പ്രണയ കാലത്ത് പോലും എന്നോട് സംസാരിച്ചില്ല; തുറന്ന് പറഞ്ഞ് ജയ; സ്വര ചേർച്ചയില്ലായ്മ പ്രകടമെന്ന് കമന്റ്
ബോളിവുഡിൽ നിരവധി താര ദമ്പതികൾ ഉണ്ടെങ്കിലും ഇവരേക്കാളെല്ലാം ജനശ്രദ്ധ ലഭിക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ബച്ചന്റെ താര മൂല്യത്തോടൊപ്പം നടനെക്കുറിച്ച് വന്ന ഗോസിപ്പുകളും ഇതിന് പ്രധാന കാരണങ്ങളാണ്. അമിതാഭ് -രേഖ ഗോസിപ്പുകൾ ഒരു കാലത്ത് ബി ടൗണിൽ വ്യാപകമായി പ്രചരിച്ചു. യഥാർത്ഥത്തിൽ ജയ-അമിതാഭ് വിവാഹ ജീവിതത്തേക്കാളും വാർത്താ പ്രാധാന്യവും ജനശ്രദ്ധയും ലഭിച്ചത് രേഖ-അമിതാഭ് ഗോസിപ്പുകൾക്കാണ്.
കോളിളക്കം സൃഷ്ടിച്ച പല കഥകളും ഇരുവരെയും കുറിച്ച് പുറത്ത് വന്നപ്പോഴും ജയ മൗനം പാലിക്കുകയാണുണ്ടായത്. ഒരിക്കൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ജയ തയ്യാറായിട്ടില്ല. ഗോസിപ്പുകൾ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ ജയ എപ്പോഴും ശ്രദ്ധിച്ചു. അച്ഛൻ സിനിമാ തിരക്കുകളായിരുന്നതിനാൽ അമ്മയാണ് തങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതെന്ന് അടുത്തിടെ മകൻ അഭിഷേക് ബച്ചൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോഴിതാ അമിതാഭ് ബച്ചനും ജയ ബച്ചനും ഒരുമിച്ചുള്ള പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമിതാഭ് ബച്ചൻ റൊമാന്റിക് ആണോ എന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. അല്ലെന്ന് ഉടനെ നടൻ മറുപടി നൽകി. ഇത് കേട്ട് ബച്ചനെ നോക്കിയ ജയ തന്നോട് അദ്ദേഹം റൊമാന്റിക് അല്ലെന്ന് കൂട്ടിച്ചേർത്തു. ഇത് കേട്ട അമിതാഭ് ബച്ചൻ ജയയെ അമ്പരപ്പോടെ നോക്കി. റാെമാന്റിക് എന്നാൽ മുട്ട് കുത്തി പ്രൊപ്പോസ് ചെയ്യുന്നതാണോ എന്ന് നടൻ ചോദിച്ചു.
ഭർത്താവ് വളരെ ലജ്ജാശീലനാണ്. ഒരുപക്ഷെ കാമുകിയുണ്ടെങ്കിൽ ഒരുപക്ഷെ അങ്ങനെ ചെയ്തേനെയെന്ന് ജയ ചിരിച്ച് കൊണ്ട് പറഞ്ഞു. ഇത് കേട്ട അവതാരക അദ്ദേഹം മുൻപ് നിങ്ങളുടെ കാമുകനല്ലായിരുന്നോ, അന്ന് റൊമാന്റിക് ആയിരുന്നോ എന്ന് ചോദിച്ചു. അപൂർവമായേ അദ്ദേഹം അക്കാലത്ത് തന്നോട് സംസാരിച്ചിട്ടുള്ളൂയെന്ന് ജയ ബച്ചൻ മറുപടി നൽകി. ഇത് കേട്ട് അവതാരക തെല്ലൊന്ന് അമ്പരന്നു.

പഴയ അഭിമുഖം വീണ്ടും വൈറലായിരിക്കെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ഇരുവരും തമ്മിലുള്ള ചേർച്ചക്കുറവ് വീഡിയോയിൽ പ്രകടമാണെന്ന് പലരും കമന്റ് ചെയ്തു. അസ്വാര്യസ്യങ്ങൾ പരോക്ഷമായി സൂചിപ്പിക്കുകയാണ് ജയ ചെയ്തതെന്നും അഭിപ്രായങ്ങൾ വന്നു. പ്രണയം, ഗോസിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ അമിതാഭ് ബച്ചൻ പൊതുവെ അസ്വസ്ഥനാകാറുണ്ട്.
മുമ്പൊരിക്കൽ ജേർണലിസ്റ്റ് കരൺ ഥാപ്പർ ഇക്കാര്യം തുറന്ന് പറയുകയുണ്ടായി. രേഖയുമായി ചേർത്തുള്ള ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ ബച്ചൻ അസ്വസ്ഥനായെന്നും ഈ ദേഷ്യം തങ്ങളുടെ മുന്നിൽ വെച്ച് ഭാര്യ ജയയോട് കാണിച്ചെന്നുമാണ് കരൺ ഥാപ്പർ വെളിപ്പെടുത്തിയത്. ഒരുകാലത്ത് താര ദമ്പതികളെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ തുടരെ വന്നിരുന്നെങ്കിലും ഗോസിപ്പുകളിൽ പെടാതിരിക്കാൻ ഇന്ന് താര കുടുംബം ശ്രദ്ധിക്കുന്നു.
പാപ്പരാസി മാധ്യമങ്ങളോട് ജയ ബച്ചൻ പലപ്പോഴും ദേഷ്യപ്പെടുന്നതിന് കാരണവും ഇത്തരം പ്രചരണങ്ങളാണ്. എൺപതുകാരനായ അമിതാഭ് ബച്ചൻ സിനിമാ രംഗത്ത് ഇപ്പോഴും സജീവമാണ്. കുറേനാളുകളായി സിനിമാ രംഗത്ത് നിന്നും മാറി നിന്ന ജയ ബച്ചൻ അടുത്തിടെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ജയ ബച്ചൻ അവതരിപ്പിച്ചത്.


Click it and Unblock the Notifications