസാബയുടെ ഈ പ്രസ്താവന. മസാബ തന്റെ സ്വപ്‌നത്തിലെ പുരുഷ സങ്കല്പത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഈ അഭിമുഖത്തില്‍ തുറന്നു സംസാരിച്ചു.
അമ്മയെപ്പോലെ അവിവാഹിതയായി ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ തനിക്ക് ധൈര്യമില്ലെന്ന് മസാബ തുറന്നു പറയുന്നു. "സ്‌ക്രീനിനു വെളിയില്‍ നമ്മള്‍ വിചാരിക്കുന്നതു പോലെയല്ല, മറ്റൊന്നാണ് നടക്കുന്നത്. അവിവാഹിതരായ അമ്മമാരെക്കുറിച്ചുള്ള നിരവധി കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവരില്‍ പലരും കുഞ്ഞുങ്ങളെ ഒറ്റയ്ക്കാണ് നോക്കുന്നത്. അവരെക്കുറിച്ച് സമൂഹം പലതും പറയുന്നു. കാലം പുരോഗമിച്ചെന്നു പറഞ്ഞിട്ടും കാര്യമൊന്നുമില്ല. ഞാന്‍ ഒരു മോഡേണ്‍ സ്ത്രീ ആണെന്നു പറഞ്ഞാലും അവിവാഹിതയായി ഒരു കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താന്‍ എനിക്ക് അത്ര ധൈര്യം പോരാ. എനിക്ക് ആ അധികസമ്മര്‍ദ്ദത്തെ താങ്ങാനുള്ള ശേഷിയില്ല." മസാബ വ്യക്തമാക്കുന്നു.

നിര്‍മ്മാതാവായ മധു മന്തേനയെ 2015-ലാണ് മസാബ ഗുപ്ത വിവാഹം ചെയ്തത്. ഇരുവരും 2019-ല്‍ വിവാഹമോചിതരായി. മസാബ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ വെബ് സീരീസായ മോഡേണ്‍ ലവ് മുംബൈ മെയ് 13-നാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications