താരറാണിയായിരിക്കെ രഹസ്യ വിവാഹം; എല്ലാവരിൽ നിന്നും മറച്ച് വെച്ചതിന് കാരണം; ജൂഹി ചൗള പറഞ്ഞത്
തൊണ്ണൂറുകളിൽ ബോളിവുഡിൽ മുൻനിര നായിക നടിയായി തിളങ്ങിയ താരമാണ് ജൂഹി ചൗള. ഇഷ്ക്, ഖയാമത് സെ ഖയാമത്, ഫിർ ഭിൽ ഹെ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകളിൽ ജൂഹി ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസ്സിൽ നിൽക്കുന്നു. ബി ടൗണിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച ജൂഹി അക്കാലത്തുണ്ടാക്കിയ ആരാധകവൃന്ദം ചെറുതല്ല. മലയാളത്തിൽ ഹരികൃഷ്ണൻസ് എന്ന സിനിമയിലും ജൂഹി അഭിനയിച്ചിട്ടുണ്ട്.
90 കളിൽ തിളങ്ങി നിന്ന മിക്ക നായികമാർക്കും പിൽക്കാലത്ത് വന്ന മാർക്കറ്റ് ഇടിവ് ജൂഹിയെയും ബാധിച്ചു. എന്നാലിന്ന് ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്ന് വരവ് ജൂഹിയെ കരിയറിൽ തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹുഷ് ഹുഷ് വെബ് സീരീസിൽ ജൂഹി ചൗള ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

1995 ലാണ് ജൂഹി ചൗള വിവാഹിതയാകുന്നത്. ബിസിനസുകാരനായ ജയ് മെഹ്തയാണ് ജൂഹിയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് നടി ഇക്കാര്യം പുറത്തറിയിക്കുന്നത്. എന്തുകൊണ്ടാണ് വിവാഹിതയായ കാര്യം മറച്ച് വെച്ചതെന്ന് നേരത്തെ ജൂഹി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്ന വാർത്ത പുറത്ത് വന്നാൽ സിനിമാ കരിയർ ഇല്ലാതാലുമെന്ന ആശങ്ക കൊണ്ടാണ് ജൂഹി മൗനം പാലിച്ചത്.
അന്ന് കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്തായിരുന്നു ജൂഹി. കരിയറിൽ പേരെടുത്ത് വന്ന സമയമായിരുന്നു അത്. പാതിവഴിയിലാണെന്ന് തോന്നിയതിനാൽ കരിയർ തുടരണമെന്നുണ്ടായിരുന്നെന്നാണ് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ജൂഹി ചൗള പറഞ്ഞത്.
ജീവിതത്തിലെ വിഷമഘട്ടത്തിനിടെയാണ് ജൂഹി ചൗള ജയ് മെഹ്തയെ പരിചയപ്പെടുന്നത്. കാറപകടത്തിൽ അമ്മ മരിച്ചതിന്റെ ദുഖത്തിലായിരുന്നു ജൂഹി. മറുവശത്ത് വിമാന അപകടത്തിൽ ജെയ് മെഹ്തയുടെ ആദ്യ ഭാര്യയും മരിച്ചിരുന്നു. പരസ്പരം ആശ്വാസം പകർന്ന ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയും ചെയ്തു.

അമ്മ മോണ ചൗളയുടെ അപ്രതീക്ഷിത മരണം ജൂഹിക്ക് വലിയ ആഘാതമായിരുന്നു. അപകടത്തിൽ അമ്മ മരിച്ച വിവരം ഡൂപ്ലിക്കേറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് ജൂഹി അറിയുന്നത്. മാനസികമായി തകർന്ന ജൂഹിക്ക് ജെയ് മെഹ്തയുടെ സാമീപ്യം ആശ്വാസമായി. ഭർത്താവിനെക്കുറിച്ച് മുമ്പൊരിക്കൽ ജൂഹി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. എപ്പോഴും കണ്ണാടിയിൽ നോക്കുന്ന സിനിമാ താരത്തെയല്ല തനിക്ക് ജീവിതപങ്കാളായായി വേണ്ടതെന്ന് ജൂഹി അന്ന് തുറന്ന് പറഞ്ഞു.
ജയ് ഭർത്താവ് എന്നതിനാെപ്പം ജയ് തന്റെ അടുത്ത സുഹൃത്താണെന്നും ജൂഹി പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുമ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. എന്ത് കാര്യവും അദ്ദേഹത്തോട് ചോദിക്കാം. വിശാലമായ വീക്ഷണം തന്റെ ഭർത്താവിനുണ്ടെന്നും അന്ന് ജൂഹി വ്യക്തമാക്കി. ജാൻവി മെഹ്ത, അർജുൻ മെഹ്ത എന്നീ രണ്ട് മക്കളാണ് ജൂഹിക്കും ജയ് മെഹ്തയ്ക്കും പിറന്നത്.
കഴിഞ്ഞ വർഷം ജൂഹി ചൗളയ്ക്ക് ഡൽഹി ഹൈക്കോടതി പിഴ ചുമത്തിയ സംഭവം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഫൈവ് ജി നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിന് എതിരെ കോടതിയിൽ കേസ് നൽകിയതായിരുന്നു ജൂഹി. എന്നാൽ കേസ് നിസാരമാണെന്ന് ചൂണ്ടിക്കാട്ടി 20 ലക്ഷം രൂപ പിഴ നൽകണമെന്ന് കോടതി വിധിച്ചു. പിന്നീടിത് രണ്ട് ലക്ഷമായി കുറയ്ക്കുകയും ചെയ്തു.


Click it and Unblock the Notifications











