'ഞാൻ നല്ല നടിയാണ്, കരച്ചിൽ കണ്ടുനിൽക്കാനാവില്ല'; അഭിനയത്തെ കുറിച്ച് മക്കളും ബന്ധുവും പറഞ്ഞതെന്താണെന്ന് കജോൾ!
2003ൽ മകൾ നൈസയുടെ ജനനത്തോടെയാണ് കാജോൾ ആദ്യമായി അമ്മയാകുന്നത്. പിന്നീട് ഏഴ് വർഷത്തിനുശേഷം യുഗ് എന്നൊരു മകൻ കൂടി അജയ് ദേവ്ഗണിനും കജോളിനും പിറന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അമ്മയാകുന്നതിന് മുമ്പ് തന്നെ താരം പലതവണ സ്‌ക്രീനിൽ അമ്മയായി അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ പ്രോജക്ടായ ദി ട്രയൽ എന്ന വെബ് സീരിസിലൂടെ വീണ്ടും ഒരു അമ്മയായി കജോൾ പകർന്നാടുന്നത് പ്രേക്ഷകന് കാണാൻ സാധിക്കും. ദി ട്രയലിലൂടെ നടി ആദ്യമായി വെബ് സീരിസ് ലോകത്തേക്ക് ഭാഗ്യം പരീക്ഷിക്കാൻ എത്തുകയാണ്.
ലോകമെമ്പാടും ആരാധകരുള്ള സീരിസുകളിൽ ഒന്നാണ് ജൂലിയാന മർഗുലീസ് പ്രധാന വേഷത്തിൽ അഭിനയിച്ച ജനപ്രിയ അമേരിക്കൻ നിയമ-രാഷ്ട്രീയ നാടകമായ ദി ഗുഡ് വൈഫ്. ഈ സീരിസിന്റെ ഔദ്യോഗിക ഹിന്ദി പതിപ്പാണ് കജോൾ നായികയാകുന്ന ദി ട്രയൽ.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങിന് ഒരുങ്ങുന്ന ദി ട്രയൽ സംവിധാനം ചെയ്തിരിക്കുന്നത് സുപർൺ എസ് വർമ്മയാണ്. ജിസ്സു സെൻഗുപ്ത, കുബ്ര സെയ്ത്, അലി ഖാൻ, ഷീബ ഛദ്ദ എന്നിവരും ഈ പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സീരിസിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ന്യൂസ് 18യുമായി സംസാരിക്കവെ അമ്മ-മക്കൾ ബന്ധത്തെ കുറിച്ച് വാചാലയായ കജോൾ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 'ഞാൻ ഏകദേശം 120 തവണ ഒരു അമ്മയായി അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും റീൽ ജീവിതത്തിലും നമ്മൾ അമ്മവേഷം ചെയ്യുമ്പോൾ രണ്ടും തമ്മിൽ വ്യത്യാസങ്ങളുണ്ട്.'
'എന്റെ അഭിപ്രായത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ ഒരു അമ്മയും മകളും അല്ലെങ്കിൽ ഒരു കുട്ടിയും പങ്കിടുന്ന ഒരു ബന്ധം ഓൺസ്‌ക്രീനിൽ കാണുമ്പോൾ അത് കുറച്ചുകൂടി യഥാർത്ഥമായിരിക്കണമെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ടെന്നും', കജോൾ പറയുന്നു.
ഞാൻ എപ്പോഴും എന്റെ കുട്ടികളോട് പറയാറുണ്ട്.... നിങ്ങളിൽ എനിക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ടെങ്കിലും ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കുമെന്ന് അക്കാര്യങ്ങൾ ദി ട്രയലിൽ അമ്മ വേഷം ചെയ്തപ്പോൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും കജോൾ പറയുന്നു. അതുപോലെ തന്നെ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ മക്കൾ എന്തുകൊണ്ടാണ് തന്റെ സിനിമകൾ കാണാത്തത് എന്നതിനെ കുറിച്ചും കജോൾ വെളിപ്പെടുത്തിയിരുന്നു.
ആ അവസ്ഥയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തി. 'എന്റെ കുട്ടികൾ എന്റെ സിനിമകൾ കാണുന്നില്ല. അവർ അതിന് ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ വളരെ നല്ല നടനായതിനാൽ എന്റെ സിനിമകൾ കാണാറില്ലെന്ന് ഒരിക്കൽ എന്റെ ഒരു ബന്ധു എന്നോട് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി... ഞാൻ ഒരു മോശം നടിയായിരുന്നെങ്കിൽ സ്‌ക്രീനിൽ ഞാൻ കരയുന്നത് അവർ സഹിക്കുമായിരുന്നു.'

'എന്നാൽ ഞാൻ നന്നായി അഭിനയിക്കുന്നതിനാൽ ഞാൻ കരയുന്നത് അവർക്ക് കാണാൻ കഴിയുന്നില്ലെന്നാണ് കാരണമായി പറഞ്ഞത്. അഭിനന്ദിക്കണമെന്ന് കരുതിയെങ്കിലും അതൊരു ഉൾട്ടയായാണ് എനിക്ക് തോന്നിയത്. എന്റെ കുട്ടികൾക്കും ഇതേ മനോഭാവമാണ്. ഞാൻ നന്നായി കരയുന്നുവെന്നും അവർക്ക് അത് സഹിക്കാൻ കഴിയില്ലെന്നതിനാൽ എന്റെ വർക്കുകൾ കാണാൻ അവർ താൽപര്യം പ്രകടിപ്പിക്കുന്നുമില്ല.'
'എന്നാൽ ലസ്റ്റ് സ്റ്റോറീസ് 2 ഉം സലാം വെങ്കിയും ദി ട്രയലിന്റെ ട്രെയിലർ കണ്ടുവെന്ന് മകൻ യുഗ് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവയെല്ലാം പൂർണമായി കാണാൻ അവന് താൽപര്യമില്ല. ഞാൻ ഗോൽമാൽ പോലുള്ള സിനിമകൾ ചെയ്യണമെന്ന് പലപ്പോഴായി യുഗ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു വീട്ടിൽ രണ്ട് അഭിനേതാക്കൾ ഉള്ളതിനാൽ അതിന്റേതായ താരതമ്യപ്പെടുത്തലുകൾ നടക്കുന്നതായും', കജോൾ തമാശയായി പറഞ്ഞു.


Click it and Unblock the Notifications