'രണ്ടോ മൂന്നോ കുട്ടികളാകാം, പക്ഷെ...'; ജെനീലിയ വീണ്ടും ഗർഭിണി?; പ്രതികരണവുമായി ഭർത്താവ് റിതേഷ്
സിനിമാ പ്രേക്ഷകരുടെ മനസിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇടം പിടിച്ച നടിയാണ് ജെനീലിയ ദേശ്മുഖ്. മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമകളിലാണ് ജെനീലിയക്ക് കൂടുതൽ തിളങ്ങാൻ കഴിഞ്ഞത്. സന്തോഷ് സുബ്രമണ്യം, ഹാപ്പി തുടങ്ങിയ സിനിമകളിൽ ജെനീലിയ തിളങ്ങി. വിവാഹശേഷമാണ് ജെനീലിയ അഭിനയ രംഗം വിട്ടത്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെയാണ് നടി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു.
രണ്ട് പേരും തുജെ മേരി കസം എന്ന സിനിമയിലൂടെയാണ് (2003) സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. അന്ന് മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. 2012 ലായിരുന്നു വിവാഹം. 2014 ൽ ആദ്യത്തെ മകൻ റിയാൻ ജനിച്ചു. രണ്ട് വർഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ മകൻ രഹിലും ജനിച്ചു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ ജെനീലിയ ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്നു. അടുത്തിടെയാണ് നടി സിനിമകളിലേക്ക് തിരിച്ച് വന്നത്.

കഴിഞ്ഞ ദിവസമാണ് ജെനീലിയ മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹം വന്നത്. മുംബൈയിൽ ഒരു ഫാഷൻ സ്റ്റോറിന്റെ ലോഞ്ചിനെത്തിയതായിരുന്നു ജെനീലിയയും റിതേഷും. ജെനീലിയുടെ വയർ കണ്ടിട്ട് ഗർഭിണിയെ പോലെ തോന്നുന്നെന്ന് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്തു. നിമിഷ നേരം കൊണ്ട് ഈ ചർച്ചകൾ വാർത്താ പ്രാധാന്യം നേടി. ബി ടൗൺ മാധ്യമങ്ങളിൽ ഇതേക്കുറിച്ച് വാർത്തകൾ വന്നതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിതേഷ് ദേശ്മുഖ്.
രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ തെറ്റാണെന്നും റിതേഷ് ദേശ്മുഖ് വ്യക്തമാക്കി. 34 കാരിയായ ജെനീലിയ കുടുംബ ജീവിതത്തിനൊപ്പം ഇന്ന് കരിയറിനായും സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

റിതേഷിനാെപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് അടുത്തിടെ ജെനീലിയ സംസാരിച്ചിരുന്നു. പരസ്പരം ബഹുമാനം നൽകുന്ന ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തിന് ശേഷം ഞാൻ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തപ്പോൾ റിതേഷ് ആവശ്യപ്പെട്ടിട്ടായിരിക്കും അഭിനയം നിർത്തിയതെന്ന് പലരും പറഞ്ഞു. പക്ഷെ തന്നെ അഭിനയ രംഗത്തേക്ക് തിരിച്ച് വരാൻ പ്രോത്സാഹിപ്പിച്ചത് ഭർത്താവാണെന്ന് ജെനീലിയ വ്യക്തമാക്കി.
വേദ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് ജെനീലിയ തിരിച്ചെത്തിയത്. ഈ സിനിമ സംവിധാനം ചെയ്തത് റിതേഷ് ദേശ്മുഖാണ്. റിതേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമാണിത്. മികച്ച വിജയം നേടിയ സിനിമ രണ്ട് പേർക്കും പ്രശംസ നേടിക്കൊടുത്തു. അഭിനയ രംഗത്തേക്ക് തിരിച്ച് വരണോ എന്ന് താൻ ചിന്തിച്ചിരുന്നെന്ന് ജെനീലിയ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
ആൾക്കാർക്ക് ഇനിയും തന്നെ കാണാൻ ആഗ്രഹമുണ്ടോ എന്ന സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ചിന്താഗതികൾ മാറി. ജാനേ തു യാ ജാനേ നാ എന്ന ആദ്യ സിനിമയിലെ നായിക വേഷം ഇപ്പോൾ ചെയ്യാൻ പറ്റില്ല. പക്ഷെ വേദിലെ ശ്രാവണി എന്ന കഥാപാത്രത്തെ തനിക്ക് പറ്റുമെന്നും ജെനീലിയ വ്യക്തമാക്കി.
മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ മാത്രമേ ജെനീലിയ അഭിനയിച്ചിട്ടുള്ളൂ. 2011 ൽ പുറത്തിറങ്ങിയ ഉറുമിയിൽ പൃഥിരാജ്, പ്രഭു ദേവ, വിദ്യ ബാലൻ, നിത്യ മേനോൻ, ആര്യ, തബു തുടങ്ങി വൻ താരനിര അണിനിരന്നു. ജെനീലിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











