അന്ന് രാത്രി യഥാർത്ഥത്തിൽ വീട്ടിൽ നടന്നത്; തുറന്ന് പറഞ്ഞ് ജാവേദ് അക്തർ; കങ്കണയുടെ വാദം പൊളിയുന്നു
തൊട്ടതെല്ലാം വിവാദമാക്കുന്ന താരമായാണ് നടി കങ്കണ റണൗത്ത് ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്നത്. ബോളിവുഡിലെ പ്രമുഖർക്കെതിരെയുള്ള പ്രസ്താവനകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി തുടരുകയാണ്. കരൺ ജോഹർ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി പേർക്കെതിരെ കങ്കണ തുറന്നടിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയായി വളരാമായിരുന്ന കങ്കണ സ്വന്തം കരിയർ ഇല്ലാതാക്കുകയാണെന്ന് സിനിമാ ലോകം പറയുന്നു. നാല് തവണ ദേശീയ പുരസ്കാരം നേടിയ നടിയാണ് കങ്കണ.
എന്നാൽ കങ്കണയെ വെച്ച് സിനിമ ചെയ്യാൻ ഇന്ന് പലരും മടിക്കുന്നു. പല ബ്രാൻഡുകളും നടിയുമായുള്ള കരാർ ഒഴിവാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങൾ പരിശോധിച്ചാൽ കരിയറിൽ പരാജയങ്ങളുടെ വലിയൊരു നിരയാണ് കങ്കണയെ തേടി വന്നത്. ഒടുവിൽ പുറത്തിറങ്ങിയ ധക്കഡ് എന്ന സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. എന്നാൽ കരിയറിലെ പരാജയം കങ്കണ സമ്മതിക്കുന്നുമില്ല. ഇന്നും ബോളിവുഡിലെ ബോക്സ് ഓഫീസ് ക്യൂനാണ് താനെന്ന് കങ്കണ സ്വയം അവകാശപ്പെടുന്നു.

വിവാദങ്ങളുടെ തോഴിയായ കങ്കണയ്ക്കെതിരെ ഫിലിം മേക്കർ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വാദം കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. ഹൃതിക്കുമായുള്ള പ്രശ്നത്തിനിടെ ജാവേദ് അക്തർ വീട്ടിലേക്ക് വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ജാവേദ് അക്തർ പരാതി നൽകിയത്. ഏറെ നാളായി തുടരുന്ന കേസിൽ ഇപ്പോൾ തന്റെ ഭാഗ്യം ന്യായീകരിച്ച് കൊണ്ട് കോടതിയിൽ മൊഴി നൽകിയിരിക്കുകയാണ് ജാവേദ്.
കങ്കണ പറയുന്നത് പോലെ 2016 ൽ തന്റെ വീട്ടിൽ വെച്ച് നടിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ ജാവേദ് അന്ന് രാത്രി യഥാർത്ഥത്തിൽ വീട്ടിൽ സംഭവിച്ചതെന്തെന്നും വിശദമാക്കി. തന്റെ വീട്ടിലേക്ക് കങ്കണയെ ക്ഷണിച്ചു എന്നത് സത്യമാണ്. എന്നാൽ തന്റെ ആവശ്യപ്രകാരമല്ല കങ്കണ വന്നത്. കങ്കണയുമായി അടുത്ത ബന്ധമുള്ള ഡോക്ടർ രമേശ് അഗർവാളാണ് നടിയെ ഹൃതിക്കിന്റെ വിഷയം സംസാരിക്കാൻ വിളിച്ചത്.

രമേശ് അഗർവാൾ തന്റെയും സുഹൃത്തായിരുന്നു. കങ്കണയും സഹോദരിയും കൂടിയാണ് വീട്ടിലേക്ക് വന്നത്. പ്രശ്നത്തിൽ തന്റെ വാക്കുകൾ കേൾക്കാൻ കങ്കണ തയ്യാറായിരുന്നില്ല. സഹോദരിക്കൊപ്പം കങ്കണ തിരിച്ച് പോവുകയും ചെയ്തു. എന്നാൽ താൻ പറഞ്ഞതിൽ കങ്കണയ്ക്ക് അതൃപ്തി തോന്നിയിരുന്നില്ലെന്നും ജാവേദ് അക്തർ വാദിച്ചു.
2020 ൽ നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ തന്നെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കങ്കണ പറഞ്ഞത്. ഹൃതിക്കുമായുള്ള വിഷയത്തിൽ ജാവേദ് അക്തറിന് പുറമെ ബോളിവുഡിലെ മറ്റ് പ്രമുഖരും തനിക്കെതിരെ തിരിഞ്ഞെന്ന് കങ്കണ അന്ന് തുറന്നടിച്ചു.
ബോളിവുഡിനെ പിടിച്ച് കുലുക്കിയ സംഭവമാണ് ഹൃതിക്-കങ്കണ വിവാഹം. കൈറ്റ്സ്, കൃഷ് 3 എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഹൃതിക്കും താനും പ്രണയത്തലായിരുന്നെന്നാണ് കങ്കണയുടെ വാദം. എന്നാൽ കങ്കണയുമായി ഒരു ബന്ധവും ഇല്ലെന്ന് ഹൃതിക്ക് പറഞ്ഞു. ഇതോടെ ബോളിവുഡ് മാധ്യമങ്ങൾ ഇതേറ്റെടുത്തു. കങ്കണയ്ക്കെതിരെ ഹൃതിക്ക് മാനനഷ്ടത്തിന് കേസും കൊടുത്തു. ഹൃതിക്കുമായി പ്രണയത്തിലായിരുന്നെന്ന് തെളിയിക്കാൻ കങ്കണയുടെ കൈയിൽ ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു. ഇതാണ് നടനെ അനുകൂലിക്കുന്നവർ ആയുധമാക്കിയത്.
ഹൃതിക്കിനെ കങ്കണ ശല്യപ്പെടുത്തുകയായിരുന്നെന്ന് തോന്നിക്കുന്ന നടിയുടെ ചില ഇ മെയിലുകളും പുറത്ത് വന്നു. എന്നാൽ ഇവ എഡിറ്റ് ചെയ്തതാണെന്ന് കങ്കണ ആരോപിച്ചു. കങ്കണയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഹൃതിക്ക് അവഗണിക്കാറാണ് പതിവ്. എന്നാൽ മിക്ക പൊതുവേദികളിലും ഹൃതിക്കിനെതിരെ കങ്കണ തുറന്നടിച്ചു. ഇന്നും ഈ വിവാദം അവസാനിച്ചിട്ടില്ല.


Click it and Unblock the Notifications











