ആ സിനിമയുടെ സമയത്ത് ഗർഭിണിയായിരുന്നു, പക്ഷെ നഷ്ടപ്പെട്ടു; രണ്ടാം തവണയും ഗർഭം അലസി; കജോൾ
ബോളിവുഡിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിയാണ് കജോൾ. ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്ന കജോൾ 90 കളിൽ ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടിയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് കജോൾ വിവാഹിതയാകുന്നത്. വിവാഹ ശേഷം നടി സിനിമകളുടെ തിരക്ക് കുറച്ചു. നടൻ അജയ് ദേവ്ഗണിനെയാണ് കജോൾ വിവാഹം ചെയ്തത്. 1999 ലായിരുന്നു വിവാഹം. വിവാഹ ശേഷം കജോൾ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. രണ്ട് മക്കളാണ് കജോളിനും അജയ്ക്കുമുള്ളത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.
മൂത്ത മകൾ നൈസ പിറക്കുന്നതിന് മുമ്പ് തനിക്ക് രണ്ട് തവണ അബോർഷൻ നടന്നിട്ടുണ്ടെന്ന് കജോൾ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ആ ഘട്ടം വിഷമകരമായിരുന്നെന്ന് കജോൾ അന്ന് ഓർത്തു. 2001 ൽ കഭി ഖുശി കഭി ഗം എന്ന സിനിമയുടെ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. പക്ഷെ ഗർഭഛിദ്രം സംഭവിച്ചു. ആ സിനിമ വലിയ വിജയമായി. എന്നാൽ ഇക്കാരണത്താൽ താൻ സങ്കടത്തിലായിരുന്നു. പിന്നീട് മറ്റൊരു തവണയും ഗർഭഛിദ്രം സംഭവിച്ചു. അത് വിഷമഘട്ടമായിരുന്നു.

എന്നാൽ പിന്നീട് താൻ ഗർഭിണിയായെന്നും മക്കൾ പിറന്നതോടെ തന്റെ കുടുംബം പൂർണമായെന്നും കജോൾ വ്യക്തമാക്കി. കജോൾ-അജയ് ദേവ്ഗൺ വിവാഹം അന്ന് നടിയുടെ ബന്ധുക്കൾക്ക് പോലും അത്ഭുതമായിരുന്നു. തീർത്തും വ്യത്യസ്തരാണ് കജോളും അജയും. കജോൾ അന്ന് ബോളിവുഡിൽ ഏറ്റവും താരപ്രഭയുള്ള നടിയാണ്. ഈ സമയത്ത് വിവാഹം വേണോ എന്ന് കുടുംബം പോലും കജോളിനോട് ചോദിച്ചിരുന്നു. കജോൾ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
അജയ്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒരാഴ്ചയോളം എന്നോട് സംസാരിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്തും ഈ ചെറുപ്രായത്തിലും വിവാഹം വേണോയെന്ന് അച്ഛൻ ചോദിച്ചു. അജയുമായി പ്രണയത്തിലാണെന്നും കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നെന്നും താൻ മറുപടി നൽകിയെന്ന് കജോൾ ഓർത്തു.

കരിയറിലെ അവസരങ്ങൾ വേണ്ടെന്ന് വെച്ച് വിവാഹ ജീവിതത്തിലേക്ക് കടന്നതിനെക്കുറിച്ചും കജോൾ സംസാരിച്ചിട്ടുണ്ട്. ഒമ്പത് വർഷത്തോളം തുടരെ സിനിമകൾ ചെയ്തു. ഒരു വർഷം നാലും അഞ്ചും സിനിമകളാണ് ചെയ്തിരുന്നത്. തുടർന്നും ഇങ്ങനെ ജീവിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. വിവാഹ ജീവിതത്തിലേക്ക് കടക്കാനും ഒരു വർഷം ഒരു സിനിമ ചെയ്യാനും താൻ തീരുമാനിക്കുന്നത് ഇക്കാരണത്താലാണെന്നും കജോൾ വ്യക്തമാക്കി.
വിവാഹ ശേഷവും ശ്രദ്ധേയമായ കഥാപാത്രങ്ങൾ കജോളിന് ലഭിച്ചു. എന്നാൽ മുൻനിര നായിക സ്ഥാനം അപ്പോഴേക്കും കജോളിന് നഷ്ടപ്പെട്ടു. കരീന കപൂർ ഉൾപ്പെടെയുള്ള താരങ്ങൾ ഈ സ്ഥാനത്തേക്ക് വന്നു. പഴയത് പോലെ സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് കജോൾ. നടിയുടെ ഒന്നിലേറെ സിനിമകൾ അടുത്തിടെ പുറത്തിറങ്ങി. കജോളിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications