'പ്രണയിച്ചെന്ന് പറഞ്ഞ് കല്യാണം കഴിക്കണമെന്നില്ല'; കത്രീനയെ അപമാനിച്ച് നീതു കപൂർ; മറുപടിയുമായി നടിയുടെ അമ്മയും
ബോളിവുഡിലെ ഒരു കാലത്തെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു കത്രീന കൈഫും രൺബീർ കപൂറും . നീണ്ട ആറ് വർഷം ഇരുവരും ബോളിവുഡിലെ കാമുകീ കാമുകൻമാരായി അറിയപ്പെട്ടു. സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക നടിയാണ് കത്രീന. രൺബീറാവട്ടെ ബോളിവുഡിലെ റോമിയോയായി അറിയപ്പെടുന്ന ചെറുപ്പക്കാരനും. ഇതായിരുന്നു ഇരുവരുടെയും പ്രണയത്തിന് ഇത്ര മാത്രം വാർത്താ പ്രാധാന്യം വരാനുള്ള കാരണം. നടി ദീപിക പദുകോണിനെ വഞ്ചിച്ച ശേഷമാണ് കത്രീനയുമായി രൺബീർ അടുത്തതെന്നാണ് സിനിമാ ലോകത്തെ സംസാരം.
അതിന് മുമ്പും ശേഷവും രൺബീറിന്റെ ഫ്ലേർട്ടിംഗ് സ്വഭാവം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. മുംബൈയിൽ ഫ്ലാറ്റെടുത്ത് ലിവിംഗ് ടുഗെദറിലായിരുന്നു കത്രീനയും രൺബീറും. രണ്ട് പേരും വിവാഹത്തിനൊരുങ്ങുകയാണെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കത്രീനയുമായുള്ള വിവാഹത്തിന് രൺബീറിന്റെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന
അഭ്യൂഹങ്ങൾ. വീട്ടുകാരുമായി അടുത്ത ആത്മബന്ധം രൺബീറിനുണ്ട്. കത്രീനയുമായുള്ള വിവാഹം നീട്ടിക്കൊണ്ട് പോവുന്നതിന് കാരണം ഇതായിരുന്നെന്നും സൂചനയുണ്ടായിരുന്നു.
അസ്വാരസ്യങ്ങൾ തുടങ്ങിയതോടെ രണ്ട് പേരും പിരിഞ്ഞു. ജഗ ജസൂസ് എന്ന സിനിമ ഇതിനിടെ ഇരുവരും ഒരുമിച്ച് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയായിരുന്നു വേർപിരിയൽ. സിനിമാ ഷൂട്ടിംഗിനിടെ പരസ്പരം രണ്ട് പേരും മിണ്ടാതെയായി. സിനിമാ പ്രൊമോഷൻ പരിപാടികൾക്കിടെ ഇരുവരും തമ്മിലുള്ള അകൽച്ച ആരാധകർ പ്രകടമായി കാണുകയും ചെയ്തു. ഇന്ന് രണ്ട് പേരും രണ്ട് പങ്കാളികളെ തെരഞ്ഞെടുത്തു. നടി ആലിയ ഭട്ടിനെയാണ് രൺബീർ കപൂർ വിവാഹം കഴിച്ചത്.

ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. മറുവശത്ത് കത്രീന കൈഫ് നടൻ വിക്കി കൗശലിനെ വിവാഹം കഴിച്ചു. രൺബീറുമായുള്ള പ്രണയവും വേർപിരിയലും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ സാഹചര്യം അടുത്ത ബന്ധത്തിൽ ഉണ്ടാവരുതെന്ന് കത്രീനയക്ക് നിർബന്ധമുണ്ടായിരുന്നു, അതിനാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് പാപ്പരാസി മാധ്യമങ്ങൾ അറിയുന്നത് തന്നെ ഏറെ വൈകിയാണ്. ലോക്ഡൗൺ സമയത്തായിരുന്നു ഇവരുടെ ഡേറ്റിംഗ് കാലം. 2021 ഡിസംബറിൽ വിവാഹവും കഴിഞ്ഞു.
ഇപ്പോഴിതാ രൺബീറിന്റെ അമ്മ നീതു കപൂറും കത്രീന കൈഫിന്റെ അമ്മ സൂസന്നയും തമ്മിൽ ചില അസ്വാരസ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. നീതു കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വാചകമാണ് ഇതിന് കാരണം. 'ഏഴ് വർഷം അവൻ ഡേറ്റ് ചെയ്തെന്ന് കരുതി കല്യാണം കഴിക്കണമെന്നില്ല. എന്റെ അമ്മാവൻ പഠിച്ചത് മെഡിസിനാണ്, പക്ഷെ അദ്ദേഹം ഇന്നൊരു ഡിജെയാണ്' എന്ന വാചകമാണ് നീതു കപൂർ പങ്കുവെച്ചത്.
ഇത് കത്രീനയെ പരിഹസിച്ചാണെന്ന് നടിയുടെ ആരാധകർ കമന്റ് ചെയ്തു. രൺബീറും കത്രീനയും ആറ് വർഷം പ്രണയത്തിലായിരുന്നു. പിന്നാലെ കത്രീനയുടെ അമ്മ സൂസൻ പങ്കുവെച്ച വാചകവും ശ്രദ്ധ നേടി. ഒരു തൂപ്പുകാരനെയും ആ കമ്പനിയിലെ ബോസിനെയും ഒരേ പോലെ ബഹുമാനിക്കാനാണ് എന്നെ പഠിപ്പിച്ചതെന്നാണ് സൂസൻ പങ്കുവെച്ച വാചകം. ഇത് നീതു കപൂറിനുള്ള പരോക്ഷ മറുപടിയാണെന്നാണ് കത്രീനയുടെ ഫാൻസ് പറയുന്നത്.

നീതു കപൂറിനുള്ള തക്കതായ മറുപടി, മകളെ പരിഹസിച്ചവർ ഇതേ അർഹിക്കുന്നുള്ളൂയെന്നും കത്രീന കൈഫിന്റെ പല ഫാൻപേജുകളും കമന്റ് ചെയ്തു. ബ്രേക്കപ്പിന് ശേഷം കത്രീനയും രൺബീറും സുഹൃത്തുക്കളായിട്ടില്ല. അതേസമയം കത്രീനയും രൺബീറിന്റെ ഭാര്യ ആലിയ ഭട്ടും സുഹൃത്തുക്കളാണ്. രൺബീർ-ആലിയ വിവാഹത്തിന് കത്രീന ആശംസകളും അറിയിച്ചിരുന്നു. വിവാഹ ശേഷം കത്രീനയും ആലിയയും രൺബീറുമെല്ലാം കരിയറിന്റെ തിരക്കുകളിലാണ്.


Click it and Unblock the Notifications