അക്ഷയ് കുമാറിന്റെ സിനിമാ സെറ്റില്‍ ലൈംഗികാതിക്രമം! ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്
ബോളിവുഡ് സിനിമാ ലോകത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ വീണ്ടും കത്തികയറുകയാണ്. സിനിമയിലെ പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ മാന്യന്‍മാരെന്ന് കാണിച്ച ചിലരുടെ യഥാര്‍ത്ഥ സ്വഭാവം നടിമാര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ സാജിദ് ഖാനെതിരെയും നേരത്തെ ഗുരുതര ആരോപണങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.
സാജിദ് ഖാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് നടിമാര്‍ രംഗത്തെത്തിയതോടെ ഹൗസ്ഫുള്‍ 4 എന്ന ചിത്രത്തില്‍ നിന്നും സംവിധായകനെ പുറത്താക്കിയിരുന്നു. സാജിദിനെ മാറ്റി പുതിയ സംവിധായകന്‍ എത്തിയതോടെ ആയിരുന്നു അക്ഷയ്കുമാര്‍ അടക്കമുളളവര്‍ ചിത്രവുമായി സഹകരിച്ചത്. തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ പിന്നാലെ നാനാ പടോക്കറും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ ചിത്രം വീണ്ടും കുരുക്കിലായിരിക്കുകയാണ്.

അക്ഷയുടെ സെറ്റില്‍ ലൈംഗികാതിക്രമം
അക്ഷയ് കുമാര്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഹൗസ്ഫുള്‍ 4. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. തന്റെ അനുമതിയില്ലാതെ സെറ്റിലുണ്ടായിരുന്ന ഒരാള്‍ കടന്നുപിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് പവന്‍ ഷെട്ടി എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി ആരോപിച്ചത്. മുംബൈയിലെ ചിത്രകൂടം ഗ്രൗണ്ടില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.

പരാതിയുമായി യുവതി
ലൊക്കേഷനില്‍ ടീ ബ്രേക്കിനിടെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ ആമിര്‍ എന്റെടുത്തു വന്നിരുന്നു. പിന്നാലെ പവന്‍ ഷെട്ടിയും മറ്റ് നാല് പേരും ഞങ്ങള്‍ക്കടുത്തേക്ക് വന്നു. അയാളും ഒരു ഡാന്‍സറായിരുന്നു. അവര്‍ രാജിനെ കാണണമെന്ന് പറഞ്ഞ് ആമിറിനെ അവിടെ വെച്ച് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ തമ്മിലുളള വഴക്കിനെക്കുറിച്ച് എനിക്കറിയാമായിരുന്നു.അത് കൊണ്ട് തന്നെ ഞാന്‍ ആ പ്രശ്‌നത്തില്‍ ഇടപെട്ടു. യുവതി പറയുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു
എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ പവന്‍ പിന്നില്‍നിന്നും എന്നെ എടുത്തുയര്‍ത്തി പിന്നോട്ടിടുകയായിരുന്നു. ഈ സമയത്ത് എന്റെ സ്വകാര്യ ഭാഗങ്ങളില്‍ അയാള്‍ മനപൂര്‍വ്വം സ്പര്‍ശിച്ചു. ഇതോടെ സെറ്റില്‍ വെച്ച് ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. എന്റെ കരച്ചില്‍ കേട്ടതോടെ അക്ഷയ്കുമാറും റിതേഷും ഉള്‍പ്പെടെയുളളവര്‍ ഓടിയെത്തിയിരുന്നു. അക്ഷയ് കുമാറായിരുന്നു എന്നോട് പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്.

പോലീസിനെ അറിയിച്ചിരുന്നു
എന്നാല്‍ ഞാന്‍ നിലവിളിച്ചപ്പോള്‍ തന്നെ പവന്‍ ഓടിരക്ഷപ്പെട്ടിരുന്നു. നടന്ന സംഭവം ഞാന്‍ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് എഫ് ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് അക്ഷയ്കുമാര്‍ സെറ്റില്‍ ഇല്ലായിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പറഞ്ഞത് കളളമായിരുന്നുവെന്നും യുവതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൗസ്ഫുള്‍ 4 സെറ്റില്‍ നടന്ന സംഭവങ്ങള്‍ യുവതി വെളിപ്പെടുത്തിയിരുന്നത്.

സാജിദ് ഖാനും നാനാ പടേക്കറും
ഹൗസ്ഫുള്‍ 4ന്റെ സംവിധായകനായി ആദ്യം തീരുമാനിച്ചിരുന്നത് സാജിദ് ഖാനെ ആയിരുന്നു. എന്നാള്‍ ലൈംഗികാരോപണത്തില്‍പ്പെട്ടതോടെ സാജിദിനെ ചിത്രത്തില്‍നിന്നും മാറ്റുകയായിരുന്നു. സാജിദ് പിന്മാറിയ ശേഷമായിരുന്നു അക്ഷയ്കുമാര്‍ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായിരുന്നത്. തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമായിരുന്നു നാനാ പടേക്കര്‍ ചിത്രത്തില്‍നിന്നും പിന്മാറിയിരുന്നത്. നാനാ പടേക്കറിനു പകരം റാണ ദഗുപതി ആയിരുന്നു എത്തിയിരുന്നത്.


Click it and Unblock the Notifications











