കജോൾ സ്നേഹിച്ചത് ആ നടനെ; പക്ഷെ ഞങ്ങൾ രണ്ട് പേർക്കും കിട്ടിയില്ല; തുറന്ന് പറഞ്ഞ് കരൺ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച നടിമാരുടെ പട്ടികയിൽ എന്നും കജോൾ ഉണ്ടാകും. 90 കളുടെ അവസാനം ഹിന്ദി സിനിമാ രംഗത്ത് പകരം വെക്കാനില്ലാത്ത താരമായി കജോൾ മാറി. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഹിറ്റുകളുടെ വലിയൊരു നിര തന്നെ കജോളിന് അവകാശപ്പെടാനുണ്ട്. കുച്ച് കുച്ച് ഹോതാ ഹെ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കഭി ഖുശി കഭി ഗം തുടങ്ങി മറക്കാൻ പറ്റാത്ത ഒരു സിനിമകളിൽ കജോൾ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു.
ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നപ്പോഴും ഫന, മൈ നേം ഈസ് ഖാൻ തുടങ്ങിയ ഹിറ്റ് സിനിമകൾ കജോളിന് ലഭിച്ചു. ഒടിടിയുടെ കടന്ന് വരവോടെ കജോളിനെ തേടി വ്യത്യസ്തമനായ കഥാപാത്രങ്ങൾ ഇന്ന് വരുന്നുണ്ട്. നടൻ അജയ് ദേവ്ഗണാണ് കജോളിന്റെ ഭർത്താവ്. 1999 ലാണ് കജോളും അജയ് ദേവഗണും വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് കജോൾ വിവാഹത്തിന് തയ്യാറായത്.

കരിയറിലെ സുവർണകാലത്ത് വിവാഹിതരാകരുതെന്ന് പലരും ഉപദേശിച്ചെങ്കിലും കജോൾ തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. അഭിനയ രംഗം ഉപേക്ഷിക്കില്ലെന്നും എന്നാൽ സിനിമകളുടെ എണ്ണം കുറയ്ക്കുമെന്നും അന്ന് കജോൾ വ്യക്തമാക്കി. അജയ് ദേവ്ഗണിന് മുമ്പ് കജോളിന് ഇഷ്ടം തോന്നിയ മറ്റൊരു നടനാണ് അക്ഷയ് കുമാർ. നടിയുടെ അടുത്ത സുഹൃത്തും ഫിലിം മേക്കറുമായ കരൺ ജോഹറാണ് ഇക്കാര്യം ഒരിക്കൽ തുറന്ന് പറഞ്ഞത്.
ഒരു ടെലിവിഷൻ ഷോയിൽ വെച്ചാണ് കരൺ ജോഹർ ഇക്കാര്യം വെളിപ്പെടുത്തിയത്. കജോളിന്റെ ക്രഷ് ആയിരുന്നു അക്ഷയ് കുമാർ. ഹെന്ന ഇൻ മുംബൈ എന്ന സിനിമയുടെ പ്രീമിയർ സമയത്ത് കജോൾ അക്ഷയ് കുമാറിനെ നോക്കുകയായിരുന്നു. ഞാനവളെ പിന്തുണച്ചു. ഒരുപക്ഷെ ഞാനും അക്ഷയ്നെ നോക്കുന്നുണ്ടായിരിക്കും. പക്ഷെ അവസാനം ഞങ്ങൾക്ക് അക്ഷയ്നെ ലഭിച്ചില്ല. എന്നാൽ ഞങ്ങൾ രണ്ട് പേരും അടുത്ത സുഹൃത്തുക്കളായെന്നും കരൺ ജോഹർ അന്ന് തുറന്ന് പറഞ്ഞു.

90 കളിൽ തിരക്കുള്ള താരങ്ങളായിരുന്നു അക്ഷയും കജോളുമെങ്കിലും യെ ദിലെങ്കി എന്ന ഒറ്റ സിനിമയിൽ മാത്രമേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. കജോളിന്റെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിലാണ് അക്ഷയ് കുമാർ വിവാഹിതനായത്. നടി ട്വിങ്കിൾ ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യ. വിവാഹശേഷം ട്വിങ്കിൾ ഖന്ന അഭിനയ രംഗത്ത് നിന്നും പിന്മാറി.
കജോളും അക്ഷയ് കുമാറും കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഇന്ന് ശ്രദ്ധ നൽകുന്നു. ആരവ്, നിതാര എന്നിവരാണ് അക്ഷയ് കുമാറിന്റെ മക്കൾ. യുഗ്, നൈസ എന്നിങ്ങനെയാണ് കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മക്കളുടെ പേര്. കജോളിന്റെ അടുത്ത സുഹൃത്തായ കരൺ ജോഹറും രണ്ട് കുട്ടികളുടെ പിതാവാണ്. യാഷ്, രൂഹി എന്നിവരാണ് കരണിന്റെ മക്കൾ. കജോളിന് ഹിറ്റ് സിനിമകൾ സമ്മാനിച്ച ഫിലിം മേക്കർ കൂടിയാണ് കരൺ.
അതേസമയം ഒരുഘട്ടത്തിൽ ഈ സൗഹൃദത്തിൽ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ ശിവയ് എന്ന സിനിമയെ തകർക്കാൻ കരൺ ജോഹർ ശ്രമിച്ചെന്ന ആക്ഷേപം വന്നിരുന്നു. അന്ന് കജോൾ കരണിനെതിരെ രംഗത്ത് വന്നു. എന്നാൽ പിന്നീട് ഈ പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് പേരും സുഹൃത്തുക്കളായി.


Click it and Unblock the Notifications