അമ്മ മറ്റൊരാളായി മാറിയത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടിരുന്നു! തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
സിനിമാ താരങ്ങളുടെയെല്ലാം മക്കള്‍ കൂടുതലായി സിനിമയിലേക്ക് വരുന്ന സമയമാണിപ്പോള്‍. മലയാളത്തിനു പുറമെ ബോളിവുഡിലും ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ സിനിമയിലെത്തുന്നുണ്ട്. ഇതില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരേങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
ജാന്‍വിയുടെ ബോളിവുഡ് പ്രവേശനനത്തിനായി ഏറെ നാളായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ശ്രീദേവിയെ പോലെ മകളും സിനിമയില്‍ തിളങ്ങുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുളളത്. ധടക്കിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ അമ്മയെക്കുറിച്ച് ജാന്‍വി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ അമ്മ മറ്റൊരാളാകുന്നതു കണ്ട് അത്ഭുപ്പെട്ട കാര്യമാണ് ജാന്‍വി തുറന്ന് പറഞ്ഞത്.

ജാന്‍വിയുടെ അരങ്ങേറ്റം
ശശാങ്ക് ഖയ്ത്താന്‍ സംവിധാനം ചെയ്ത ധടക്കിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡിലേക്കെത്തുന്നത്. ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ഇഷാന്‍ ഖത്തേറാണ് ജാന്‍വിയുടെ നായകനായി എത്തുന്നത്. ബോളിവുഡ് സൂപ്പര് താരം ഷാഹിദ് കപൂറിന്റെ സഹോദരനാണ് ഇഷാന്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ധടക്കിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജാന്‍വി തിളങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്,. അടുത്ത മാസമാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്.

ആദ്യ ചിത്രത്തിന് അമ്മയുടെ ഉപദേശം
മകളുടെ ബോളിവുഡ് പ്രവേശനം ശ്രീദേവി ഏറെ ആഗ്രഹിച്ചിരുന്നൊരു കാര്യമായിരുന്നു. എന്നാല്‍ ആഗ്രഹം സാധിക്കാനാവാതെയാണ് ശ്രീദേവി വിടവാങ്ങിയിരുന്നത്. അതേസമയം ചിത്രത്തിന്റെ ആദ്യ 25മിനുട്ട് ഭാഗം നടി കണ്ടിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാന്‍വി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ചിത്രം കണ്ട ശേഷം അമ്മ വിമര്‍ശനാത്മകമായി പ്രതികരിച്ചിരുന്നുവെന്നും ജാന്‍വി പറഞ്ഞിരുന്നു. കൂടാതെ അഭിനയം മെച്ചപ്പെടുത്താനായി വേണ്ട ഉപദേശങ്ങള്‍ തന്നിരുന്നുവെന്നും ജാന്‍വി പറഞ്ഞു.

ഫിലിം സ്‌കൂളില്‍ പഠിച്ചു
സിനിമാ അരങ്ങേറ്റത്തിനു മുന്‍പ് അഭിനയം പഠിക്കാനായി ജാന്‍വി ഫിലിം സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചിരുന്നു. അമ്മ തിരഞ്ഞെടുത്ത മേഖലയില്‍ തന്നെ പോവണമെന്ന ജാന്‍വിയുടെ ആഗ്രഹമാണ് ഫിലിം സ്‌കൂളില്‍ എത്തിച്ചിരുന്നത്. അഭിനയം പഠിക്കാനായി അമേരിക്കയിലെ ഫിലിം സ്‌കൂളിലായിരുന്നു ശ്രീദേവിയും ബോണി കപൂറും ജാന്‍വിയെ ചേര്‍ത്തിരുന്നത്. ജാന്‍വിയുടെ സിനിമ അരങ്ങേറ്റത്തിന് ശ്രീദേവിക്ക് വലിയ താല്‍പര്യമില്ലായിരുന്നെങ്കിലും മകളുടെ ഇഷ്ടത്തിനനുസരിച്ച് ഒടുവില്‍ കൂടെ നില്‍ക്കുകയായിരുന്നു.

അമ്മയുടെ വേഷപ്പകര്‍ച്ചയെക്കുറിച്ച് ജാന്‍വി
അടുത്തിടെ ധടക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു ജാന്‍വി കപൂര്‍ അമ്മയുടെ അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നത്. ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ അമ്മ മറ്റൊരാളായി മാറുന്നത് തന്നെ അതിശയിപ്പിച്ചിരുന്നുവെന്നാണ് ജാന്‍വി തുറന്നു പറഞ്ഞത്. തിരിച്ചുവരവില്‍ ശ്രീദേവിയുടെ ആദ്യ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷിന്റെ ഷൂട്ടിംഗിനിടെ നടന്ന സംഭവമാണ് ജാന്‍വി ഓര്‍ത്തെടുത്തത്.

ജാന്‍വി പറഞ്ഞത്
"ഇംഗ്ലീഷ് വിംഗ്ലീഷ് ലൊക്കേഷനില്‍ ഞങ്ങളുമുണ്ടായിരുന്നു. സൂപ്പ് തന്നിട്ട് കുടിക്കാത്തതില്‍ എന്നോട് അമ്മ ദേഷ്യപ്പെട്ടിരിക്കുന്ന സമയത്താണ് ഷോട്ട് റെഡിയെന്ന് പെട്ടെന്ന് ഒരാള്‍ പറഞ്ഞത്. അത് കേട്ട് പെട്ടെന്നുതന്നെ ഞങ്ങളില്‍ നിന്നും മാറി അമ്മ ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറി. പൊസിഷനില്‍ പോയി മറ്റൊരാളായി മാറിയ അമ്മയെ കണ്ട് ഞാന് അത്ഭുതപ്പെട്ടിരുന്നു.ഞാന്‍ ഒരാള്‍ അവിടെയുണ്ടെന്ന കാര്യം അമ്മ മറന്നു പോയതു പോലെ,ജാന്‍വി പറഞ്ഞു.


Click it and Unblock the Notifications











