'പലതവണ അബോർഷനായി, ഇനി കുഞ്ഞുങ്ങൾ ജനിക്കില്ലെന്ന് കരുതി, സറോഗസി തുണച്ചു'; ഗൗരി ഖാനും കജോളിനും സംഭവിച്ചത്!
സെലിബ്രിറ്റികളുടെ ജീവിതം സോഷ്യൽമീഡിയയുടെ വരവോടെ കൂടുതൽ പബ്ലിക്കായിട്ടുണ്ട്. പലപ്പോഴും താരങ്ങൾ തന്നെ അവരുടെ വിശേഷങ്ങളും വിഷമങ്ങളും ജീവിതത്തിലെ മുഹൂർത്തങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ അത് ആരാധകർക്കും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ അടുത്തറിയാൻ സഹായിക്കും.
സെലബ്രിറ്റികളും അവരുടെ ഗർഭധാരണവും പ്രസവവും കുഞ്ഞിന്റെ വളർച്ചയുമെല്ലാം വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. ചിലർ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്നതിന് വേണ്ടി സറോഗസിയെ ആശ്രയിക്കാറുണ്ട്.
സൗന്ദര്യം നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് പല താരങ്ങളുടെ ഭാര്യമാരും നടിമാരുമെല്ലാം ലക്ഷങ്ങൾ മുടക്കി സറോഗസി ചെയ്യുന്നതെന്നാണ് പൊതുവെ സിനിമാപ്രേമികൾക്കിടയിലുള്ള തെറ്റിദ്ധാരണ.

അടുത്തിടെ പ്രിയങ്ക ചോപ്ര, നയൻതാര തുടങ്ങിയ താരങ്ങൾ സറോഗസി വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ ഏറ്റവും കൂടുതൽ ഉയർന്ന ആക്ഷേപവും ഇത് തന്നെയായിരുന്നു. എന്നാൽ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ അടക്കമുള്ളവർ പലതവണ അബോർഷൻ സംഭവിച്ചശേഷമാണ് സറോഗസിയെന്ന തീരുമാനത്തിലേക്ക് എത്തിയത് പോലും.
പല ബോളിവുഡ് സെലിബ്രിറ്റികൾക്കും അബോർഷൻ സംഭവിച്ചിട്ടുണ്ട്. ആ വേദനയിലൂടെ കടന്നുപോയശേഷമാണ് കജോൾ, ശിൽപ ഷെട്ടി അടക്കമുള്ള മറ്റ് താരങ്ങൾ കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഒരു കുഞ്ഞ് പിറക്കാൻ വേണ്ടി തങ്ങൾ അനുഭവിച്ചിട്ടുള്ള വിഷമങ്ങളെ കുറിച്ചും താണ്ടിയ സങ്കട കടലുകളെ കുറിച്ചും പലപ്പോഴും സെലിബ്രിറ്റികൾ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കിങ് ഖാൻ ഷാരൂഖിനും ഭാര്യ ഗൗരിക്കും മൂന്ന് മക്കളാണ്. അതിൽ ആര്യനേയും സുഹാനയേയും ഗൗരി തന്നെയാണ് പ്രസവിച്ചത്. മൂന്നാമത്തെ മകൻ അബ്രാം പക്ഷെ സറോഗസിയിലൂടെ പിറന്ന കുഞ്ഞാണ്. ആര്യൻ ജനിക്കുന്നതിന് മുമ്പ് ഗൗരി ഖാന് നിരവധി തവണ അബോർഷൻ സംഭവിച്ചിരുന്നു. ശേഷമാണ് ദാമ്പതികൾക്ക് ആര്യൻ ഖാൻ ജനിച്ചത്.
പിന്നാലെ സുഹാനയും പിറന്നു. 2013ലാണ് അബ്രാം ജനിച്ചത്. നടിയും ഷാരൂഖിന്റെ പ്രിയ സുഹൃത്തുക്കളിൽ ഒരാളുമായ കജോളിനും ഇതേ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടികൾ വേണമെന്ന തീരുമാനത്തിലേക്ക് ഭർത്താവ് അജയ് ദേവ്ഗണിനൊപ്പം കജോൾ എത്തിയ സമയത്ത് നടിക്ക് രണ്ട് തവണ അബോർഷനുണ്ടായി. കജോൾ കഭി ഖുഷി കഭി ഗം ഷൂട്ടിങ്ങിനിടെ ഗർഭിണിയായിരുന്നു. ഈ സിനിമ ചെയ്തപ്പോഴാണ് അബോർഷൻ സംഭവിച്ചത്.

വീണ്ടും ഒരിക്കൽ കൂടി അബോർഷൻ സംഭവിച്ച ശേഷമാണ് കജോളും അജയും വേദനയെ മറികടന്ന് യുഗിനും നൈസയ്ക്കും ജന്മം നൽകിയത്. അതുപോലെ തന്നെ 2010ൽ ആദ്യമായി ഗർഭിണിയായപ്പോൾ ചില സങ്കീർണതകൾ കാരണം ശിൽപ ഷെട്ടി കുന്ദ്രയ്ക്ക് ഗർഭം അലസിപ്പോയി. ഇനിയൊരിക്കലും താൻ ഗർഭിണിയാകില്ലെന്ന് നടി കരുതി. ശേഷമാണ് മകൻ വിയാൻ പിറന്നത്.
കൂടാതെ സറോഗസിയിലൂടെ സമീക്ഷ എന്നൊരു മകളും ശിൽപ്പയ്ക്കുണ്ട്. 'വിയാനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ആ സമയത്ത് പ്രതിരോധ ശേഷി കുറയ്ക്കുന്ന രീതിയിലുള്ള അസുഖം ബാധിച്ചു. പലതവണ ഗർഭം ധരിച്ചു. പക്ഷെ അതെല്ലാം തന്നെ അബോർഷനാകുകയായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു. ഒരിക്കൽ ഒരു കുഞ്ഞിനെ ദത്തെടുത്താലോയെന്ന് ചിന്തിച്ചിരുന്നു.'
വിയാനെ ഒറ്റ മകനായി വളര്‍ത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം എനിക്ക് ഒരു സഹോദരിയുണ്ട്. നമുക്കൊപ്പം അങ്ങനെ ഒരാൾ ഉള്ളതിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. ഈ ചിന്തയില്‍ നിന്നുമാണ് മറ്റ് ആശയങ്ങള്‍ ഉദിച്ചത്. പക്ഷെ അതിൽ വേറെയും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് വിചാരിച്ചതുപോലെ നടന്നില്ല. അങ്ങനെ ദത്തെടുക്കാൻ തീരുമാനിച്ചു. പക്ഷെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.'
'നാലുവർഷം ഞങ്ങൾ കാത്തു. ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് സറോഗസി സ്വീകരിച്ചത്' എന്നാണ് അടുത്തിടെ മകൾ സമീക്ഷയെ കുറിച്ച് സംസാരിച്ച് ശിൽപ ഷെട്ടി പറഞ്ഞത്. കിരൺ റാവുവിനും ആമിർ ഖാനും അവരുടെ ആദ്യത്തെ കുഞ്ഞിനെ ഗർഭച്ഛിദ്രം മൂലം നഷ്ടപ്പെട്ടിരുന്നു. ശേഷം വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ആസാദ് പിറന്നു.


Click it and Unblock the Notifications











