ഈ അഹങ്കാരം കുടുംബ ബന്ധങ്ങളെ പോലും വെറുതെ വിടുന്നില്ല; ജയ ബച്ചനെതിരെ തുറന്നടിച്ച് കങ്കണ റണൗത്ത്
ബോളിവുഡിൽ മിക്കപ്പോഴും ചർച്ചയാകുന്ന സീനിയർ നടിയാണ് ജയ ബച്ചൻ. നടിയും എംപിയുമായ ജയ ബച്ചനെ മിക്കപ്പോഴും ദേഷ്യത്തോടെയാണ് പൊതുവേദികളിൽ കാണാറുള്ളത്. പാപ്പരാസികൾക്ക് മുമ്പിലാണ് ഈ ദേഷ്യം കൂടുതലായി പ്രകടിപ്പിക്കാറുമുള്ളത്. മുൻകോപക്കാരിയായ ജയ ബച്ചന് നേരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനവും വരാറുണ്ട്. അടുത്തിടെയാണ് ഭർത്താവിന്റെ പേരിനൊപ്പം ചേർത്ത് തന്റെ പേര് വിളിച്ചതിൽ ജയ ബച്ചൻ പാർലമെന്റിൽ എതിർപ്പറിയിച്ചത്.
ശ്രീമതി ജയ അമിതാഭ് ബച്ചൻ എന്നായിരുന്നു രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകർ അഭിസംബോധന ചെയ്തത്. ഇത് ജയ ബച്ചന് ഇഷ്ടപ്പെട്ടില്ല. ഭർത്താവിലേക്ക് മാത്രം തന്റെ ഐഡന്റിറ്റി ചുരുങ്ങുന്നതിൽ ജയ ബച്ചൻ എതിർപ്പ് അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് നടി കങ്കണ റണൗത്ത്. സമൂഹത്തിന് ദോഷം ചെയ്യുന്ന ഇത്തരം പുരോഗമന ആശയങ്ങളെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് കങ്കണ പറയുന്നു.

ഇന്നത്തെ കാലത്തെ ലജ്ജാകരമായ കാര്യമാണിത്. പ്രകൃതിയായി സൃഷ്ടിച്ച ആണും പെണ്ണും തമ്മിലുള്ള മനോഹരമായ വ്യത്യാസം ഇന്ന് വേർതിരിവായി കാണുന്നു. ഒരു പുരുഷൻ പുരുഷനാണ്. സ്ത്രീ സ്ത്രീയും. അവരൊരുമിക്കുന്നത് മനോഹരമാണ്. ഇതൊക്കെ ചെറിയ പ്രശ്നങ്ങളാണ്. ഫെമിനിസത്തിന്റെ പേരിൽ ആളുകളും സമൂഹവും മോശം ഗതിയിലേക്കാണ് പോകുന്നതെന്ന് കങ്കണ റണൗത്ത് അഭിപ്രായപ്പെട്ടു.
തന്റെ ഐഡന്റിറ്റി ഇല്ലാതാകുന്നു എന്ന ജയ ബച്ചന്റെ അഭിപ്രായത്തിലും കങ്കണ വിമർശനം ഉന്നയിച്ചു. ഈ അഹങ്കാരം കുടുംബങ്ങൾ തമ്മിലുള്ള മനോഹരമായ ബന്ധത്തെ പോലും ബാധിക്കുന്നു. മനുഷ്യർ പരസ്പരം ഉൾക്കൊള്ളണം. ഇത്തരത്തിലുള്ള പരുഷതതയിലൂടെ പരസ്പരം അകലുകയല്ല വേണ്ടത്. തനിക്ക് പാനിക്ക് അറ്റാക്ക് ആണെന്നും മറ്റും ഇവർ പറയുന്നു. തന്റെ ഐഡന്റിറ്റി പോയി, ഞാൻ നശിച്ചു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തനിക്ക് വിഷമമാണ് തോന്നാറെന്നും കങ്കണ തുറന്നടിച്ചു.

കങ്കണയുടെ വാക്കുകളെ അനുകൂലിച്ച് പല കമന്റുകളും വരുന്നുണ്ട്. ഭർത്താവിന്റെ പേരിൽ അറിയപ്പെടേണ്ടെന്ന് ജയ ബച്ചൻ ഇപ്പോൾ പറയുന്നുണ്ടെങ്കിലും നേരത്തെ ജയ ബച്ചന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. മരുമകൾ ഐശ്വര്യ റായെക്കുറിച്ചും ഇത്തരത്തിലുള്ള ചില പ്രസ്താവനകൾ ജയ ബച്ചൻ നടത്തിയിട്ടുണ്ട്.
സിനിമാ രംഗത്ത് ജയ ബച്ചൻ ഇപ്പോൾ സജീവമല്ല. ഏറെക്കാലത്തിന് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും തുടർന്ന് സിനിമകൾ ചെയ്യാൻ ജയ ബച്ചൻ തയ്യാറായില്ല. ഭർത്താവ് അമിതാഭ് ബച്ചൻ സിനിമകളിൽ സജീവമാണ്. ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെ വലിയ തോതിൽ ചർച്ചയായി.
ഐശ്വര്യ റായും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അകൽച്ചയിലാണെന്ന് സൂചനയുണ്ട്. അഭ്യൂഹങ്ങൾ കടുത്തിട്ടും താര കുടുംബം പ്രതികരിച്ചില്ല. പൊതുവിടങ്ങളിൽ ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിലുള്ള അകൽച്ച പ്രകടമാണ്. ഗോസിപ്പുകൾ കടുത്തിട്ടും താരങ്ങൾ പ്രതികരിക്കാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications











