'തകർന്ന കുടുംബം'; കുടുംബ വിഷയം വലിച്ചിഴയ്ക്കാൻ നോക്കി കങ്കണ; ഇറ ഖാൻ നൽകിയ മറുപടി
ഏറെക്കാലം വിഷാദരോഗം കാരണം ബുദ്ധിമുട്ടുകൾ നേരിട്ട താരപുത്രിയാണ് ഇറ ഖാൻ. ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടിയ ഇറ ഇന്ന് ഈ പ്രതിസന്ധികൾ ഏറെക്കുറെ അതിജീവിച്ചു. അതേസമയം താനിപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്നും സീസണൽ ഡിപ്രഷനാണ് തനിക്കെന്നും ഇറ അടുത്തിടെ വ്യക്തമാക്കി. ആമിർ ഖാന്റെ മകളായതിനാൽ തന്നെ ഇറ ഖാന്റെ തുറന്ന് പറച്ചിൽ വലിയ തോതിൽ ചർച്ചയായിരുന്നു.
വിഷാദരോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഇറയുടെ ഇടപെടൽ ഉപകരിച്ചു. അതേസമയം ഇറയുടെ വിഷാദരോഗത്തിന് കാരണം തകർന്ന കുടുംബമാണെന്ന വിമർശനവും ഒരു ഘട്ടത്തിൽ വന്നിരുന്നു. നടി കങ്കണ റണൗത്താണ് ഇങ്ങനെയൊരു അഭിപ്രായവുമായി മുമ്പൊരിക്കൽ രംഗത്ത് വന്നത്.

പതിനാറ് വയസിൽ എനിക്ക് എനിക്ക് ശാരീരിക അതിക്രമം നേരിടേണ്ടി വന്നു. ആസിഡ് കൊണ്ട് പൊള്ളലേറ്റ സഹോദരിയെ ഒറ്റയ്ക്ക് നോക്കി. ഒപ്പം മാധ്യമങ്ങളുടെ വേട്ടയാടലും നേരിട്ടു. ഡിപ്രഷനിലാകാൻ പല കാരണങ്ങളും ഉണ്ടാകും. പക്ഷെ പൊതുവെ തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിസന്ധികൾ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. പരമ്പരാഗത കുടുംബ വ്യവസ്ഥ വളരെ പ്രധാനമാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.
കങ്കണ ആമിറിന്റെ കുടുംബത്തെ ലക്ഷ്യം വെച്ചാണ് സംസാരിച്ചതെന്ന് പരക്കെ അഭിപ്രായം വന്നു. കങ്കണയുടെ പോസ്റ്റ് വന്ന് ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ഇറ സംസാരിക്കുകയുണ്ടായി. ഞാൻ ചെറുതായിരിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിഞ്ഞത്. അതെനിക്ക് ആഘാതമായെന്ന് കരുതുന്നില്ല. കാരണം പരസ്പര സമ്മപ്രകാരമാണ് വേർപിരിഞ്ഞത്. അവർ സുഹൃത്തുക്കളാണ്. കുടുംബം ഇപ്പോഴും സൗഹൃദത്തിലാണ്. ഞങ്ങളുടേത് ഒരു തരത്തിലും തകർന്ന കുടുംബം അല്ലെന്നും ഇറ അന്ന് വ്യക്തമാക്കി.

അതേസമയം കങ്കണയെ പേരെടുത്ത് ഇറ ഖാൻ പരാമർശിച്ചിട്ടില്ല. ആമിർ ഖാനെതിരെ ഒന്നിലേറെ തവണ കങ്കണ രംഗത്ത് വന്നിട്ടുണ്ട്. സമാന്ത-നാഗചൈതന്യ വിവാഹമോചനത്തിൽ ആമിറിന്റെ പേരും കങ്കണ വലിച്ചിഴയ്ക്കുകയുണ്ടായി. എന്നാൽ പൊതുവെ ബോളിവുഡ് താരങ്ങളിൽ മിക്കവരും കങ്കണയുടെ അഭിപ്രായങ്ങളെ ഗൗനിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ അനാവശ്യ പ്രസ്താവനകൾ നടത്തുന്നത് കങ്കണയുടെ പതിവാണ്. കരൺ ജോഹർ, ദീപിക പദുകോൺ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി താരങ്ങളെ കങ്കണ അധിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇവരാരും ഇത് കാര്യമാക്കിയില്ല.
ബോളിവുഡിലോ ജനങ്ങൾക്കിടയിലോ കങ്കണയ്ക്ക് വലിയ സ്ഥാനം ഇപ്പോഴില്ലെന്ന് ഇവർ മനസിലാക്കുന്നു. കരിയർ ഗ്രാഫ് കൂപ്പുകുത്തിയ അവസ്ഥയിലാണ് കങ്കണയിപ്പോൾ. ഒടുവിൽ പുറത്തിറങ്ങിയ തേജസ് എന്ന സിനിമ പൂർണ പരാജയമായി. കരിയറിൽ ഇനിയാെരു ഹിറ്റ് സിനിമ കങ്കണയ്ക്കിന്ന് അനിവാര്യമാണ്. എന്നാൽ ബോളിവുഡിലെ പ്രമുഖരെല്ലാം കങ്കണയെ മാറ്റി നിർത്തുന്ന സാഹചര്യമാണ്. മറുവശത്ത് ഇറ ഖാൻ വിവാഹ ജീവിതത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഫിറ്റ്നെസ് ട്രെയ്നറായ നുപുർ ശിഖാരെയാണ് വരൻ.
ഇറ ഖാനും നുപുറും ഏറെ നാളായി പ്രണയത്തിലാണ്. അടുത്ത വർഷം ജനുവരി മൂന്നിനാണ് വിവാഹം. വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. ആമിർ ഖാനാണ് മകൾ വിവാഹിതയാകുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കരിയറിലെ തിരക്കുകളിൽ നിന്ന് മാറി കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് കഴിഞ്ഞ കുറച്ച് നാളുകളായി ആമിർ ഖാൻ പ്രാധാന്യം നൽകുന്നത്.
ആമിറിന്റെ ആദ്യ വിവാഹബന്ധത്തിലെ മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്ന മകനും നടനുണ്ട്. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ഇവരുമായി വേർപിരിഞ്ഞ ശേഷം സംവിധായിക കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ആസാദ് എന്ന മകനുമുണ്ട്. 2021 ൽ ആമിറും കിരൺ റാവുവും വേർപിരിഞ്ഞു.


Click it and Unblock the Notifications