'ഇതാ കണ്ടോളൂ...പൂള്‍ പാര്‍ട്ടിയുടെ കൂടുതല്‍ ചിത്രങ്ങള്‍'; ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി ഇറ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25-ാം പിറന്നാളായിരുന്നു കഴിഞ്ഞ മെയ് എട്ടാം തീയതി. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമായി ഇത്തവണ പൂള്‍ പാര്‍ട്ടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. സ്വിമ്മിങ്ങ് പൂളിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇറ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ബിക്കിനി ധരിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇറയെത്തേടി പിന്നാലെയെത്തിയത് ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. അനേകം ആളുകളാണ് ഇറയുടെ വേഷവിധാനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തിയത്.

ആ സമയം മൗനം പാലിച്ച ഇറ ഖാന്‍ ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രോളുകള്‍ക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്നെ ചുട്ട മറുപടി നല്‍കുകയാണ് താരം. 'ആര്‍ക്കെങ്കിലും ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് മോശം അഭിപ്രായമോ ട്രോളാനോ തോന്നുന്നുവെങ്കില്‍ അവര്‍ക്കായി ഇതാ കാണാന്‍ കുറേക്കൂടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. ഇതാ കണ്ടോളൂ' എന്നായിരുന്നു ഇറയുടെ പോസ്റ്റ്. പോസ്റ്റിനൊപ്പം പൂള്‍ പാര്‍ട്ടിയുടെ പുതിയ കുറേ ചിത്രങ്ങളും ഇറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
മകളുടെ പിറന്നാളിന് ഇത്തവണ നടന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒന്നിച്ചുണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ സവിശേഷത. കൂടാതെ അടുത്തിടെ വിവാഹമോചിതയായ ആമിര്‍ ഖാന്റെ രണ്ടാം ഭാര്യ കിരണ്‍ റാവുവും മകന്‍ ആസാദും എത്തിച്ചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പിറന്നാള്‍ പാര്‍ട്ടിയില്‍ ഇറയുടെ കാമുകനും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖരേയും പങ്കെടുത്തു.

ആഘോഷചിത്രങ്ങള്‍ ഇറ ഖാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പൂള്‍ പാര്‍ട്ടിയായതിനാല്‍ തന്നെ ബിക്കിനിയണിഞ്ഞ ഇറയാണ് ചിത്രങ്ങളിലുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരും സ്വിം സ്യൂട്ടില്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇറയുടെ ചിത്രങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചെങ്കിലും പരിഹാസങ്ങളും കുറവായിരുന്നില്ല.
സ്വന്തം അച്ഛന്റെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ബിക്കിനി ധരിച്ച് കാമുകനൊപ്പം നില്‍ക്കുന്നത് സഭ്യമാണോ എന്നൊക്കെയായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ അവള്‍ അവര്‍ക്കു മുന്നില്‍ അത്രയും കംഫര്‍ട്ടബിള്‍ ആയതിനാലാണെന്നും അവള്‍ എന്തു ധരിക്കണമെന്നത് അവളുടെ തീരുമാനമാണെന്നും ചിലര്‍ മറുപടി കൊടുക്കുന്നു. ഇസ്‌ലാം മതവിശ്വാസിയായ ആമിറിന്റെ മകളുടെ ഹിജാബ് എവിടെ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. അവള്‍ 25 വയസ്സുള്ള ഒരു സ്ത്രീയാണെന്നും സ്വതന്ത്രമായ ചിന്താഗതിയുള്ളൊരു സ്ത്രീ എന്തു ധരിക്കണമെന്ന് നിശ്ചയിക്കുന്നത് അവളുടെ അച്ഛനോ സമൂഹമോ അല്ലെന്നും നടി സോനം മഹാപത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ആമീറിന് റീന ദത്തയിലുള്ള മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 1986ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 16 വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ ഒടുവില്‍ 2002ല്‍ ഇരുവരും
വിവാഹമോചിതരാവുകയായിരുന്നു. അതേസമയം ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷ അവസരങ്ങളില്‍ ഇവര്‍ ഒത്തുകൂടാറുണ്ട്. മകള്‍ ഇറാ ഖാന്‍ നേരത്തെ തന്റെ പ്രണയത്തെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഫിറ്റ്‌നസ് ട്രെയിനറായ നൂപുറുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട് ഇറയ്ക്ക്. താന്‍ ബോളിവുഡിലേക്ക് ഇല്ലെന്നും ഇറാ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

റീന ദത്തയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു. 2021-ലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇരുവരുടെയും 15-ാം വിവാഹവാര്‍ഷികത്തിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് പുറംലോകത്തോട് പറഞ്ഞത്.


Click it and Unblock the Notifications











