പ്രസവം കഴിഞ്ഞാലുള്ള സമയത്തെക്കുറിച്ച് നിങ്ങൾക്കറിയില്ല; കരീന വീണ്ടും ഗർഭിണിയോ?; ചർച്ച
ബോളിവുഡിലെ നിറപ്പകിട്ടിലാണ് കരീന കപൂർ അന്നും ഇന്നും ജീവിക്കുന്നത്. താരകുടുംബത്തിൽ പിറന്ന കരീനയ്ക്ക് സിനിമാ രംഗത്ത് മികച്ച തുടക്കമാണ് ലഭിച്ചത്. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ് ആദ്യ സിനിമ. അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ ചെയ്യാനാണ് അന്ന് കരീന താൽപര്യപ്പെട്ടത്. എന്നാൽ പിന്നീട് സിനിമാ രംഗത്തെ മാർക്കറ്റ് മൂല്യങ്ങളെക്കുറിച്ച് മനസിലാക്കിയ കരീന സൂപ്പർസ്റ്റാർ സിനിമകൾ മാത്രം തെരഞ്ഞെടുത്തു. എ ലിസ്റ്റ് നടൻമാർക്കൊപ്പം മാത്രമേ അഭിനയിക്കൂ എന്ന പോളിസിയും അക്കാലത്ത് കരീനയ്ക്കുണ്ടായിരുന്നു.
കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് കരീന വിവാഹിതയാകുന്നത്. 2012 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. കുടുംബ ജീവിതവും കരിയറും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുകയാണ് താരം ഇപ്പോൾ. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളാണ് കരീനയ്ക്കും സെയ്ഫിനും പിറന്നത്.

2021 ലാണ് ഇളയ മകൻ ജെഹാംഗീർ ജനിച്ചത്. അമ്മയായ ശേഷവും കരിയറിൽ ശ്രദ്ധേയ സാന്നിധ്യമായി തുടരാൻ കരീനയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ കരീനയെക്കുറിച്ചുള്ള പുതിയൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. താരം ഗർഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം ഒരു ഇവന്റിനെത്തിയ കരീനയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ വന്നത്.
നടിയുടെ വയർ കണ്ടാൽ ഗർഭിണിയാണെന്ന് തോന്നുമെന്ന് പലരും കമന്റ് ചെയ്തു. എന്നാൽ ഈ വാദങ്ങൾ തള്ളിയും അഭിപ്രായങ്ങൾ വന്നു. പ്രസവ ശേഷമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാത്തവരാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. രണ്ട് പ്രസവങ്ങൾക്ക് ശേഷം കരീനയ്ക്ക് ശരീര ഭാരം കൂടിയിട്ടുണ്ട്. ഒരു കാലത്ത് സൈസ് സീറോ തരംഗത്തിന് തുടക്കം കുറിച്ച നടിയാണ് കരീന കപൂർ. അതിനാൽ തന്നെ നടിക്ക് അമ്മയായ ശേഷം വന്ന മാറ്റങ്ങൾ ഏവരും എടുത്ത് പറയാറുണ്ട്.

നേരത്തെ കരീന ഗർഭിണിയാണെന്ന വാർത്ത പ്രചരിച്ചപ്പോൾ നടി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. വൈനും പാസ്തയും കഴിച്ച് തന്റെ വയർ നിറഞ്ഞതാണെന്നും ഗർഭിണി അല്ലെന്നും കരീന വ്യക്തമാക്കി. ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഒരുപാട് സംഭാവനകൾ ചെയ്തെന്നാണ് ഭർത്താവ് സെയ്ഫ് പറയുന്നതെന്നും നടി തമാശയോടെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആദ്യ വിവാഹബന്ധത്തിലെ രണ്ട് മക്കൾ ഉൾപ്പെടെ നാല് മക്കൾ ഇപ്പോൾ സെയ്ഫ് അലി ഖാനുണ്ട്.
സെയ്ഫുമായുള്ള കരീനയുടെ വിവാഹം അക്കാലത്ത് ബോളിവുഡിൽ ചർച്ചയായിരുന്നു. കരിയറിലെ വിവാഹം ചെയ്യുന്നത് താരമൂല്യത്തെ ബാധിക്കുമെന്ന് പലരും ഉപദേശിച്ചെങ്കിലും കരീന ഇതൊന്നും ഗൗനിച്ചില്ല. വിവാഹം കഴിഞ്ഞാൽ കരിയർ അവസാനിച്ചു എന്ന പതിവ് രീതിക്ക് നടി മാറ്റം വരുത്തു. സൂപ്പർഹിറ്റ് സിനിമകളിൽ നടി വീണ്ടും നായികയായെത്തി. അതേസമയം 2013 ന് ശേഷം കരീനയുടെ കരിയർ ഗ്രാഫിൽ ചെറിയ ഇടിവ് വന്നിട്ടുണ്ട്.
ദീപിക പദുകോൺ, കത്രീന കൈഫ്, കങ്കണ റണൗത്ത് തുടങ്ങിയ നടിമാരെല്ലാം കൂടുതൽ ജനശ്രദ്ധയിലേക്ക് വരുന്നത് ഈ കാലഘട്ടത്തിലാണ്. ഇവരിൽ പലരുടെയും ശ്രദ്ധേയ സിനിമകളിൽ പലതും ആദ്യം ഓഫർ ചെയ്തത് കരീനയ്ക്കാണ്. രാം ലീല എന്ന ചിത്രത്തിലെ പ്രകടനമാണ് ദീപികയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് കരീനയെയാണ്. സമാനമായി കങ്കണയുടെ കരിയർ ഗ്രാഫ് മാറ്റി മറിച്ച ക്യൂൻ എന്ന സിനിമയും ആദ്യം കരീനയിലേക്കാണ് എത്തിയത്.


Click it and Unblock the Notifications