അമ്മയ്ക്കന്ന് 13 വയസ്സാണ്, അത് തെറ്റായിരുന്നു; ശ്രീദേവിയെക്കുറിച്ച് മകൾ ജാൻവി കപൂർ
ഇന്ത്യൻ സിനിമയിലെ നിത്യ ഹരിത നായിക ആണ് ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും കൊണ്ട് ബിഗ് സ്ക്രീനിൽ വിസ്മയം തീർത്ത ശ്രീദേവിക്ക് ശേഷം മറ്റൊരു നായികക്കും ശ്രീദേവിയുടെ പാത പിന്തുടരനായില്ല. ദീപിക പദുകോൺ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങൾ സൂപ്പർ താര പദവി നേടി എങ്കിലും ശ്രീദേവി ചെയ്തത്രയും വ്യത്യസ്തമായ റോളുകൾ ഇവർക്കാർക്കും ചെയ്യാൻ പറ്റിയിട്ടില്ല.
ശ്രീദേവിയെ പോലെ കരിയർ ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ല. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ ത്തരത്തിലുമുള്ള കഥാപാത്രങ്ങളെയും ശ്രീദേവി അവതരിപ്പിച്ചു.

യഥാർത്ഥ പാൻ ഇന്ത്യൻ സ്റ്റാർ ആയി വിശേഷിപ്പിക്കാൻ പറ്റുന്ന നടിയുമാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ കൊടുത്തത്. പക്ഷെ അപ്പോഴും തെന്നിന്ത്യൻ ആരാധകർ ശ്രീദേവിക്ക് ഒപ്പം തന്നെയുണ്ടായി.

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് നേരെ ആദ്യ കാലത്ത് നിരന്തരം ഗോസിപ്പുകൾ വന്നിരുന്നു. ശ്രീദേവിയുടെ മകൾ ജാൻവി കപൂറും ഇന്ന് ബോളിവുഡിലെ യുവ നായിക ആണ്. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് ജാൻവി കപൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചെറിയ പ്രായത്തിൽ ശ്രീദേവി പ്രായമുള്ള നായകൻമാരുടെ നായിക ആയത് തെറ്റാണെന്നാണ് ജാൻവി കപൂർ പറയുന്നത്.

'അച്ഛൻമാരുടെ നായിക ആയപ്പോൾ അമ്മയുടെ പ്രായം 13 ആയിരുന്നു. അവരുടെ മക്കളുടെ നായിക ആയപ്പോൾ 21 ഉം. അത് ശരിക്കും തെറ്റാണ്, പക്ഷെ പണ്ട് അങ്ങനെ ആയിരുന്നു, ഹിന്ദി സിനിമയിൽ ഉൾപ്പെടെ ഞാനും എന്നേക്കാൾ പ്രായം കൂടുതലുള്ള നായകൻമാരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്,' ജാൻവി കപൂർ പറഞ്ഞു.
നടൻ രജിനികാന്തിന്റെ അമ്മ ആയി ശ്രീദേവി അഭിനയിക്കുന്നത് 13 ാം വയസ്സിലാണ്. തെലുങ്കിൽ നിരവധി സൂപ്പർ സ്റ്റാറുകളുടെ നായിക ആയി ചെറിയ പ്രായത്തിലേ ശ്രീദേവി അഭിനയിച്ചു.

അതേസമയം മകൾ പ്രായം കൂടിയ നായകൻമാരുടെ ഒപ്പം അഭിനയിക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് ശ്രീദേവി മുമ്പാെരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നടിയെ. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു.
വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് പറഞ്ഞത്. വർഷങ്ങൾക്കിപ്പുറവും ഈ മരണത്തിൽ ദുരൂഹത ആരോപിക്കുന്നവരും ഉണ്ട്. നടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുൾപ്പെടെ വ്യക്തതക്കുറവുണ്ടെന്നാണ് ഇവരുടെ ആരോപണം.

എന്നാൽ ഇത്തരം വാദങ്ങളെ നടിയുടെ ഭർത്താവ് ബോണി കപൂറോ കുടുംബമോ അനുകൂലിക്കുന്നില്ല. സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം.
ശ്രീദേവിയുമായി പ്രണയത്തിലാവുമ്പോൾ ബോണി കപൂർ മോണ ശൗരി കപൂറിന്റെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനും ആയിരുന്നു. എന്നാൽ ശ്രീദേവിയുമായുള്ള ബന്ധത്തിൽ നിന്ന് ഇദ്ദേഹം പിൻമാറിയില്ല. അദ്യ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ബോണി ശ്രീവിദ്യയെ വിവാഹം കഴിച്ചു.


Click it and Unblock the Notifications