'ക്യാമറകൾ കണ്ടതോടെ ഭർത്താവിന് ഹാലിളകി, ഗർഭിണിയായ സനയെ പിടിച്ച് വലിച്ച് കൊണ്ടുപോയി?'; വിശദീകരണം
സെലിബ്രിറ്റി ജീവിതം വിട്ട് മത വിശ്വാസ പ്രകാരമുള്ള ജീവിതം തെരഞ്ഞെടുത്ത നടിയാണ് സന ഖാൻ. ഗ്ലാമറസ് റോളുകളിൽ തിളങ്ങിയിരുന്ന സന നേരത്തെ വിവാദ താരമായിരുന്നു. ജീവിതത്തിലെ ചില പ്രശ്നങ്ങൾക്കിടെ വളരെ താൻ ഇസ്ലാം മതാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണെന്ന് സന ഖാൻ പ്രഖ്യാപിച്ചു. അഭിനയ ജീവിതം ഉപേക്ഷിച്ച സന ശരീരം കാണുന്ന വസ്ത്രങ്ങളും ഒഴിവാക്കി. തലമറച്ച് പർദ്ദ ധരിച്ച് മാത്രമാണ് സന ഖാനെ പിന്നീട് ആരാധകർ കണ്ടിട്ടുള്ളൂ.
സോഷ്യൽ മീഡിയയിൽ ഹിജാബ് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും സന പങ്കുവെക്കാറുണ്ട്. ഇസ്ലാമിക ദർശനങ്ങളെക്കുറിച്ചും സന ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇസ്ലാമിക പണ്ഡിതനും ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. മത വിശ്വാസത്തിലേക്ക് കൂടുതലടുപ്പിക്കാൻ ഇദ്ദേഹം സനയെ നേരത്തെ തന്നെ സഹായിക്കാറുണ്ടായിരുന്നു. വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ്.
2020 ലായിരുന്നു വിവാഹം. വിവാഹ ശേഷം ഭർത്താവിനൊപ്പം തീർത്ഥാടന കേന്ദ്രങ്ങളിൽ പോവുന്നത് സനയുടെ പതിവാണ്. ഇതിന്റെ ചിത്രങ്ങൾ വൈറലാവാറുണ്ട്. അടുത്തിടെയാണ് സനയുടെ ജീവിതത്തിൽ മറ്റൊരു സന്തോഷവും കടന്ന് വന്നത്. സന ഗർഭിണിയാണ്. മതപരമായ കാര്യങ്ങൾ സംസാരിക്കുന്ന ഒരു ഷോയിലാണ് സന ഇക്കാര്യം തുറന്ന് പറഞ്ഞത്. കുഞ്ഞിനെ താലോലിക്കാൻ താൻ കാത്തിരിക്കുകയായിരുന്നെന്നും സന അന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ പങ്കെടുത്ത സനയുടെയും ഭർത്താവിന്റെയും വീഡിയോ വൈറലായത്. ക്യാമറകൾക്ക് മുന്നിൽ നിന്നും സനയുടെ കൈ പിടിച്ച് നടക്കുന്ന അനസിനെയാണ് വീഡിയോയിൽ കണ്ടത്. ഗർഭിണിയായ സനയെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്നതായാണ് വീഡിയോയിൽ കാണുന്നത്. ഗർഭിണിയായ സനയ്ക്ക് ഇത് ചെറിയ ബുദ്ധുമുട്ടും ഉണ്ടാക്കുന്നുണ്ട്. കിതച്ചു കൊണ്ടാണ് സന നടക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. മോശം ഭർത്താവാണിയാൾ, സന ഗർഭിണിയാണെന്നറിയില്ലേ, ക്യാമറയും മാധ്യമങ്ങളെയുമെല്ലാം കണ്ടപ്പോൾ അനസ് അസ്വസ്ഥനായി എന്നിങ്ങനെ കമന്റുകൾ വന്നു. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി സന ഖാനെത്തി. ഈ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് കാണുമ്പോൾ വല്ലാതെ തോന്നുന്നു എന്നെനിക്കറിയാം. ഞങ്ങളുടെ ഡ്രെെവറുമായുള്ള കോൺടാക്ട് നഷ്ടപ്പെട്ടിരുന്നു.
ഞാൻ പതിവിലധികം സമയം നിൽക്കുകയും ചെയ്തു. ഞാൻ വിയർക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ പെട്ടെന്ന് ഉള്ളിലേക്ക് കൊണ്ട് പോവാൻ ശ്രമിച്ചത് എനിക്കിരിക്കാനും വെള്ളം കുടിക്കാനും വേണ്ടിയാണ്. എന്നെ വേഗം കൊണ്ട് പോവാൻ ഞാനാണദ്ദേഹത്തോട് പറഞ്ഞത്. മറ്റാെരു തരത്തിൽ ചിന്തിക്കരുതെന്നും പറഞ്ഞാണ് സന ഖാൻ കുറിപ്പ് അവസാനിപ്പിച്ചത്. ഇഫ്താർ വിരുന്നിടെയാണ് സംഭവമുണ്ടായത്.

ജീവിതത്തിലുണ്ടായ ചില ദുരനുഭവങ്ങൾക്ക് ശേഷമാണ് സന മതവിശ്വാസത്തെ മുറുകെപ്പിടിക്കുന്നത്. 2019 ൽ കാമുകനായ കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന വേർപിരിഞ്ഞത് വാർത്തയായിരുന്നു. മെൽവിൻ തന്നെ വഞ്ചിക്കുകയായിരുന്നെന്നാണ് സന ആരോപിച്ചത്. ഈ സംഭവത്തിന് ശേഷം സന മാനസികമായി തകർന്നു. സുഹൃത്തുക്കളും തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ സനയ്ക്ക് ലൈം ലൈറ്റ് ജീവിതത്തോട് മടുപ്പ് തോന്നി.
പഴയ ജീവിതത്തിൽ പേരും പ്രശസ്തിയും ഉണ്ടായിരുന്നെങ്കിലും മനസ്സമാധാനം ഇല്ലായിരുന്നെന്നാണ് സന മുമ്പൊരിക്കൽ പറഞ്ഞത്. സനയെ പോലെ മത വിശ്വാസം മൂലം സിനിമാ ലോകം വിട്ട വ്യക്തിയാണ് സൈറ വസിം ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ ഇസ്ലാം മത പ്രകാരം ജീവിക്കാൻ തുടങ്ങിയത്. തന്റെ ഫോട്ടോകൾ പോലും പ്രചരിപ്പിക്കരുതെന്ന് സൈറ ആവശ്യപ്പെടുകയും ചെയ്തു.


Click it and Unblock the Notifications











