'എന്റെ അമ്മയുമായി താരതമ്യം ചെയ്തിട്ടുണ്ട്, പിന്നെയാണോ?'; നയൻതാരയെക്കുറിച്ച് ജാൻവി കപൂർ
ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ജാൻവി കപൂർ. നിർമാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീവിദ്യയുടെയും മകളായ ജാൻവി സിനിമയിലെത്തുന്നതിന് മുമ്പേ തന്നെ ലൈം ലൈറ്റിൽ നിറഞ്ഞു നിന്നയാളാണ്. താരകുടുംബത്തിൽ നിന്നായതിനാൽ തന്നെ പെട്ടന്ന് തന്നെ സിനിമയിലേക്ക് അരങ്ങേറ്റവും കുറിച്ചു. ചിത്രങ്ങൾ വലിയ വിജയമൊന്നുമാവുന്നില്ലെങ്കിലും ജാൻവിക്ക് തുടരെ സിനിമകൾ ലഭിക്കുന്നുണ്ട്. ഇത് പിതാവ് നിർമാതാവായതിനാലാണെന്ന് ആരോപണവും നടിക്കെതിരെ ഉയരാറുണ്ട്.

എന്നാൽ ഇത്തരം വിമർശനങ്ങളെയൊന്നും ജാൻവി കപൂർ കാര്യമാക്കാറില്ല. നടി സിനിമകൾക്ക് പുറമെ ബോളിവുഡിലെ പാർട്ടികളിലും യാത്രകളിലുമായെല്ലാം ആഘോഷിക്കുകയാണ്. ഹോട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ പുതിയ ചിത്രം. തമിഴ് ചിത്രമായ കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. കൊലമാവ് കോകിലയിൽ നയൻതാരയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നത്.

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ഒറ്റയ്ക്ക് തോളിലേറ്റി വിജയിപ്പിച്ച ചിത്രമാണ് കൊലമാവ് കോകില. ഈ വിജയം ഒരു പുതുമുഖമായ ജാൻവിക്ക് ആവർത്തിക്കാൻ പറ്റുമോയെന്നാണ് സിനിമാ ലോകത്ത് നിന്നും ഉയരുന്ന ചോദ്യം. ഇരുവരെയും താരമത്യം ചെയ്തുള്ള ചർച്ചകളും സജീവമാണ്. ഇപ്പോൾ ഇത്തരം താരതമ്യങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ജാൻവി.
കരിയറിന്റെ തുടക്കം മുതൽ ഇത്തരം താരതമ്യങ്ങൾ എന്നെക്കുറിച്ച് വന്നിട്ടുണ്ട്. തന്റെ അമ്മ ശ്രീദേവിയുമായി വരെ താരമത്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇത് തന്നെ ബാധിക്കുന്നില്ലെന്നും ജാൻവി പറയുന്നു. എന്റെ ആദ്യ ചിത്രവും റീമേക്കായിരുന്നു. അന്നും ഞാൻ അമ്മയുമായി താരതമ്യം ചെയ്യപ്പെട്ടു. എല്ലാക്കാലത്തെയും മികച്ച നടിയായിരുന്നു അമ്മ. അതിനാൽ തന്നെ താരതമ്യങ്ങളെ പ്രതിരോധിക്കാൻ എനിക്കാവും, എന്നാണ് ജാൻവി പറയുന്നത്.

2018 ലാണ് കൊലമാവ് കോകില പുറത്തിറങ്ങിയ്. നാല് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുന്നത്. തമിഴിലെ കഥാപശ്ചാത്തലമല്ല ഹിന്ദി റീമേക്കിനെന്ന് ജാൻവി പറയുന്നു. ജെറി എന്ന കഥാപാത്രം നയൻതാരയുടേത് പോലെയല്ല. ഒന്നാമത് ഞങ്ങളുടെ സിനിമ ഉത്തരേന്ത്യൻ പശ്ചാത്തലത്തിലാണ്. പഞ്ചാബിലെ ബിഹാറി പെൺകുട്ടിയെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അതിനാൽ അവളുടെ സ്വഭാവം, സംസാരിക്കുന്ന രീതി തുടങ്ങി എല്ലാം വ്യത്യസ്തമാണ്, ജാൻവി പറഞ്ഞു.

ജൂലൈ 29 നാണ് ഹോട്സ്റ്റാറിലൂടെ ഗുഡ് ലക്ക് ജെറി പുറത്തിറങ്ങുക. ആനന്ദ് എൽ രാജും തമിഴ് പതിപ്പിന്റെ നിർമാതാവ് സുബാസ്കരൻ അല്ലിരാജയുമാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാര ചെയ്ത വേഷം എങ്ങനെ ജാൻവി അവതരിപ്പിക്കുമെന്നും ആരുടെ പ്രകടനം മികച്ചു നിൽക്കുമെന്നൊക്കെ അറിയാനാണ് സിനിമാ പ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത്.
2018 ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം. മറാത്തി സിനിമയായ സൈറത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. ധടക് പുറത്തിറങ്ങിയ അതേ വർഷം തന്നെയാണ് കൊലമാവ് കോകിലയും റിലീസായത്. ജാൻവി കപൂറിന്റെ സഹോദരി ഖുശി കപൂറും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സോയ അക്തർ ചിത്രത്തിലൂടെയാണ് ഖുശിയുടെ അരങ്ങേറ്റം.


Click it and Unblock the Notifications