ഓപ്പൺ റിലേഷൻഷിപ്പ് ട്രെെ ചെയ്യാൻ ഉപദേശം; കാമുകനുമായി പിരിഞ്ഞ് വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും ജാൻവി കപൂർ
ബോളിവുഡിലെ യുവനായികമാരിൽ ശ്രദ്ധേയയണ് നടി ജാൻവി കപൂർ. അഭിനയിച്ച സിനിമകളിലെല്ലാം പ്രാധാന്യമുള്ള വേഷങ്ങളാണ് ജാൻവി ചെയ്തതെങ്കിലും ഇതൊന്നും വിജയിച്ചില്ല. താരപുത്രി എന്ന പ്രിവിലേജ് ബോളിവുഡിലേക്ക് കടന്ന് വരാൻ ഉപകരിച്ചെങ്കിലും കരിയറിൽ വളരുന്നതിൽ നിന്നും ജാൻവിയെ തടുത്ത് നിർത്തുന്നതും ഈ ടാഗാണ്. നെപോ കിഡ് എന്ന പേരിൽ വ്യാപക വിമർശനം ജാൻവിക്ക് നേരിടേണ്ടി വരാറുണ്ട്.
ജാൻവിയേക്കാൾ കഴിവുള്ളവർ പുറത്തുണ്ടെന്നും എന്നാൽ താരപുത്രിയായത് കൊണ്ട് മാത്രം ജാൻവിക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നു എന്നാണ് ഇവർ പറയുന്നത്. ജാൻവി കപൂറിന്റെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ശിഖർ പഹരിയ എന്നാണ് ജാൻവിയുടെ കാമുകന്റെ പേര്. നടിയുടെ കുടുംബവുമായി അടുത്ത ബന്ധം ശിഖർ പഹരിയക്കുണ്ട്. ഇവന്റുകളിലെല്ലാം തന്റെ കാമുകനൊപ്പമാണ് ജാൻവിയെ കാണാറുള്ളത്.

കാമുകനുമായി നേരത്തെ ബ്രേക്കപ്പ് ആയിരുന്നെന്നും എന്നാൽ പിന്നീട് വീണ്ടും ഒരുമിക്കുകയായിരുന്നെന്നും ജാൻവി കപൂർ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രണയ ബന്ധങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജാൻവി കപൂർ. തന്നോട് ചിലർ ഓപ്പൺ റിലേഷൻഷിപ്പ് ട്രെെ ചെയ്യാൻ പറഞ്ഞിരുന്നെന്ന് ജാൻവി കപൂർ പറയുന്നു. ഇതാണ് തനിക്ക് ലഭിച്ച ഏറ്റവും മോശം റിലേഷൻഷിപ്പ് ഉപദേശമെന്നും ജാൻവി കപൂർ വ്യക്തമാക്കി. സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിന് മുമ്പാണ് ജാൻവി കപൂറും ശിഖർ പഹരിയയും പ്രണയത്തിലാവുന്നത്.
എന്നാൽ ഇടയ്ക്ക് വെച്ച് ചില പ്രശ്നങ്ങളാൽ ബ്രേക്കപ്പായി. പിന്നീട് വീണ്ടും ഒരുമിക്കുകയായിരുന്നു. ആർത്തവ സമയത്ത് മൂഡ് സ്വിംഗാണ് അന്ന് ബ്രേക്കപ്പിന് കാരണമായതെന്ന് ജാൻവി കപൂർ തുറന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ മാസവും അവനുമായി ബ്രേക്കപ്പാവുമായിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങളിൽ അവനിത് ഷോക്കായി. പിന്നീട് ഓക്കെ എന്ന് പറയാൻ തുടങ്ങി. വഴക്കുണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞ് അവനടുത്തേക്ക് തിരികെ പോയി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്നും ജാൻവി കപൂർ പറഞ്ഞു.

ജാൻവി കപൂറിന്റെ സഹോദരി ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. ആർച്ചീസ് ആണ് ഖുശിയുടെ ആദ്യ സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഉലജ് ആണ് ജാൻവിയുടെ പുതിയ സിനിമ. തൊട്ട് മുമ്പ് പുറത്തിറങ്ങിയ മിസ്റ്റർ ആൻ മിസിസ് മാഹി ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ മകളായ ജാൻവിക്ക് കരിയറിൽ പിന്തുണ നൽകിക്കൊണ്ട് പിതാവ് ബോണി കപൂർ ഒപ്പമുണ്ട്.
ശ്രീദേവി മരിച്ച വർഷമാണ് ജാൻവിയുടെ ആദ്യ സിനിമ ധടക്ക് റിലീസ് ചെയ്യുന്നത്. ചിത്രം മികച്ച വിജയം നേടി. മകളുടെ ആദ്യ സിനിമ തിയറ്ററിൽ കാണാൻ ശ്രീദേവിക്ക് സാധിച്ചില്ല. ശ്രീദേവിയെ പോലെ വലിയ താരമായി ജാൻവിക്കും മാറാൻ കഴിഞ്ഞേക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്. ജാൻവിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











