സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രമല്ല! പരസ്ത്രീ ബന്ധമുളളവരും ശിക്ഷിക്കപ്പെടണം: കങ്കണ
തനുശ്രീ ദത്തയ്ക്ക് പിന്നാലെ കങ്കണ റാവത്ത് നടത്തിയ വെളിപ്പെടുത്തലും ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ക്വീന്‍ എന്ന സിനിമയുടെ സംവിധായകനെതിരെ ആയിരുന്നു നടി വെളിപ്പെടുത്തലുമായി എത്തിയിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വികാസ് ബഹലിനെതിരെ ലൈംഗികാരോപണവുമായിട്ടായിരുന്നു കങ്കണ എത്തിയിരുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവമായിരുന്നു കങ്കണ വെളിപ്പെടുത്തിയിരുന്നത്. മീ ടു വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ വീണ്ടും സജീവമായ സമയത്തായിരുന്നു നടിയുടെ വെളിപ്പെടുത്തലും ഉണ്ടായിരുന്നത്. ഇപ്പോള്‍ മീടു കാമ്പയിന്റെ പശ്ചാത്തലത്തില്‍ കങ്കണയുടെതായി പുതിയൊരു പ്രതികരണം കൂടി വന്നിരിക്കുകയാണ്. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരായെന്നായിരുന്നു കങ്കണ പറഞ്ഞത്. നടന്‍ ഹൃത്വിക്ക് റോഷനെ മുന്‍നിര്‍ത്തിയായിരുന്നു കങ്കണ ഇക്കാര്യം പറഞ്ഞത്.

ഹൃത്വിക്ക് റോഷനെതിരെ കങ്കണ
സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക്ക് റോഷനെതിരെ തുറന്നടിച്ച് കങ്കണ റാവത്ത് എത്തിയിരുന്നത്. വികാസ് ബാഹലിനെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു കങ്കണ ഇക്കാര്യം പറഞ്ഞത്. മീ ടു ക്യാമ്പയിന്‍ ബോളിവുഡില്‍ സജീവമായ പശ്ചാത്തലത്തില്‍ ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്തവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ പറയുന്നു. ഹൃത്വിക്ക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്നു നടി പറയുന്നു.

ഹൃത്വിക്കിനൊപ്പം ആരും ജോലി ചെയ്യരുത്
ഹൃതിക്കിനൊപ്പം ആരും ജോലി ചെയ്യാന്‍ തയ്യാറാകരുതെന്നും കങ്കണ അഭിമുഖത്തില്‍ പറഞ്ഞു. വികാസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സത്യമാണ്. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവരെ അപമാനിക്കുന്നവരും ഉപദ്രവിക്കുന്നവരുമാണ് ധാരാളമായി ഉളളത്. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നവരും ശിക്ഷിക്കപ്പെടണം. ഞാന്‍ ഹൃത്വിക്ക് റോഷനെക്കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്.അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.

വികാസ് ബഹലിനെതിരെ പറഞ്ഞത്
ക്വീനിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വികാസ് ബഹലിന്റെ ഭാഗത്തുനിന്നും അസ്വസ്ഥത ഉളളവാക്കുന്ന രീതിയിലുളള പെരുമാറ്റം ഉണ്ടായെന്നായിരന്നു കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എപ്പോള്‍ കണ്ടാലും കെട്ടിപ്പിടിക്കാറുണ്ടായിരുന്നെന്നും കെട്ടിപിടിക്കുന്നതിനിടയില്‍ കഴുത്തില്‍ മുഖം ചേര്‍ത്തു വെയ്ക്കാറുണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

മുടിയുടെ ഗന്ധം ഇഷ്ടം
തന്റെ മുടിയുടെ ഗന്ധം അയാള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. ബലമായിട്ടുളള ഈ കെട്ടിപ്പിടുത്തതില്‍ നിന്ന് ഒഴിവാകാന്‍ താന്‍ പലപ്പോഴും ബലം പ്രയോഗിക്കാറുണ്ടായിരുന്നു. കഴിവതും അയാളെ അകറ്റിനിര്‍ത്താനായിരുന്നു താന്‍ ശ്രമിച്ചതെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെതു പോലെ വികാസ് ബഹലിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു നടിയും നേരത്തെ രംഗത്തുവന്നിരുന്നു. ബോംബൈ വെല്‍വറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗോവയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ആ പരാതി തള്ളി പോകുകയായിരുന്നുവെന്നും താന്‍ പെണ്‍കുട്ടിയെ പിന്തുണച്ചിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.


Click it and Unblock the Notifications