'മകനെ കുറിച്ച് നല്ല വാക്കുകൾ കേൾക്കുമ്പോഴാണ് മുന്നോട്ട് ജീവിക്കാൻ തോന്നുന്നത്'; രൺബീർ കപൂറിന്റെ അമ്മ
താരസമ്പന്നമായിട്ടാണ് രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും താരസമ്പന്നമായിരുന്ന വിവാഹത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അത്രയേറെ ആഗ്രഹിച്ച വിവാഹം നടന്നപ്പോഴും അച്ഛൻ റിഷി കപൂർ തങ്ങൾക്കൊപ്പമില്ലെന്നുള്ള സങ്കടമായിരുന്നു രൺബീറിനുണ്ടായിരുന്നത്.
2020ൽ അറുപത്തേഴാം വയസിലായിരുന്നു റിഷി കപൂർ കാൻസർ രോഗത്തെ തുടർന്ന് അന്തരിച്ചത്. മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ റിഷി കപൂറിനെ കുറിച്ചും മകൻ രൺബീർ കപൂറിനെ കുറിച്ചും നീതു കപൂർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അടുത്തിടെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയപ്പോഴാണ് നീതു കപൂർ കുടുംബകാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. 'എനിക്ക് അഞ്ച് വയസുള്ളപ്പോൾ മുതൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങൾ പോലും കിട്ടിയിരുന്നില്ല. പിന്നീട് ഞാൻ എന്റെ ഭർത്താവിനൊപ്പംജോലി ചെയ്യാൻ തുടങ്ങി.'
'എന്റെ കരിയർ ആരംഭിച്ചത് അദ്ദേഹത്തിൽ നിന്നാണ്. അതിനാൽ ആ ഏഴ് വർഷം ഞങ്ങൾ 80 സിനിമകൾ ചെയ്തു. എനിക്ക് 21 വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. അതിനുശേഷം എന്റെ ആദ്യത്തെ കുട്ടി റിദ്ധിമ കപൂർ ജനിച്ചു.'
'പിന്നെ രണ്ട് വർഷത്തിന് ശേഷം രൺബീർ ജനിച്ചു. എന്റെ ജീവിതം അതിവേഗം മുന്നോട്ട് പോയി. ഋഷി എപ്പോഴും ജോലിത്തിരക്കിലായിരുന്നു. അതിനാൽ കുടുംബകാര്യങ്ങൾ എന്റെ ചുമതലയായി. അതോടെ സിനിമ ഉപേക്ഷിച്ചു. ചെറിയ പ്രായത്തിൽ വിവാഹിതരാകുന്നത് നല്ല കാര്യമാണ്. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ആ ചിന്തയില്ല.'
'എനിക്ക് 14 വയസുള്ളപ്പോൾ ഈ ലോകത്തെക്കുറിച്ച് ഒന്നും അറിയാത്തപ്പോൾ ഞാൻ എന്റെ ഭർത്താവുമായി ഡേറ്റിംഗ് ആരംഭിച്ചതാണ്. എനിക്ക് വളരെ കർക്കശക്കാരിയായ ഒരു അമ്മ ഉണ്ടായിരുന്നു. ഒരു നടിയെന്ന നിലയിൽ എനിക്ക് ശോഭിക്കാനും പക്വത പ്രാപിക്കാനും അമ്മയാണ് സഹായിച്ചത്. വിവാഹം ഒരു അഡ്ജസ്റ്റ്‌മെന്റാണ്. വിവാഹശേഷം കുടുംബത്തിന് വേണ്ടിയായിരുന്നു ജീവിതം.'

'എനിക്ക് അഭിമാനം തോന്നുന്നത് രൺബീറിനെ കുറിച്ച് ആളുകൾ നല്ലത് പറയുന്നത് കേൾക്കുമ്പോഴാണ്. അവൻ ഒരു നല്ല മനുഷ്യനാണെന്ന് ആളുകൾ പറയുമ്പോഴാണ് എന്റെ അഭിമാനം ഉയരുന്നതും മുന്നോട്ട് ജീവിക്കാനുള്ള ത്വരയുണ്ടാകുന്നതും' നീതു കപൂർ പറഞ്ഞു.
അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമാണ് രൺബീറും ആലിയയും ഏപ്രിൽ 14 ന് വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിലായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്.


Click it and Unblock the Notifications