അന്ന് മക്കളെ കാണാതെ കരഞ്ഞ ശ്രീദേവി; ഫോട്ടോകൾ തീരാറായി, ഓർമ്മകൾ ഇല്ലാതാവില്ലെന്ന് ജാൻവി കപൂർ
ശ്രീദേവിയെന്നാൽ പ്രേക്ഷകർക്കിന്നും മനസ്സിൽ തെളിയുക ബിഗ് സ്ക്രീനിൽ കാണുന്ന തിളങ്ങുന്ന കണ്ണുകളാണ്. വർഷങ്ങളോളം ഇന്ത്യൻ സിനിമയുടെ നായികാ മുഖമായി നിലനിന്ന ശ്രീദേവി മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇന്നും ശ്രീദേവി പ്രേക്ഷക മനസ്സിൽ അനശ്വര നായികയായി നിലനിൽക്കുന്നു. സിനിമകളിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവി കുടുംബത്തിന് എന്നും പ്രധാന്യം കൊടുത്തിരുന്ന നടിയാണ്. ചെറുപ്പ കാലത്ത് അമ്മയായിരുന്നു ശ്രീദേവിയുടെ കൂട്ട്. അമ്മയാണ് നടിയെ ആദ്യ ലേഡിസൂപ്പർ സ്റ്റാറായി വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതും.
അമ്മയുടെ മരണം ശ്രീദേവിയെ ഏറെ ബാധിച്ചിരുന്നു. അമ്മയുടെ തണലിൽ കഴിഞ്ഞ ശ്രീദേവി അമ്മയുടെ മരണ ശേഷമാണ് ബോണി കപൂറുമായി കൂടുതൽ അടുക്കുന്നത്. ബോണി കപൂറിനൊപ്പം കുടുംബ ജീവിതത്തിലേക്കും ശ്രീദേവി കടന്നു. വിവാഹത്തിന് മുന്നേ തന്നെ ശ്രീദേവി ഗർഭിണിയാണെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് മക്കളാണ് ശ്രീദേവിക്ക് പിറന്നത്.

മാതൃദിനത്തിൽ അമ്മയെ ഓർത്ത് കൊണ്ട് ജാൻവി കപൂർ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. കുട്ടിയായ ജാൻവിയെ ചേർത്ത് പിടിച്ച ശ്രീദേവിയെയാണ് ഫോട്ടോയിൽ കാണുന്നത്. ഫോട്ടോകൾ തീരാറായി, പക്ഷെ ഓർമ്മകൾ ഒരിക്കലും ഇല്ലാതാവില്ല. ലോകത്തിലെ ഏറ്റവും നല്ല അമ്മ, നിങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നാണ് ജാൻവിയുടെ പോസ്റ്റ്.
പിന്നാലെ നിരവധി പേർ കമന്റുകളുമായെത്തി. നടിമാരായ സമാന്ത, കീർത്തി സുരേഷ് തുടങ്ങിയവർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തു. കരിയറിൽ നിന്നും കുടുംബത്തിന് വേണ്ടി മാറി നിൽക്കാൻ ശ്രീദേവി മടി കാണിച്ചിരുന്നില്ല.

ഏറെക്കാലത്തിന് ശേഷം ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവം മുമ്പാെരിക്കൽ
ജാൻവി പങ്കുവെച്ചിരുന്നു. ഖുശിയുടെ പിറന്നാൾ ദിനത്തിന് സെറ്റിൽ നിന്നും വീട്ടിലേക്ക് ഫോൺ വിളിച്ചതായിരുന്നത്രെ ശ്രീദേവി. എനിക്കിനി അഭിനയിക്കേണ്ട, കുട്ടികൾക്കൊപ്പം ഇരുന്നാൽ മതിയെന്ന് പറഞ്ഞ് ശ്രീദേവി ഫോണിലൂടെ കരഞ്ഞെന്ന് ജാൻവി കപൂർ ഓർത്തു.
അത് കുഴപ്പമില്ല, അമ്മ എപ്പോഴും ഞങ്ങൾക്ക് വേണ്ടി നിന്നിട്ടില്ലേ, സിനിമ കഴിഞ്ഞ് വേഗം നമ്മൾ ഒത്തുകൂടുമെന്ന് പറഞ്ഞ് താനന്ന് അമ്മയെ ആശ്വസിപ്പിച്ചു. അന്ന് ആ വൈകാരികത തനിക്ക് മനസ്സിലായില്ല. പക്ഷെ ഇന്ന് മനസ്സിലാക്കുന്നെന്നും ജാൻവി പറഞ്ഞു. അമ്മ മരിച്ച ശേഷം അനിയത്തി ഖുശിയോട് അമ്മയെ പോലെ വാത്സല്യം തനിക്ക് തോന്നിയിരുന്നെന്നും ജാൻവി അന്ന് പറഞ്ഞു.
2018 ഫെബ്രുവരി മാസത്തിലാണ് ശ്രീദേവി മരിക്കുന്നത്. ജാൻവിയുടെ ആദ്യ സിനിമ ധക്കഡ് റിലീസ് ചെയ്യുന്നതിന് മുമ്പായിരുന്നു മരണം. ദുബായിലെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു ശ്രീദേവിയുടെ മരണം. വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് ദുബായ് പൊലീസ് അന്ന് പറഞ്ഞത്. ഈ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. നടിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശവും ഉണ്ടായിരുന്നു. അഭ്യൂഹങ്ങൾ കുറച്ച് നാളുകൾക്കുള്ളിൽ അവസാനിച്ചു.
ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിൽ ശ്രദ്ധേയയാണ്. മിലിയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മലയാള ചിത്രം ഹെലനിന്റെ റീമേക്കായിരുന്നു. അതിന് മുമ്പ് ഗുഡ് ലക്ക് ജെറി എന്ന സിനിമയിലാണ് ജാൻവി അഭിനയിച്ചത്. തമിഴ് സിനിമ കൊലമാവ് കോകിലയുടെ റീമേക്കായിരുന്നു ഈ ചിത്രം. റീമേക്ക് സിനിമകളിലെ നായിക എന്ന വിമർശനം ജാൻവി കപൂറിന് ഇപ്പോൾ വരുന്നുണ്ട്. കരിയറിൽ എടുത്ത് പറയത്തക്ക ഹിറ്റും ജാൻവിക്ക് ഇപ്പോഴില്ല.


Click it and Unblock the Notifications