'സിനിമ കിട്ടിയില്ലെങ്കിൽ ചായ കട തുടങ്ങും'; സുശാന്ത് സിങിന്റെ പ്ലാൻ ബി ഇതായിരുന്നു, വൈറലായി വീഡിയോ!
സുശാന്ത് സിങ് രാജ്‌പുത്ത് വിടവാങ്ങിയത് തീർത്തും ആകസ്മികമായിട്ടാണ്. 34 ആം വയസിലായിരുന്നു ബോളിവുഡിലെ വളർന്ന് വരുന്ന താരത്തിന്റെ അന്ത്യം. കിട്ടുന്ന വേഷങ്ങൾ നൂറ് ശതമാനം ആത്മാർത്ഥതയോടെ അവതരിപ്പിച്ചിരുന്ന നടനെന്ന് നിസ്സംശയം വിളിക്കാവുന്ന താരമായിരുന്നു സുശാന്ത് സിങ്. പത്തോളം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിൽ പോലും അതിൽ പലതും സുശാന്തിനെ സിനിമാപ്രേമികളുടെ മനസ്സിൽ അടയാളപ്പെടുത്തി വെക്കുന്നതായിരുന്നു. ഡിറ്റക്ടീവ് ബോം കേഷ് ബക്ഷി, എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി, ചിച്ചോരെ, കേഥാർനാഥ് തുടങ്ങിയ സിനിമകളാണ് സുശാന്ത് സിങ് രാജ്പുത്തെന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങൾ.
ധോണിയുടെ ജീവചരിത്രം പറഞ്ഞ എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമ കണ്ടവർക്കാർക്കും ഒരു സ്ഥലത്തുപോലും സുശാന്ത് എന്നൊരു അഭിനേതാവിനെ കാണാൻ സാധിച്ചിട്ടുണ്ടാവില്ല. ധോണിയെ മാത്രമായിരുന്നു ആ സിനിമയിൽ മുഴുവൻ കാണാൻ കഴിഞ്ഞത്. ധോണിയുടെ മാനറിസവും പെരുമാറ്റങ്ങളുമെല്ലാം അതേപടി സുശാന്ത് ആ സിനിമയിലേക്ക് പകർത്തി. സുശാന്ത് ഒരു നല്ല നടനായിരുന്നു. പക്ഷെ അദ്ദേഹത്തിലൂടെ നിരവധി കഥാപാത്രങ്ങൾ പിറവികൊള്ളുന്നത് കാണാനുള്ള ഭാഗ്യം ഒരു സിനിമാപ്രേമിക്കും ഇല്ലായെന്ന് അദ്ദേഹത്തിന്റെ മരണം തെളിയിച്ചു.

ഇന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ 36 ആം ജന്മദിനമായിരുന്നു. കഴിവുകൾ ആവോളം ഉണ്ടായിരുന്ന പ്രതിഭയെ അകാലത്തിൽ നഷ്ടപ്പെട്ടതിന്റെ വേദന മൂന്ന് വർഷങ്ങൾക്കിപ്പുറവും ഉൾക്കൊള്ളാനാവാതെയാണ് ആരാധകർ സുശാന്തിനെ കുറിച്ചുള്ള ഓർമ കുറിപ്പുകൾ പങ്കുവെച്ചത്. ഇപ്പോൾ സുശാന്ത് സിങിന് വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്. സിനിമ ലഭിച്ചില്ലായിരുന്നവെങ്കിൽ താൻ എന്ത് ജോലി ചെയ്താവും ജീവിക്കുക എന്നാണ് സുശാന്ത് വിഡീയോയിൽ പറയുന്നത്. ടെലിവിഷനിലൂടെയാണ് സുശാന്ത് ലൈം ലൈറ്റിലേക്ക് എത്തിയത്. 2013ൽ ആണ് മിനിസ്ക്രീനിൽ നിന്നും സിനിമാ മേഖലയിലേക്ക് സുശാന്ത് പ്രവേശിച്ചത്. മിനി സ്ക്രീൻ ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയിട്ട് പച്ചപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുംബൈ ഫിലിം സിറ്റിയിൽ ചായകട ആരംഭിക്കുമെന്നും സ്വന്തം സിനിമകളും ഡോക്യുമെന്ററിയും ആ വരുമാനത്തിൽ നിർമിക്കുമെന്നും അതിൽ താൻ തന്നെ അഭിനയിക്കുമെന്നുമാണ് സുശാന്ത് പറഞ്ഞത്.

ദിൽ ബേച്ചാരെയായിരുന്നു സുശാന്ത് അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. പക്ഷെ സുശാന്ത് മരിച്ച ശേഷമാണ് സിനിമ റിലീസ് ചെയ്തത്. വലിയ വിജയമായിരുന്നു സിനിമ. 2015ൽ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ ലഭിച്ചില്ലെങ്കിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് സുശാന്ത് പറഞ്ഞത്. 'ഞാൻ ടെലിവിഷൻ ഉപേക്ഷിച്ചപ്പോൾ ആളുകൾ എന്നോട് പറഞ്ഞു... നിങ്ങൾ ഒരു ഫിലിം മേക്കിങ് കോഴ്സാണ് ചെ്തത്. പക്ഷേ നിങ്ങൾക്ക് ഒരു സിനിമ ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും? ഞാൻ പറഞ്ഞു... ഞാൻ സ്വന്തമായി സിനിമ ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഫിലിം സിറ്റിയിൽ ഒരു കാന്റീൻ തുടങ്ങുമെന്നും ശേഷം ക്യാമറ വാങ്ങി സ്വന്തമായി ഒരു ഷോർട്ട് ഫിലിം ചെയ്യുമെന്നും ഞാൻ പറഞ്ഞു. ഞാൻ ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഞാൻ ആവേശം കൊള്ളുന്നുണ്ട്.'
Recommended Video

'കാന്റീൻ തുടങ്ങുക എന്നത് എന്റെ പ്ലാൻ ബി ആയിരുന്നില്ല. എനിക്ക് ഫിലിം സിറ്റി ഇഷ്ടമായതിനാൽ ഫിലിം സിറ്റിയിൽ സമയം ചിലവഴിക്കുക എന്നത് ഇഷ്ടമാണ്. എല്ലാവരും എന്തെങ്കിലും ഷൂട്ട് ചെയ്യുന്ന മുംബൈയിലെ ഒരേയൊരു സ്ഥലമാണത്. അതുകൊണ്ടാണ് അവിടെ ഒരു കാന്റീൻ തുടങ്ങാൻ പ്ലാനിടുന്നത്. എനിക്ക് ഭക്ഷണം കഴിക്കാം, സിനിമകൾ ആസ്വദിക്കാം, യഥാർത്ഥത്തിൽ എനിക്ക് എന്റെ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാം' സുശാന്ത് പറയുന്നു. ഏക്താ കപൂറിന്റെ പവിത്ര റിഷ്ത എന്ന ടിവി ഷോയിലെ നായക വേഷത്തിലൂടെ സുശാന്ത് സിങ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നു. സീരിയലിൽ താരത്തിന്റെ സഹനടിയായ അങ്കിത ലോഖണ്ഡേയുമായി വർഷങ്ങളോളം സുശാന്ത് പ്രണയത്തിലായിരുന്നു. 2013ൽ കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിലേക്ക് പ്രവേശിച്ചത്. അതിനുശേഷം രാബ്ത അടക്കമുള്ള സിനിമകളും സുശാന്തിന്റേതായി പുറത്തിറങ്ങി.


Click it and Unblock the Notifications